ലണ്ടന്: യു.എസ്-ചൈന വ്യാപാരയുദ്ധത്തില് താത്ക്കാലിക ആശ്വാസം. ഇരുരാജ്യങ്ങളുടേയും പ്രതിനിധികള് നടത്തിയ ചര്ച്ചയില് 90 ദിവസത്തേക്ക് താരിഫുകള് മരവിപ്പിക്കാനും ശേഷം താരിഫുകള് കുറയ്ക്കാനും തീരുമാനമായതായി റോയിട്ടേഴ്‌സ് റിപ്പോര്ട്ട് ചെയ്തു.
സ്വിറ്റ്‌സര്‍ഡിലെ ജനീവയില്‍ വെച്ച് ചൈനീസ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചര്‍ച്ചകള്‍ പ്രകാരം ചൈനീസ് ഉത്പ്പന്നങ്ങള്ക്കുള്ള അമേരിക്കന്‍ തീരുവ 145%ത്തില്‍ നിന്ന് 30% ആയും ചൈനയിലുള്ള യു.എസ് ഇറക്കുമതിക്ക് 125%ത്തില്‍ നിന്ന് 10% ആയി കുറയ്ക്കുമെന്നാണ് പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.
കൂടാതെ ജനീവയില്‍ നടന്ന യോഗത്തില്‍ ഫെന്റനൈലിനെക്കുറിച്ചും വിശദമായി ചര്‍ച്ചകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യു.എസിന്റെ ഫെന്റനൈല്‍ പ്രതിസന്ധിയുടെ വ്യാപ്തി ചൈനക്കാര്‍ക്ക് മനസിലായെന്നാണ് ചര്‍ച്ചയ്ക്ക് പിന്നാലെ യു.എസ് പ്രതിനിധി മാധ്യമങ്ങളോട് പറഞത്.
കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് ലോകരാജ്യങ്ങള്‍ക്ക് പരസ്പര താരിഫ് ചുമത്തിയതിന് ശേഷം അമേരിക്കയും ചൈനയും തമ്മില്‍ നടന്ന ആദ്യ ഉന്നതതല ചര്‍ച്ചയാണിത്. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട പ്രതിനിധികള്‍ ഇരുരാജ്യത്തിനും പൊതുവായ ചില താത്പര്യങ്ങള്‍ ഉണ്ടെന്നും ഇരുകക്ഷികള്‍ക്കും പരസ്പരമുള്ള ബന്ധം അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും അഭിപ്രായപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ഇരുരാജ്യത്തിന്റേയും ഓഹരി വിപണികളില്‍ ചാഞ്ചാട്ടം ഉണ്ടായിട്ടുണ്ട്. ചൈനീസ് വൈസ് പ്രീമിയര്‍ ഹേ ലൈഫങ്, യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, യു.എസിന്റെ വ്യാപാര പ്രതിനിധി ജെമീസണ്‍ ഗ്രീര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ചര്‍ച്ചകള്‍ നടക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് ചൈനയ്ക്ക് ചുമത്തിയ താരിഫ് 145%ത്തില്‍ നിന്ന് 80% ആയി കുറയ്ക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചിരുന്നു.
അതിനും കുറച്ച് ദിവസം മുമ്പാണ് അമേരിക്കയിലെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വൈറ്റ് ഹൗസ് 145% തീരുവ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള തീരുവ ചൈനീസ് ഭരണകൂടവും വര്‍ധിപ്പിച്ചിരുന്നു. 84% നിന്ന് 125% ആയാണ് അമേരിക്കന്‍ ഉത്പന്നങ്ങളുടെ തീരുവ ചൈന വര്‍ധിപ്പിച്ചത്.
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനസമയത്ത് 34% താരിഫ് ആയിരുന്നു ട്രംപ് ചൈനയ്ക്ക് ചുമത്തിയിരുന്നത്. എന്നാല്‍ അതിന്റെ കൂടെ മുമ്പ് രണ്ട് തവണയായി പ്രഖ്യാപിച്ച 10% കൂടി കൂട്ടി 54% ആയി ഉയര്‍ത്തി. പിന്നീട് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള താരിഫ് ചൈന വര്‍ധിപ്പിച്ചതോടെ പ്രകോപിതനായ ട്രംപ് വീണ്ടും 50% താരിഫ് കൂട്ടി അത് 104% ആക്കി ഉയര്‍ത്തി.
തുടര്‍ന്ന് ചൈനയും അവരുടെ താരിഫ് വര്‍ധിപ്പിച്ച് 84% ആക്കി. ഇതില്‍ പ്രകോപിതനായ ട്രംപ് ചൈനയ്ക്കുള്ള താരിഫ് 125 ആക്കിയെങ്കിലും വൈറ്റ് ഹൗസ് അത് 145% ആക്കി ഉയര്‍ത്തി. ഇതിന് മറുപടി ആയാണ് ചൈന യു.എസ് ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം 125% ആയി വര്‍ധിപ്പിച്ചത്.
Content Highlight: US and China reach agreement to temporarily suspend tariffs for 90 days; also decide to sharply reduce tariffs