ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പരസ്പരം രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് യു.എസ് അംബാസഡര്‍ മൈക്ക് വാള്‍ട്സും ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രഗസ് പരിയ്യയും. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അനധികൃതമായി സ്വത്ത് സമാഹരിക്കുന്നു എന്ന് വാള്‍ട്സിന്റെ ആരോപണത്തിനിടെയാണ് വാക്കുതര്‍ക്കം നടന്നത്.
ക്യൂബന്‍ ഭരണകൂടം സ്വന്തം പൗരന്മാരെ നിര്‍ബന്ധിത തൊഴിലിന് വിധേയരാക്കി തടങ്കല്‍പ്പാളയങ്ങളിലേക്ക് അയച്ച് ലാഭം കൊയ്യുകയാണ് എന്നായിരുന്നു വാള്‍ട്സിന്റെ ആരോപണം. കൂടാതെ കണ്ടുകെട്ടിയ വ്യാപാരസ്ഥാപനങ്ങള്‍, കൃഷിയിടങ്ങള്‍, ഫാക്ടറികള്‍, വീടുകള്‍, തലമുറകളായി കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച ക്യൂബക്കാരുടെ സമ്പാദ്യം എന്നിവ ഉപയോഗിച്ച് ഭരണനേതാക്കള്‍ സ്വന്തം കീശ നിറയ്ക്കുകയാണെന്നും വാള്‍ട്സ് പറഞ്ഞു.
വാള്‍ട്സ് സംസാരിക്കുന്നതിനിടെ ക്യൂബന്‍ പ്രതിനിധിസംഘം എതിര്‍പ്പ് പ്രകടിപ്പിച്ച് ഇരിപ്പിടങ്ങള്ക്കടുത്തുള്ള മേശയില്‍ തട്ടിക്കൊണ്ടിരുന്നു. ഇതിനിടെ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പരിയ്യ പ്രസംഗപീഠത്തിലേക്ക് പാഞ്ഞെത്തി വാള്‍ട്സ് കള്ളം പറയുകയാണെന്ന് ആരോപിച്ചു. ഇതോടെ അമേരിക്കന്‍ പ്രതിനിധി ‘പിന്നോട്ട് മാറൂ!’ എന്ന് ആക്രോശിച്ചു.
കഠിനമായ സത്യങ്ങള്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലെന്നും ഇഷ്ടമുള്ളത്ര വന്ന് ഭീഷണിപ്പെടുത്തിക്കോളൂ എന്നും വാള്‍ട്സ് പ്രതിനിധികളോട് പറഞ്ഞു. യു.എസില്‍ വന്ന് ആദ്ദേഹം എന്നെ ഭീഷണിപ്പെടുത്തില്ലെന്നും രാഷ്ട്രീയത്തടവുകാരെ ഭീഷണിപ്പെടുത്തുന്നത് പോലെ തന്നെയും ഭീഷണിപ്പെടുത്താനാവില്ലെന്നും വാള്‍ട്സ് കൂട്ടിച്ചേര്‍ത്തു.
ക്യൂബയ്ക്കെതിരായ യു.എസ് ഉപരോധങ്ങളെ അപലപിക്കുന്ന പ്രമേയത്തിനെതിരെ വോട്ട് ചെയ്യണമെന്ന് യുഎന്‍ പ്രതിനിധികളോട് വാള്‍ട്സ് ആവശ്യപ്പെടുന്നതിനിടെയാണ് ഈ പരാമര്‍ശങ്ങള്‍ ഉണ്ടായത്.
‘നിങ്ങളെല്ലാവരും ഗൗരവമായി പരിശോധിക്കണമെന്ന ആവശ്യപ്പെടുന്ന നുണ ഇതാണ്, ഉപരോധമെന്നൊന്നില്ല. ഒരു ദ്വീപിനെ ചുറ്റിപ്പറ്റി സൈനിക കപ്പലുകള്‍ വിന്യസിക്കുന്നതാണ് നാവിക ഉപരോധം. അങ്ങനെ ഒന്ന് നിലവിലില്ല,’ വാള്‍ട്സ് പറഞ്ഞു.
ക്യൂബയ്ക്കെതിരായ അമേരിക്കയുടെ ദീര്‍ഘകാല വ്യാപാര ഉപരോധം കാരണം 2025ല്‍ രാജ്യത്തിന് 8.1 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായെന്ന് വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
അമേരിക്ക എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ക്യൂബയില്‍ എണ്ണയും വൈദ്യുതിയും കുറഞ്ഞു. ഇതുമൂലം രാജ്യത്ത് ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തില്‍ മാറ്റം വരുത്താനും സാമ്പത്തിക, മനുഷ്യാവകാശ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതിനുമാണ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ഉപരോധങ്ങളും ഊര്‍ജ ഉപരോധവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ പറഞ്ഞിരുന്നു.
ഇറാനുമായുള്ള സംഘര്‍ഷം പരിഹരിച്ചുകഴിഞ്ഞാല്‍ ക്യൂബയുമായി ബന്ധപ്പെട്ട തന്റെ ആശങ്കകള്‍ പരിഹരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ക്യൂബയില്‍ യു.എസ് കൂടുതല്‍ ഇടപെടല്‍ നടത്തുമെന്ന് പറഞ്ഞിരുന്നു.
Content Highlight: US Ambassador for UN gets in shouting match with Cuban delegate at UN.