| Sunday, 12th July 2026, 12:41 pm

ഇറാനിലെ 140 കേന്ദ്രങ്ങള്‍ ആക്രമിച്ച് അമേരിക്ക: ഗള്‍ഫിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം

നിഷാന. വി.വി

ടെഹ്‌റാന്‍: ഇറാനിലെ 140 ഓളം തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളില്‍ യു.എസ് വ്യോമാക്രമണം നടത്തി. ഇതോടെ പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം അതീവ ഗുരുതരമായിരിക്കുകയാണ്. യു.എസ് ആക്രമണത്തിന് പിന്നാലെ ബഹ്റൈന്‍, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.

ഇറാന്റെ മിസൈല്‍-ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, വെടിക്കോപ്പ് സംഭരണശാലകള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ആക്രമണം. ഇനിയൊരു അറിപ്പുണ്ടാവുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞ് കിടക്കുമെന്നും ഒരു കപ്പലിനും കടന്ന് പോവാന്‍ അവകാശമില്ലെന്നും ഇറാന്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് യു.എസ് ആക്രമണം.

അന്താരാഷ്ട്ര കപ്പല്‍ ചാലുകളിലൂടെയുള്ള ചരക്കുനീക്കത്തിന് തടസം നില്‍ക്കുന്ന ഇറാന്റെ ശേഷി തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് യു.എസ് വ്യക്തമാക്കി. ‘ഇറാന്‍ എടുത്തത് തെറ്റായ തീരുമാനമാണ്, അതിനുള്ള വില അവര്‍ ഇപ്പോള്‍ നല്‍കുന്നു,’ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രതികരിച്ചു.

യു.എസ് ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. യുഎസ് നാവികസേനയുടെ അഞ്ചാം ഫ്‌ലീറ്റ് സ്ഥിതി ചെയ്യുന്ന ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളില്‍ പുലര്‍ച്ചെ മിസൈല്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.

തങ്ങള്‍ക്ക് നേരെ വന്ന ഇറാന്റെ മിസൈലുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ത്തതായി ഖത്തര്‍ സൈന്യം അറിയിച്ചു. യു.എ.ഇയിലെ ദുബായ്, അബുദാബി മേഖലകളിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇനിയും ആക്രമണമുണ്ടായാല്‍ മേഖലയിലെ കൂടുതല്‍ സൈനിക താവളങ്ങളെ ലക്ഷ്യമിടുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലിടുക്ക് അടച്ചതോടെ ആഗോളതലത്തില്‍ ഇന്ധന വിതരണം തടസപ്പെടാനും എണ്ണവില വീണ്ടും ഉയരാനും സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Content Highlight: US attacks 140 targets in Iran; Iran launches retaliatory strikes against Gulf nations.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more