ടെല്‍ അവീവ്: ഇസ്രഈലിനുള്ള അമേരിക്കയുടെ വാര്‍ഷിക സൈനിക സഹായം ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തലാക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി ഇസ്രഈലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി.
ഈ വര്‍ഷം അവസാനത്തോടെ സഹായം നിര്‍ത്തലാക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്ന് ചൊവ്വാഴ്ച ടെല്‍ അവീവില്‍ നടന്ന ഒരു സമ്മേളനത്തില്‍ മൈക്ക് ഹക്കബി പറഞ്ഞു. 2019മുതല്‍ 2028 വരെയുള്ള പത്തുവര്‍ഷത്തെ കരാര്‍ പ്രകാരം അമേരിക്ക നിലവില്‍ ഇസ്രഈലിന് പ്രതിവര്‍ഷം 3.8 ബില്യണ്‍ ഡോളറാണ് സൈനിക സഹായമായി നല്‍കുന്നത്. ഇതില്‍ 3.3 ബില്യണ്‍ ഡോളര്‍ വിദേശ സൈനിക സഹായവും 500 ദശലക്ഷം ഡോളര്‍ മിസൈല്‍ പ്രതിരോധ പദ്ധതികള്‍ക്കുമായാണ് നല്‍കിവരുന്നത്.
ഈ ഫണ്ട് യു.എസ് കോണ്‍ഗ്രസ് അനുവദിച്ചതായതിനാല്‍, കോണ്‍ഗ്രസിന്റെ പ്രത്യേക ഇടപെടലില്ലാതെ ഇത് പെട്ടെന്ന് നിര്‍ത്തലാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹംപറഞ്ഞു.
ഇസ്രഈലിന് നല്കുന്ന സഹായത്തെക്കുറിച്ച് പല അമേരിക്കക്കാര്‍ക്കും വലിയ തെറ്റിദ്ധാരണയുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. ഈ 3.8 ബില്യണ്‍ ഡോളറും അമേരിക്കന്‍ നിര്‍മിത ആയുധങ്ങളും സോഫ്റ്റ്വെയറുകള് വാങ്ങാനാണ് ഇസ്രഈല്‍ ഉപയോഗിക്കുന്നതെന്നും അതിനാല്‍ ഈ പണം അമേരിക്കയിലെ തൊഴിലവസരങ്ങള്‍ക്കും സമ്പദ്വ്യവസ്ഥയ്ക്കും തന്നെയാണ് ഗുണം ചെയ്യുന്നതെന്നും ബക്കബി അവകാശപ്പെട്ടു.
ഇസ്രഈലില്‍ നിന്നുള്ള നിര്‍ണായകമായ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിക്കുന്നത് വഴി ഓരോ ദിവസവും നിരവധി അമേരിക്കക്കാരുടെ ജീവന് രക്ഷിക്കാന്‍ സാധിക്കുന്നുണ്ടെന്നും അംബാസഡര്‍ വാദിച്ചു. അമേരിക്കന്‍ സഹായത്തിന്റെ പേരില്‍ ഇസ്രഈല്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെന്ന് ഇസ്രഈലി ഉദ്യോഗസ്ഥര്‍ക്കും തിരിച്ചറിവുണ്ടെന്നും ഹക്കബി അഭിമുഖത്തില്‍ സൂചിപ്പിച്ചു
നവംബര്‍ മൂന്നിന് നടന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് ദിവസം ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് സഹായം നിര്‍ത്തലാക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഇസ്രഈലിന് ഇനി അമേരിക്കയുടെ സാമ്പത്തിക സഹായം ആവശ്യമില്ലാത്തതിനാല്‍ അടുത്ത വര്‍ഷം മുതല്‍ വാര്‍ഷിക സൈനിക സഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി മാസങ്ങള്‍ക്ക് മുമ്പേ ധാരണയായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ വാദം.
അതേസമയം, സൗജന്യ സാമ്പത്തിക സഹായം നിര്‍ത്തലാക്കിയാലും ഇസ്രഈലിനുള്ള ആയുധ വില്‍പ്പനയും മറ്റ് സൈനിക സഹകരണങ്ങളും തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്രഈലിന് ആവശ്യമുള്ള ആയുധങ്ങള്‍ അമേരിക്കയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും പണം നല്കി വാങ്ങാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍, നിലവിലുള്ള ദീര്‍ഘകാല കരാര്‍ നിലനില്‍ക്കെ ട്രംപിന്റെ പ്രഖ്യാപനം ഉടന്‍ നടപ്പിലാകുമോ എന്ന കാര്യത്തില്‍ അംബാസഡറുടെ പുതിയ പ്രസ്താവനയോടെ വീണ്ടും അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്.
Content Highlight: US Ambassador dismisses Trump’s announcement to halt military aid to Israel