| Monday, 22nd June 2026, 9:11 am

യു.എസ്-ഇറാന്‍ ചര്‍ച്ച; 60 ദിവസത്തിനകം അന്തിമ കരാറിലെത്താന്‍ മാര്‍ഗരേഖയുണ്ടാക്കും

സിജൊ

ബര്‍ഗെന്‍സ്റ്റോക്ക്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ഇറാന്‍ – യു.എസ് സമാധാന ചര്‍ച്ചകളുടെ ആദ്യ ഘട്ടം അവസാനിച്ചു. ചര്‍ച്ച പുരോഗമനപരമായിരുന്നെന്ന് മധ്യസ്ഥത വഹിച്ച പാകിസ്ഥാനും ഖത്തറും അറിയിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറില്‍ 60 ദിവസത്തിനകം എത്തിച്ചേരുന്നതിനുള്ള മാര്‍ഗരേഖയില്‍ ഇരു പക്ഷവും ധാരണയിലെത്തിയതായും പാകിസ്ഥാന്റെയും ഖത്തറിന്റെയും പ്രതിനിധികള്‍ അറിയിച്ചു.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബര്‍ഗെന്‍സ്റ്റോക്കിലായിരുന്നു ഇറാന്‍ – യു.എസ് ചര്‍ച്ച. യു.എസിനും ഇറാനും പുറമെ മധ്യസ്ഥരായ ഖത്തറിന്റെയും പാകിസ്ഥാന്റെയും പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. താത്ക്കാലികമായി യുദ്ധം നിര്‍ത്തിവയ്ക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ ഇറാനും യു.എസും കഴിഞ്ഞ വാരം ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടിയെന്ന നിലയിലാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ചര്‍ച്ച.

ആദ്യ ഘട്ട ചര്‍ച്ച കഴിഞ്ഞെങ്കിലും സാങ്കേതിക ചര്‍ച്ചകള്‍ ഈ ആഴ്ച തുടരുമെന്ന് പാകിസ്ഥാനും ഖത്തറും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ലെബനനിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളിലും ഇറാനും യു.എസും ധാരണയിലെത്തി. ഹോര്‍മൂസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാനുള്ള ആശയ വിനിമയ സംവിധാനത്തിന്റെ കാര്യത്തിലും ചര്‍ച്ചയില്‍ ധാരണയിലെത്തിയതായി പ്രസ്താവനയില്‍ പറയുന്നു.

ചര്‍ച്ചകളില്‍ പുരോഗതിയുള്ളതായി യു.എസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. എന്നാല്‍ യു.എസുമായുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.

എണ്ണയുടെയും പെട്രോകെമിക്കല്‍ ഉത്പന്നങ്ങളുടെയും കയറ്റുമതിക്ക് ഇറാന് ഇളവുകള്‍ ലഭിച്ചെന്നും അരഗാച്ചി സമൂഹ മാധ്യമത്തില്‍ അറിയിച്ചു. മരവിപ്പിച്ച ചില സ്വത്തുക്കള്‍ വിട്ടുകിട്ടുന്നതിനും ധാരണയായി. ലെബനനിലെ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥത വഴി വലിയ പുരോഗതിയുണ്ടായെന്നും അരാഗ്ചി പറഞ്ഞു.

ഈ മാസം 19നാണ് ഇറാന്‍-യു.എസ് ധാരണാ പത്രം ഇരു പക്ഷവും അംഗീകരിച്ചത്. ലെബനനില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ അടക്കം എല്ലാ പോര്‍മുഖങ്ങളിലെയും സൈനിക നടപടികള്‍ അവസാനിപ്പിക്കണം എന്നതായിരുന്നു ധാരണാ പത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥ. ഇതിന് പുറമെ ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലെ തടസം നീക്കി കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കണമെന്നതടക്കമുള്ള വ്യവസ്ഥകളും ധാരണാ പത്രത്തിലുണ്ട്.

ധാരണാ പത്രം ഡിജിറ്റലി ഒപ്പ് വച്ചതിന് പിറകെ ഹോര്‍മുസ് തുറന്നുകൊടുത്തിരുന്നു. എന്നാല്‍ ലെബനനില്‍ ഇസ്രഈല്‍ ആക്രമണങ്ങള്‍ അവസാനിച്ചിരുന്നില്ല. പിന്നീട് ഇറാന്റെ സഹായത്തോടെ യു.എസിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്രഈലും ലബനനിലെ ഹിസ്ബുല്ലയും വെടിനിര്‍ത്തല്‍ കരാരില്‍ ധാരണയിലെത്തി. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടും ലെബനനില്‍ ഇസ്രഈല്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. ഇതോടെ തുറന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടക്കുകയും ചെയ്തിരുന്നു. ഹോര്‍മുസ് ഇറാന്‍ വീണ്ടും അടച്ചതിന് പിന്നാലെയാണ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ചര്‍ച്ചകള്‍ ആരംഭിച്ചത്.

ഇന്നലെ ഇറാനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് പിറകെ സമാധാന ചര്‍ച്ചകളിലെ പുരോഗതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ലെബനനിലെ ഹിസ്ബുല്ലയെ പിന്തുണക്കുന്നതിനാല്‍ ഇറാനെ ആക്രമിക്കുമെന്നായിരുന്നു ട്രംപ് ഇന്നലെ പറഞ്ഞത്. ഇത്തരം വാചകമടികള്‍ നടത്തുമ്പോള്‍ യു.എസ് കുറച്ച് ശ്രദ്ധ പുലര്‍ത്തണമെന്ന് ഇറാന്റെ മുതിര്‍ന്ന ചര്‍ച്ചാ പ്രതിനിധി മുഹമ്മദ് ബാഘര്‍ ഘാലിബാഫിന്റെ പ്രതികരണവും പിന്നീട് പുറത്തു വന്നിരുന്നു.

Content Highlight: US and Iran conclude high-level talks in Switzerland- Says mediators

  
സിജൊ

Latest Stories

We use cookies to give you the best possible experience. Learn more