ജെറുസലേം: അമേരിക്കയുടെയും ഇസ്രഈലിന്റെയും സാമ്പത്തിക, രാഷ്ട്രീയ താത്പര്യങ്ങളാണ് ആക്രമണങ്ങൾക്ക് കാരണമെന്ന് ഇസ്രഈൽ പാർലമെന്റിലെ ഇടത് അംഗമായ ഒഫർ കാസിഫ്.
വാർത്ത ഏജൻസിയായ ആർ.ടിക്ക് നൽകിയ അഭിമുഖത്തിലാണ് ഒഫർ കാസിഫിന്റെ പ്രതികരണം.
ഇറാൻ ആണവായുധം നേടുന്നതും, അവരുടെ ബാലിസ്റ്റിക് മിസൈൽ ശേഖരവുമാണോ ആക്രമണങ്ങൾക്ക് കാരണമെന്ന ചോദ്യത്തിന് കഴിഞ്ഞ ജൂണിൽ ഇറാനെതിരായ ആക്രമണത്തിനുശേഷം ‘ഇറാന്റെ ആണവ പദ്ധതിയും, മിസൈൽ ശേഖരവും ഇല്ലാതാക്കി’ എന്നായിരുന്നു ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. എന്നാൽ ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇസ്രഈൽ, അമേരിക്കൻ ഭരണകൂടങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക താൽപ്പര്യങ്ങളാണ് എന്നത് ഇപ്പോൾ വ്യക്തമായി എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
ഇറാനിയൻ ജനതയുടെ ക്ഷേമവുമായി ഈ ആക്രമണത്തിന് യാതൊരു ബന്ധവുമില്ല എന്നും ഇറാനികളുടെ പോരാട്ടത്തിൽ ഞാൻ അവരെ പിന്തുണയ്ക്കുന്നു എന്നും ഒഫർ കാസിഫ് പ്രതികരിച്ചു.
ഇസ്രഈൽ തീവ്ര ഇസ്‌ലാമിനെയാണ് ആക്രമിക്കുന്നത് എന്ന നെതന്യാഹുവിന്റെ വാദത്തെ അദ്ദേഹം എതിർത്തു, ‘ നെതന്യാഹു ഇസ്‌ലാമിനെകുറിച്ചോ, തീവ്ര ഇസ്‌ലാമിനെകുറിച്ചോ ഇറാൻ ഭരണകൂടത്തെ കുറിച്ചോ ബോധവാനല്ല. ഇസ്രഈലി ജനതയെക്കുറിചുപോലും ബോധവാനല്ലാത്ത അദ്ദേഹത്തിന് സ്വന്തം കാര്യം മാത്രമാണ് പ്രധാനം.’ അദ്ദേഹം പറഞ്ഞു.
‘തീവ്ര ഇസ്‌ലാമിൽ നിന്നും ലോകത്തെ രക്ഷിക്കുകയല്ല നെതന്യാഹുവിന്റെ ലക്ഷ്യം, തീർച്ചയായും തീവ്ര ഇസ്‌ലാം പ്രശ്നമാണ് എന്നാൽ ലോകം ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നം തീവ്ര ഇസ്‌ലാമല്ല മറിച്ച് മുതലാളിത്തമാണ്. ആക്രമണങ്ങൾക്കും കാലാവസ്ഥ പ്രതിസന്ധികൾക്കും കാരണം മുതലാളിത്തമാണ്. നാമിന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും അതുതന്നെയാണ്. നിർഭാഗ്യവശാൽ നെതന്യാഹു, ട്രംപ് തുടങ്ങിയ നേതാക്കൾ ആ പ്രശ്‌നത്തെ കൂടുതൽ ഗുരുതരമാക്കുകയാണ്,’ ഇസ്രഈൽ പാർലമെന്റ് അംഗം കൂട്ടിച്ചേർത്തു.
ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന അമേരിക്കയും, ജൂണിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്ന ഇസ്രഈലും ഈ ആക്രമണത്തെ ഒരു തെരഞ്ഞെടുപ്പായുധമായാണ് കാണുന്നതെന്നും ഒഫർ കാസിഫ് നിരീക്ഷിച്ചു.
ഇസ്രഈലിൽ യുദ്ധത്തെ എതിർക്കുന്നവർ കുറവായിരിക്കാം എന്നാൽ ആക്രമണം വികസിക്കുമ്പോൾ, ഇസ്രായേലിലെ കൂടുതൽ ആളുകൾ യുദ്ധത്തിനെതിരെ തങ്ങളോടൊപ്പം ചേരുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
Content Highlight: US and Israeli economic interests behind attacks: Israeli parliament member