ടെഹ്‌റാന്‍: വീണ്ടും ഇറാനെതിരെ ആക്രമണവുമായി അമേരിക്ക. ഇറാനിയന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗാനിലെ നിരവധി സ്ഥലങ്ങളില്‍ യു.എസ് മിസൈലുകള്‍ പതിച്ചതായി ഇറാന്റെ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൗണ്ടിയിലെ ബൊമാനി ദ്വീപീല്‍ ജലസംഭരണിക്ക് നേരെ ആക്രമണം നടത്തിയതായും ഇതോടെ പ്രദേശത്തെ കുടിവെള്ള വിതരണം താത്ക്കാലികമായി നിര്‍ത്തിവെച്ചതായും ഇറാന്‍ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജാസ്‌ക് നഗരത്തിലും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്.
ഒമാന്‍ തീരത്ത് വെച്ച് യു.എസിന്റെ സൈനിക ഹെലിക്‌പോറ്റര്‍ തകര്‍ത്തത് ഇറാനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. പിന്നാലെയാണ് ഇറാനെതിരായ യു.എസ് ആക്രമണം.
പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഇറാനെതിരായ ആക്രമണമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒമാന്‍ തീരത്തുള്ള യു.എസിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ന്നിരുന്നു. എന്നാല്‍ ഇത് തകര്‍ത്തത് ഇറാനാണെന്നും ആക്രമണത്തിനെതിരെ പ്രതികരിക്കുമെന്നും ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കേണ്ടത് വളരെ പ്രധാനമായി താന്‍ കരുതുന്നു എന്നതായിരുന്നു ട്രംപിന്റെ പരാമര്‍ശം. അപകടത്തില്‍പ്പെട്ട പൈലറ്റുമാരെ ഡ്രോണ്‍ ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തിയതായും ട്രംപ് പറഞ്ഞു.
എന്നാല്‍ ട്രംപിന്റെ വാദം ഇറാന്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍ അറിയിച്ചു. എന്നാല്‍ രാജ്യത്തിനെതിരായ ഏതൊരു ആക്രമണവും മറുപടി ലഭിക്കാതെ പോവില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാന്റെ പ്രത്യാക്രമണം ഉണ്ടാവുമെന്നതിനാല്‍ കുവൈറ്റ്, ബഹ്‌റൈന്‍, യു.എ.ഇ, ഖത്തര്‍ എന്നിവടങ്ങളിലെ യു.എസ് താവളങ്ങളില്‍ വന്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായാണ് റിപ്പോര്‍ട്ട്.
Content Highlight: US attacks Iran again; world on edge of war