ടെഹ്‌റാന്‍: തുടര്‍ച്ചയായ ആറാം ദിവസവും യു.എസ് ഇറാന് നേര്‍ക്ക് ആക്രമണം നടത്തി. വിമാനത്താവളവും റെയില്‍വെ സ്‌റ്റേഷനും വൈദ്യുതി വിതരണ കേന്ദ്രങ്ങളും അടക്കമുള്ള സിവിലിയന്‍ സംവിധാനങ്ങള്‍ക്ക് നേര്‍ക്കും യു.എസ് ആക്രണമുണ്ടായതായി ഇറാന്‍ അറിയിച്ചു.
രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ വിവിധ ഇടങ്ങളില്‍ ആക്രമണങ്ങളുണ്ടായതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ ഏക സിവിലിയന്‍ ആണവോര്‍ജ കേന്ദ്രം സ്ഥിതി ചെയ്യുന്ന ബുഷേര്‍ നഗരത്തില്‍ രണ്ട് തവണ സ്‌ഫോടനമുണ്ടായി. അഹ്‌വാസ് മേഖലയിലും ആക്രമണം നടന്നതായി ഐ.ആര്‍.എന്‍.എ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബന്ദര്‍ അബ്ബാസ് റെയില്‍വേ ജങ്ഷന്‍ സ്റ്റേഷന് നേര്‍ക്ക് യു.എസ് ആക്രമണമുണ്ടായതായി മെഹ്ര്‍ വാര്‍ത്താ ഏജന്‍സി ടെലഗ്രാം ഫീഡില്‍ അറിയിച്ചു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ രണ്ട് പാലങ്ങള്‍ക്ക് നേര്‍ക്കും ആക്രമണമുണ്ടായതായി. ഇതില്‍ രണ്ട് പേര്‍ മരിച്ചതായും നാല് പേര്‍ക്ക് പരിക്കേറ്റതായും ഐ.ആര്‍.എന്‍.എ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
തെക്ക് കിഴക്കന്‍ ഇറാനിലെ ഇറാന്‍ഷഹര്‍ വിമാനത്താവളത്തിന് നേര്‍ക്ക് യു.എസ് ആക്രമണം നടത്തിയതായും ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വിമാനത്താവളത്തില്‍ നാശനഷ്ടങ്ങളുമുണ്ടായി.
തുടര്‍ച്ചയായ ആറാം ദിവസം ഇറാനെതിരെ ആക്രമണത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുകയാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) ഇന്നലെ (ജൂലൈ 16 വ്യാഴം) രാത്രി അറിയിച്ചിരുന്നു. ഇറാനെതിരായ ആക്രമണത്തിന്റെ ഒരു ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഏഴ് മണിക്കൂറിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച മറ്റൊരു പ്രസ്താവനയില്‍ പറഞ്ഞു.
50,000ലധികം യു.എസ് സൈനികരെ പശ്ചിമേഷ്യയില്‍ വിന്യസിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇറാനെതിരെ തുടര്‍ച്ചയായ ആറാമത്തെ ആക്രമണമാണ് പൂര്‍ത്തിയാക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ഇറാനെതിരെ യു.എസ് വലിയ വിജയം നേടുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണൈാള്‍ഡ് ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപ് ഈ കാര്യം പറഞ്ഞത്. ഇറാനുമായുള്ള സംഘര്‍ഷത്തില്‍ യു.എസിന് മേല്‍ക്കൈയുണ്ട്. ആ ജോലിയുടെ ഫലം ഉടന്‍ തന്നെ ലഭിക്കുമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ മാസം 17ന് ഇറാനും യു.എസും ഒപ്പുവച്ച വെടിനിര്‍ത്തല്‍ ധാരണാപത്രം ഫലത്തില്‍ റദ്ദാക്കപ്പെട്ട അവസ്ഥയാണ് ഇപ്പോള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടക്കുന്ന യു.എസ് ആക്രമണങ്ങളില്‍ ആകെ 35 പേര്‍ക്ക് പരിക്കേറ്റതായും 300 പേര്‍ക്ക് പരിക്കേറ്റതായും ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യു.എസ് ആക്രമണത്തെത്തുടര്‍ന്ന് ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ പ്രത്യാക്രമണം നടത്തി. ബഹ്‌റൈനിലെ സാഖിര്‍ എയര്‍ബേസില്‍ യു.എസ് യുദ്ധവിമാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം മിസൈല്‍ ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. അധികൃതര്‍ പുറപ്പെടുവിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ ജനഘങ്ങള്‍ പാലിക്കണമെന്നും കുവൈത്ത് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങിയതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ നിര്‍ദേശിച്ചു.
Content highlight: US Attacks on Iran at Sixth Consecutive Day, Targeted Civilian Infrastructure