വാഷിങ്ടൺ: ചൈനയിലെ ഏറ്റവും വലിയ ചിപ്പ് നിർമാണ കമ്പനിയായ എസ്.എം.ഐ.സി ഇറാൻ സൈന്യത്തിന് ചിപ്പ് നിർമാണ ഉപകരണങ്ങൾ അയച്ചുകൊടുത്തതായി അമേരിക്ക.
ട്രംപ് ഭരണകൂടത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥരാണ് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്.
യു.എസും ഇസ്രഈലും ഇറാനെതിരെ ഒരു മാസമായി തുടരുന്ന ആക്രമണത്തിൽ ചൈനയുടെ നിലപാടിനെക്കുറിച്ച് ഇത് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എസ് ഗവൺമെന്റ് കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള കമ്പനിയാണ് എസ്.എം.ഐ.സി.
ഏകദേശം ഒരു വർഷം മുമ്പ് തന്നെ കമ്പനി ഇറാനിലേക്ക് ഈ ഉപകരണങ്ങൾ അയച്ചുതുടങ്ങിയെന്നും, അതിപ്പോഴും തുടരുന്നുണ്ടെന്നും അമേരിക്കൻ ഉദ്യോഗസ്ഥരിൽ ഒരാൾ വ്യക്തമാക്കി.
എസ്.എം.ഐ.സിയുടെ സെമികണ്ടക്ടർ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പരിശീലനം ഈ സഹകരണത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥരുടെ വ്യക്തിത്വം മറച്ചുവയ്ക്കണം എന്ന നിബന്ധനയിലാണ് ഈ വിവരണങ്ങളെല്ലാം പുറത്തുപറഞ്ഞതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയിലെ ചൈനീസ് എംബസി ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.
എന്നാൽ ഇറാനുമായി സാധാരണ വാണിജ്യ ബന്ധം മാത്രമാണുള്ളതെന്നാണ് ചൈനയുടെ വിശദീകരണം. അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഈ കമ്പനിക്ക് ഭരണകൂടവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ചൈന തള്ളി.
ചൈന ഇതുവരെയും പശ്ചിമേഷ്യൻ സംഘർഷത്തിൽ പക്ഷം ചേർന്നിട്ടില്ല. പക്ഷെ എത്രയും വേഗം രാജ്യങ്ങൾ സമാധാന ചർച്ചകളിലേർപ്പെടണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.
ഫെബ്രുവരി 28-ന് യു.എസും ഇസ്രഈലും ചേർന്ന് ആരംഭിച്ച യുദ്ധത്തിൽ ഇറാന്റെ തിരിച്ചടികൾക്കായി ഈ ചിപ്പ് നിർമ്മാണ ഉപകരണങ്ങൾ എന്തെങ്കിലും പങ്ക് വഹിച്ചിട്ടുണ്ടോ എന്നത് നിലവിൽ വ്യക്തമല്ല.
യുദ്ധം ഇതിനോടകം തന്നെ അന്താരാഷ്ട്ര വിപണിയെ ഉലയ്ക്കുകയും എണ്ണവില കുതിച്ചുയരുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.
Content Highlight: US accuses China’s leading chipmakers of helping Iran’s military