| Saturday, 27th June 2026, 7:14 am

ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ ആക്രമിച്ച് അമേരിക്ക; ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഐ.ആര്‍.ജി.സി

നിഷാന. വി.വി

ടെഹ്‌റാന്‍: ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ ആക്രമണം. ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നും ഹോര്‍മുസിലൂടെ കടന്നുപോയ ചരക്ക് കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചതിന് പിന്നാലെയാണ് ആക്രമണം.

ഇറാന്റെ മിസൈല്‍, ഡ്രോണ്‍ സംഭരണ കേന്ദ്രവും തീരദേശ റഡാര്‍ കേന്ദ്രങ്ങളും തകര്‍ത്തെന്ന് യു.എസ് സൈനിക കമാന്‍ഡ് അറിയിച്ചു.

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്ന് പോവുകയായിരുന്ന ചരക്കുകപ്പലിന് നേരെയുള്ള ഇറാന്‍ ആക്രമണത്തിനുള്ള ശക്തമായ തിരിച്ചടിയാണ് ഈ ആക്രമണമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറയുന്നു.

‘വാണിജ്യ കപ്പലിന് നേരെ ഇറാനിയന്‍ സൈന്യം നടത്തിയ ആക്രമണം വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് വ്യക്തമാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ കടന്നുപോകല്‍ ഏകോപിപ്പിക്കുന്നതിന് യു.എസ് സേന ഇവിടെ തുടരും,’ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സൈന്യത്തെ വിന്യസിക്കുമെന്നും സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഇറാന്‍ സൈന്യം കപ്പലുകള്‍ക്ക് നേരെ നാല് തവണ ഡ്രോണ്‍ ആക്രമണം നടത്തിയെന്നും അവര്‍ ചെയ്തത് വിഢിത്തരമാണെന്നും ട്രംപ് പറഞ്ഞിരുന്നു. പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

ഇറാന്റെ ആക്രമണത്തില്‍ ഒരു ഡ്രോണ്‍ കപ്പലില്‍ പതിക്കുകയും കപ്പലിന് കേടുപാടുകളുണ്ടായതായും മറ്റ് മൂന്ന് ഡ്രോണുകള്‍ തകര്‍ത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞിരുന്നു. സിംഗപ്പൂര്‍ പതാകയുള്ള ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് സൂചന.

എന്നാല്‍ അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും ഇറാനിയന്‍ തിരദേശങ്ങളില്‍ ആക്രമണം നടത്തിയെന്നും ഐ.ആര്‍.ജി.സി പറഞ്ഞു. ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ വ്യാപകവും ശക്തവുമായ പ്രതികരണം നേരിടേണ്ടി വരുമെന്നും ഐ.ആര്‍.ജി.സി മുന്നറിയിപ്പ് നല്‍കി.

Content Highlight: US attacks various Iranian targets; IRGC warns of strong retaliation

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more