വാഷിങ്ടൺ: ഗഗസയിൽ വെടി നിർത്തലിന് പദ്ധതി പുറത്തുവിട്ട് വൈറ്റ് ഹൗസ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 പോയിന്റുകളുള്ള സമഗ്ര പദ്ധതിയാണ് പുറത്ത് വിട്ടത്. വൈറ്റ് ഹൗസിൽ ട്രംപും ഇസ്രഈൽ പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
ഫലസ്തീനിയൻ ജനതയ്ക്ക് ഉപകരിക്കുന്ന തരത്തിൽ ഗസയെ വികസിപ്പിക്കുമെന്നും ഇരുരാജ്യങ്ങളും ഇത് അംഗീകരിച്ചാൽ ആക്രമണം ഉടൻ അവസാനിക്കുമെന്നും പദ്ധതിയിൽ പറയുന്നു. ബന്ദി മോചനത്തിന് വഴിയൊരുക്കാനുള്ള തീരുമാനങ്ങളുണ്ടായാൽ ഇസ്രഈൽ സേന ഗസയിൽ നിന്ന് പിൻവാങ്ങി എല്ലാ സൈനിക നടപടികളും നിർത്തി വെക്കും.
കരാർ അംഗീകരിക്കുന്നതോടെ 72 മണിക്കൂറിനകം തന്നെ ഗസയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കണം. അതിന് പിന്നാലെ ഇസ്രഈലിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന 250 പേരെയും 2023 ഒക്ടോബർ ഏഴിന് ശേഷം ജയിലിലടക്കപ്പെട്ട 1200 ഗസക്കാരെയും മോചിപ്പിക്കും. ഈ പദ്ധതി അംഗീകരിച്ചാൽ ഹമാസിനോ ഇസ്രഈലിനോ ഇടപാടില്ലാത്ത സർക്കാരിനെ കൊണ്ടുവരുമെന്നും ഭരണം ഒരു രാഷ്ട്രീയരഹിത ഫലസ്‌തീൻ സമിതിക്കായിരിക്കുമെന്നും ഈ പദ്ധതിയിൽ പറയുന്നു.
ഇസ്രഈൽ ഈ പദ്ധതി അംഗീകരിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം ട്രംപും നെതന്യാഹുവും സംയുക്ത വാർത്ത സമ്മേളനം നടത്തിയിരുന്നു. ഇതിലാണ് ഇസ്രഈൽ ഈ പദ്ധതി അംഗീകരിച്ചയായി ട്രംപ് വെളിപ്പെടുത്തിയത്. സമഗ്ര പദ്ധതിയെ ‘സമാധാനത്തിനുള്ള ചരിത്ര ദിനമെന്നാണ്’ ട്രംപ് വിശേഷിപ്പിച്ചത്. സൗദി, ഖത്തർ, ജോർദാൻ, ഈജിപ്‍ത് എന്നീ രാജ്യങ്ങളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.
ഹമാസ് ഈ പദ്ധതി അംഗീകരിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. അംഗീകരിച്ചില്ലെങ്കിൽ ഹമാസിനെ പൂർണമായി ഇല്ലാതാക്കാൻ ഇസ്രഈലിന് പിന്തുണ നൽകുമെന്നും ട്രംപ് ഭീഷണിയുയർത്തി.
വാർത്താസമ്മേളനത്തിൽ ഖത്തറിലെ ദോഹയിലെ ആക്രമണത്തിൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്ഷമ ചോദിച്ചതായും ട്രംപ് വ്യക്തമാക്കി. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അലി താനിയെ ഫോണിൽ വിളിച്ചാണ് നെതന്യാഹു ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ചത്. ട്രംപുമായുള്ള കൂടികാഴ്ചക്കിടെയാണ് ഖത്തർ പ്രധാനമന്ത്രിയെ നെതന്യാഹു ഫോണിൽ വിളിച്ചത്. ഇസ്രഈൽ ഭാവിയിൽ ഇത്തരമൊരു ആക്രമണം നടത്തില്ലെന്ന് പറഞ്ഞതായും വൈറ്റ് ഹൗസ് അറിയിച്ചു.
സെപ്റ്റംബർ ഒമ്പതിനായിരുന്നു ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രഈൽ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രഈല്‍ ആക്രമണം. അഞ്ച് ഹമാസ് അംഗങ്ങളുള്‍പ്പെടെ ആറ് പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Content Highlight: US announced a 20 point plan to end Israel – Palestine conflict