| Thursday, 5th March 2026, 7:38 pm

അറബ് രാഷ്ട്രങ്ങളെ യു.എസും ഇസ്രഈലും സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കുന്നു: റഷ്യ

അനിത സി

മോസ്‌കോ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലേക്ക് അറബ് രാഷ്ട്രങ്ങളെ വലിച്ചിഴയ്ക്കുകയാണ് യു.എസും ഇസ്രഈലുമെന്ന് ആരോപിച്ച് റഷ്യ.

ഇറാനെ പ്രകോപിപ്പിച്ച് അറബ് രാഷ്ട്രങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് യു.എസും ഇസ്രഈലുമെന്നും ഇരുകൂട്ടരും വിട്ടുവീഴ്ച ചെയ്യുന്നതിന്റെ ഒരു സൂചനയുമില്ലെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

യു.എസ്, ഇസ്രഈല്‍ ആക്രമണങ്ങളെ അപലപിച്ച റഷ്യ, ഇറാനെതിരെ അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

‘അവര്‍ ചില പ്രതികാര നടപടികളെടുക്കാനായി ഇറാനെ മനപൂര്‍വം പ്രകോപിപ്പിച്ചു. അത് അറബ് രാജ്യങ്ങളിലെ ചില ലക്ഷ്യങ്ങളിലേക്കുള്ള ആക്രമണത്തിന് കാരണമായി. മാനുഷികവും ഭൗതികവുമായ നഷ്ടങ്ങളും ഇതുകാരണമുണ്ടായി. റഷ്യ വിഷയത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു’, റഷ്യ പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനിടെ, ഇറാന്‍ ഇതുവരെ തങ്ങളോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമങ്ങളെ അറിയിച്ചു.

2025ല്‍ റഷ്യയുമായി 20 വര്‍ഷത്തെ തന്ത്രപ്രധാനമായ പങ്കാളിത്ത കരാറില്‍ ഇറാന്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ നിലവില്‍ ഇറാന്‍ ആയുധത്തിന് വേണ്ടിയുള്ള അഭ്യര്‍ത്ഥനകളൊന്നും നടത്തിയിട്ടില്ലെന്നും റഷ്യയുടെ സ്ഥിരമായ നിലപാട് എല്ലാവര്‍ക്കുമറിയാം. അക്കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും പെസ്‌കോവ് പറഞ്ഞു.

ശനിയാഴ്ച യു.എസും ഇസ്രഈലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെ ഇറാന്‍ പശ്ചിമേഷ്യയിലെ യു.എസിന്റെ സൈനിക കേന്ദ്രങ്ങളെയും സംവിധാനങ്ങളെയും ലക്ഷ്യം വെച്ച് തിരിച്ചടിക്കുകയായിരുന്നു.

ഇറാനിലുണ്ടായ വിവിധ ആക്രമണങ്ങളിലായി1230പേര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: US and Israel are dragging Arab nations into conflict: Russia

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more