ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികരുമായി യാത്ര ചെയ്തിരുന്ന കപ്പലുകള്‍ക്ക് നേര്‍ക്കുള്ള യു.എസിന്റെ ആക്രമണങ്ങളില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യു.എസ് സേറ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ പ്രതിഷേധമറിയിയിച്ചു. ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഫിന്‍ലാന്‍ഡിലെത്തിയ വിദേശകാര്യമന്ത്രി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയെ ഫോണില്‍ വിളിച്ചാണ് പ്രതിഷേധമറിയിച്ചത്.
മൂന്ന് ഇന്ത്യന്‍ നാവികരെ കൊലപ്പെടുത്തിയ യു.എസ് നാവികസേനയുടെ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം റൂബിയോയെ അറിയിച്ചതായി ജയശങ്കര്‍ സമൂഹമാധ്യമമായ എക്‌സില്‍ അറിയിച്ചു. വാണിജ്യ കപ്പലുകള്‍ക്കെതിരായ ഇത്തരം മാരകമായ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ജയസങ്കര്‍ കുറിച്ചു.
‘യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി സംസാരിച്ചു. ഗള്‍ഫില്‍ മൂന്ന് ഇന്ത്യന്‍ നാവികരെ കൊലപ്പെടുത്തിയ യു.എസ് നാവികസേനയുടെ ആക്രമണത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ആവര്‍ത്തിച്ചു. വാണിജ്യ കപ്പലുകള്‍ക്കെതിരായ ഇത്തരം മാരകമായ പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ല,’ എക്‌സ് പോസ്റ്റില്‍ പറയുന്നു.
അതേസമയം ജയശങ്കറിന്റെ പ്രതികരണത്തിന് ശേഷവും ആക്രമണത്തെ ന്യായീകരിക്കുന്ന യു.എസ് നിലപാടാണ് റൂബിയോ ആവര്‍ത്തിച്ചത്. ‘യു.എസ് ഉപരോധം ലംഘിക്കുന്നതും ഹോര്‍മുസ് കടലിടുക്കിലൂടെ അനധികൃതമായി ഇറാനിയന്‍ എണ്ണ കടത്തുന്നതും അംഗീകരിക്കാനാവില്ല,’ എന്ന് ജയശങ്കറിന്റെ പ്രതിഷേധത്തോട് റൂബിയോ പ്രതികരിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
മേഖലയിലെ യു.എസ് ഉപരോധം ശരിയായ നടപടിയാണെന്നും റൂബിയോ വാദിക്കുന്നു. മേഖലയിലെ യു.എസ് സൈന്യം പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ വാണിജ്യ കപ്പലുകള്‍ അനുസരിക്കണമെന്നും റൂബിയോ അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ ഇത്ആദ്യമായാണ് മന്ത്രി തലത്തില്‍ ഈ വിഷയത്തില്‍ യു.എസിനെ പ്രതിഷേധം അറിയിക്കുന്നത്. യു.എസിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഇന്ത്യ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി രണ്ടുതവണ പ്രതിഷേധമറിയിച്ചിരുന്നു. യു.എസ് എംബസി ഡെപ്യൂട്ടി ചീഫ് ജേസണ്‍ മിക്‌സിനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്.
എം.ടി മാട്രിവെക്സ്, എം.ടി സെറ്റബെല്ല എന്നീ കപ്പലുകള്‍ക്ക് നേര്‍ക്ക് ആക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു ആദ്യം യു.എസ് നയതന്ത്രപ്രതിനിധിയെ വിളിച്ചു വരുത്തിയത്. പിന്നീട് എം.ടി ജല്‍വീര്‍ എന്ന കപ്പലിന് നേര്‍ക്ക് കൂടി ആക്രമണമുണ്ടാവുകയും ആക്രമണങ്ങള്‍ നടത്തിയതായി യു.എസ് സമ്മതിക്കുകയും ചെയ്തതിന് ശേഷവും ഇന്ത്യ യു.എസ് നയതന്ത്ര പ്രതിനിധിയെ വിളിച്ച് പ്രതിഷേധമറിയിച്ചു.
യു.എസ് ആക്രമണം സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണമൊന്നും വരാത്തതില്‍ രാജ്യത്ത് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴും വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
നിലവില്‍ ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക് തിരിച്ചിട്ടുണ്ട്. ജി7 ഉച്ചകോടിയില്‍ ഇന്ത്യക്ക് വേണ്ടി മാത്രമല്ല ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്ക് മുഴുവന്‍ വേണ്ടി സംസാരിക്കുമെന്ന് യാത്ര തിരിക്കും മുമ്പുള്ള പ്രസ്താവനയില്‍ മോദി പറഞ്ഞിരുന്നു. എന്നാല്‍ യു.എസ് ആക്രമണത്തെക്കുറിച്ച് മോദിയുടെ പ്രസ്താവനയില്‍ പരാമര്‍ശമൊന്നുമില്ല.
ജി 7 ഉച്ചകോടിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഈ മാസം 16, 17 തിയ്യതികളിലൊന്നില്‍ മോദിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ചക്കും വ്യാഴാഴ്ചക്കും ഇടയില്‍ ഇന്ത്യക്കാരുമായി സഞ്ചരിച്ച മൂന്ന് കപ്പലുകള്‍ക്ക് നേര്‍ക്കായിരുന്നു യു.എസ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച 24 ഇന്ത്യന്‍ നാവികരുമായി സഞ്ചരിച്ചിരുന്ന എം.ടി മാട്രിവെക്സ് എന്ന കപ്പലിന് നേര്‍ക്കാണ് ആദ്യത്തെ യു.എസ് ആക്രമണം. കപ്പലിലെ 24 നാവികരെയും രക്ഷിക്കാന്‍ സാധിച്ചിരുന്നു.
ഇതിന് പിന്നാലെ ബുധനാഴ്ച എം.ടി സെറ്റബെല്ല എന്ന എണ്ണക്കപ്പലും യു.എസ് ആക്രമിച്ചു. 24 ഇന്ത്യന്‍ നാവികരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 21 പേരെ രക്ഷിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ മൂന്ന് പേര്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
സെറ്റബെല്ല കപ്പലിന് നേര്‍ക്കുള്ള ആക്രമണത്തിന് ശേഷം എം.ടി. ജല്‍വീര്‍ എന്ന കപ്പലും യു.എസ് ആക്രമിച്ചു. 20 ഇന്ത്യന്‍ നാവികരായിരുന്നു ഈ കപ്പലിലുണ്ടായിരുന്നത്.
ജല്‍വീര്‍ കപ്പല്‍ ആക്രമണത്തിന് ശേഷം മൂന്ന് ആക്രമണങ്ങളും നടത്തിയത് യു.എസ് തന്നെയാണെന്ന് യു.എസിന്റെ സംയുക്ത സൈനിക കേന്ദ്രമായ സെന്‍ട്രല്‍ കമാന്‍ഡിന്റെ (സെന്റ്കോം) പ്രസ്താവന പുറത്ത് വന്നിരുന്നു. പ്രസ്താവനയില്‍ സെന്റ്കോം ആക്രമണങ്ങളെ ന്യായീകരിക്കുകയും ചെയ്തിരുന്നു.
ഇറാനെതിരായ ഉപരോധം ലംഘിച്ചതിനാണ് മൂന്ന് കപ്പലുകളെയും തങ്ങള്‍ ആക്രമിച്ചതെന്ന് സെന്റ്‌കോമിന്റെ പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു. ഇന്ത്യക്കാരുമായി യാത്ര ചെയ്യവെ ആക്രമിക്കപ്പെട്ട എം.ടി. ജല്‍വീര്‍, എം.ടി മാട്രിവെക്സ്, എം.ടി സെറ്റബെല്ലോ എന്നീ ചരക്കുകപ്പലുകളുടെ പേരെടുത്ത് പറഞ്ഞ് ഈ കപ്പലുകളെ ആക്രമിച്ചതായി പ്രസ്താവനയില്‍ സമ്മതിക്കുന്നുണ്ട്. ഇറാനില്‍ നിന്ന് എണ്ണ കടത്താനായി ശ്രമിക്കവെയാണ് കപ്പലുകള്‍ ആക്രമിച്ചതെന്നും യു.എസ് അവകാശപ്പെട്ടിരുന്നു.
Content Highlight: US Attack against Indian Sea men: S Jaishankar Record Protest to US State Secretary: Rubio Iterates Justification of Attacks