| Thursday, 23rd July 2026, 3:37 pm

കരിമണി മാല കാണിച്ചിട്ട് ഇത് ഓർമയുണ്ടോ എന്ന് ഒരു സ്ത്രീ ചോദിച്ചു: തലയണമന്ത്രത്തിലെ കാഞ്ചനയെക്കുറിച്ച് ഉർവശി

നന്ദന. ടി

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച  കുടുംബചിത്രങ്ങളിലൊന്നായിരുന്നു 1990-ൽ സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന തലയണമന്ത്രം. നടി ഉർവശിയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ചിത്രത്തിലെ കാഞ്ചന. ഇന്നും സോഷ്യൽ മീഡിയയിലടക്കം ആ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ തലയണമന്ത്രം സിനിമയെക്കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവെക്കുകയാണ് നടി ഉർവശി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഉർവശി.photo.screen grab/youtube

‘തലയണമന്ത്രം സിനിമയുടെ കഥ കേട്ടത് എന്റെ അങ്കിളായിരുന്നു. അങ്ങനെ അങ്കിൾ വീട്ടിൽ വന്നിട്ട് പറഞ്ഞു, നെഗറ്റീവ് ആണെന്ന് തോന്നാം, പക്ഷെ ഗംഭീര കഥാപാത്രമാണ്. ഒരു ആർട്ടിസ്റ്റ് നിർബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണത്. ഒരു നായികയ്ക്കും സാധാരണയായി കിട്ടാൻ സാധ്യതയില്ലാത്ത തരത്തിലുള്ള കഥാപാത്രമാണെന്നും. അല്പം കുശുമ്പും അസൂയയുമൊക്കെയുള്ള ഒരു കഥാപാത്രമാണെന്നും പറഞ്ഞു.

അങ്ങനെ തിരുവനന്തപുരത്ത് ഷൂട്ടിംഗ് ലൊക്കേഷനിലെത്തി. ആദ്യത്തെ സീൻ ഫിലോമിന ആന്റി അകത്തുനിന്ന് സംസാരിക്കുമ്പോൾ എനിക്ക് ആരെയും തൃപ്തിപ്പെടുത്തേണ്ട കാര്യമില്ല എന്ന് പറഞ്ഞ് ഞാൻ പാത്രം കഴുകി ആ വെള്ളം പുറത്തേക്ക് ഒഴിക്കുന്നതായിരുന്നു. ആ സീൻ ചെയ്തപ്പോൾ ഒരു വില്ലത്തിയുടെ ഭാവമൊക്കെ ഇട്ടാണ് ഞാൻ ചെയ്തത്.

അപ്പോൾ തന്നെ സംവിധായകൻ എന്നോട് പറഞ്ഞു; ഉർവശി ഇത് വില്ലത്തി കഥാപാത്രമല്ല, വിദ്യാഭ്യാസം കുറഞ്ഞ ഒരു പച്ചയായ നാട്ടിൻപുറത്തുകാരിയാണ്. അതുകൊണ്ട് ഉർവശിയുടെ സാധാരണ മാനറിസങ്ങളോടെ ചെയ്തോളൂ എന്ന്. അത് കേട്ടപ്പോൾ തന്നെ ഞാൻ ആ ഭാരം അങ്ങ് ഇറങ്ങിവെച്ചു. അന്നത്തെ സംവിധായകരൊക്കെ അധ്യാപകരെപ്പോലെയായിരുന്നു. കാര്യങ്ങൾ കൃത്യമായി പറഞ്ഞുതരും, ഒരുപക്ഷെ എന്റെ കഴിവിനെക്കുറിച്ച് എന്നേക്കാൾ കൂടുതൽ തിരിച്ചറിവ് അവർക്കായിരിക്കുമുണ്ടാകുക.

ഈ അടുത്ത് കൊല്ലത്തു വെച്ച് ഒരു സ്ത്രീ എന്നോട് ഒരു കരിമണി മാല കാണിച്ചിട്ട് ഇത് ഓർമ്മയുണ്ടോ എന്ന് ചോദിച്ചു. ഇത് ഞാൻ വാങ്ങിച്ചു തന്നതാണോ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു, തലയണമന്ത്രം സിനിമ കണ്ടിട്ട് അന്ന് കുറെ ആഗ്രഹിച്ച് വാങ്ങിച്ചതാണ് എന്നെങ്കിലും ഉർവശിയെ ഇതൊന്ന് കാണിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു ഇപ്പോൾ സന്തോഷമായി എന്ന് . അപ്പോൾ നമ്മൾ ചെയ്ത കഥാപാത്രങ്ങളെ ആളുകൾ ഇന്നും ഓർത്തിരിക്കുന്നു എന്നത് ഒരു നടിയെന്ന രീതിയിൽ വലിയ സന്തോഷം തരുന്ന ഒന്നാണ് ,’ ഉർവശി പറഞ്ഞു.

തലയണമന്ത്രം.photo.screen grab/youtube

Content Highlight: Urvasi talks about here character kanjana from Thalayanamanthram movie

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more