| Saturday, 12th July 2025, 8:16 am

വെസ്റ്റ് ബാങ്കിൽ യു.എസ് പൗരനെ തല്ലിക്കൊന്ന് ഇസ്രഈലി കുടിയേറ്റക്കാർ; നോക്കി നിന്ന് ഇസ്രഈൽ സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രഈലി കുടിയേറ്റക്കാർ ഒരു അമേരിക്കൻ പൗരനെ തല്ലിക്കൊന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട്. റാമല്ലയുടെ വടക്കുള്ള സിൻജിൽ പട്ടണത്തിൽ വെച്ച് സെയ്ഫ് അൽ-ദിൻ കമൽ അബ്ദുൾ കരീം മുസല്ലത്ത് (23) എന്ന ഫലസ്തീൻ-അമേരിക്കൻ യുവാവിനെ കുടിയേറ്റക്കാർ ആക്രമിച്ച് കൊലപ്പെടുത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും അറിയിച്ചു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ പുതിയ നിയമവിരുദ്ധ ഔട്ട്‌പോസ്റ്റിനെതിരെ പ്രകടനം നടത്തിയവർക്കെതിരെ ഇസ്രഈൽ കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തിലാണ് മുസല്ലത്ത് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നിട്ടും  ഇസ്രഈൽ സൈന്യം നടപടിയെടുത്തില്ലെന്ന വിമർശനം ഉയരുന്നുണ്ട്.

ഇസ്രഈൽ-ഫലസ്തീൻ കരാറുകൾ പ്രകാരം കുടിയേറ്റ നിർമ്മാണം നിരോധിച്ചിരിക്കുന്ന ഏരിയ ബി എന്നറിയപ്പെടുന്ന സ്ഥലത്താണ് പ്രസ്തുത ഔട്ട്‌പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഇതിനെതിരെ പ്രതിഷേധം നടത്തിയവർക്ക് നേരെ ഇസ്രഈൽ കുടിയേറ്റക്കാർ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

മുസല്ലത്തിനൊപ്പം മറ്റൊരു ഫലസ്തീൻ യുവാവും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ കുറഞ്ഞത് 10 പേർക്ക് പരിക്കേറ്റു. ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തത് പ്രകാരം കുടിയേറ്റക്കാർ ഒരു പ്രതിഷേധക്കാരനെ കാർ കൊണ്ട് ഇടിച്ചു തെറിപ്പിക്കുകയും ആംബുലൻസിന്റെ ജനാലകൾ തകർക്കുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന ഇസ്രഈൽ സൈന്യം ആരെയും അറസ്റ്റ് ചെയ്തില്ല.

ഫ്ലോറിഡയിലെ ടാമ്പയിൽ നിന്നുള്ള മുസല്ലത്തിനെ ഇസ്രഈലി കുടിയേറ്റക്കാർ മർദിച്ച് കൊലപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ബന്ധുക്കൾ പറഞ്ഞതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അപകടത്തിൽ തങ്ങൾക്ക് കൂടുതൽ പ്രതികരണങ്ങൾ നടത്താനില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.

‘വെസ്റ്റ് ബാങ്കിൽ ഒരു യു.എസ് പൗരന്റെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇരയുടെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും സ്വകാര്യതയെ മാനിച്ചുകൊണ്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ല. സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തുന്നില്ല,’ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു.

സിൻജിൽ പട്ടണത്തിൽ നടന്ന സംഭവത്തെക്കുറിച്ച് തങ്ങൾ അന്വേഷണം നടത്തിവരികയാണെന്ന് ഇസ്രഈൽ സൈന്യം അറിയിച്ചു. സിൻജിലിന് സമീപം ഇസ്രഈലികൾക്ക് നേരെ ചിലർ കല്ലെറിഞ്ഞതായും തുടർന്ന് പ്രദേശത്ത് അക്രമാസക്തമായ ഏറ്റുമുട്ടൽ ഉണ്ടായതായും അവർ ആരോപിച്ചു.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച്, വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങളെ കൈയടക്കുന്നതിനായി ഇസ്രഈൽ ഇവിടെ താമസസൗകര്യങ്ങൾ ഉണ്ടാക്കുകയും ഏകീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മാർച്ചിൽ യു.എൻ മനുഷ്യാവകാശ ഓഫീസ് പറഞ്ഞിരുന്നു. 2023 അവസാനത്തോടെ ഗസയിൽ ഇസ്രഈൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രഈലി കുടിയേറ്റക്കാർ ഫലസ്തീനികൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നുണ്ട്.

ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് , ഇസ്രഈലിന്റെ സൈനിക ആക്രമണം ഗസയിൽ 57,000ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കി. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രഈലിനെതിരെ വംശഹത്യയ്ക്കും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റങ്ങൾക്കും ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു.

സമീപ വർഷങ്ങളിൽ വെസ്റ്റ് ബാങ്കിൽ ഇസ്രഈൽ നിരവധി അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീൻ അമേരിക്കൻ പത്രപ്രവർത്തക ഷിരീൻ അബു അക്ലേ, ഫലസ്തീൻ അമേരിക്കൻ കൗമാരക്കാരനായ ഒമർ മുഹമ്മദ് റാബിയ, തുർക്കി അമേരിക്കൻ ആക്ടിവിസ്റ്റ് ഐസനൂർ എസ്ഗി ഈഗി എന്നിവർ അതിൽ ഉൾപ്പെടുന്നു.

ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രഈൽ നടത്തുന്ന അധിനിവേശം നിയമവിരുദ്ധമാണെന്നും എത്രയും വേഗം അത് പിൻവലിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.

Content Highlight: US aware of reported death of American after beating by Israeli settlers

We use cookies to give you the best possible experience. Learn more