മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ജോഡികളായ ജയറാമും ഉർവശിയും നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുകയാണ്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘പരിമളം ആൻഡ് കോ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഈ തിരിച്ചുവരവ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, നടി പാർവതിയുടെ സിനിമയിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് ഉർവശിയും ജയറാമും പങ്കുവെച്ച രസകരമായ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മലയാള സിനിമയിൽ തിളങ്ങി നിന്ന നടിമാരുടെ തിരിച്ചുവരവുകൾ പ്രേക്ഷകർ എപ്പോഴും ആഘോഷമാക്കിയിട്ടുണ്ട്. മഞ്ജു വാര്യരുടെ 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള വരവും നവ്യ നായർ, തുടങ്ങിയവരുടെ തിരിച്ചുവരവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ പ്രേക്ഷകർ ഇന്നും ഏറെ ആഗ്രഹിക്കുന്ന രണ്ട് തിരിച്ചുവരവുകൾ സംയുക്ത വർമ്മയുടേതും പാർവതിയുടേതുമാണ്.
പാർവതി ജയറാം.Photo:Indian Express
എന്നാൽ താൻ ഇനി സിനിമയിലേക്കില്ലെന്ന് പാർവതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സിനിമ വേണ്ടെന്നത് പാർവതിയുടെ സ്വന്തം തീരുമാനമായിരുന്നുവെന്നാണ് ഇതേക്കുറിച്ച് ഭർത്താവ് കൂടിയായ ജയറാം പറയുന്നത്. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് പാർവതി അഭിനയത്തോട് വിടപറഞ്ഞത്.
ജയറാമിന് പിന്നാലെ ഉർവശിയും പാർവതിയുമായുള്ള പഴയ ഓർമ്മകൾ പങ്കുവെച്ചു. പാർവതിയോടൊപ്പം ഒട്ടനവധി സിനിമകളിൽ താൻ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്ന് ഉർവശി ഓർത്തെടുത്തു.
‘അഭിനയിക്കുന്ന കാലത്ത് തന്നെ പാർവതിക്ക് സിനിമയോട് വലിയ താത്പര്യമില്ലായിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം തിളങ്ങി നിന്നിട്ടും, വിവാഹം കഴിഞ്ഞാൽ പിന്നെ അഭിനയിക്കില്ല എന്ന് പാർവതി മുൻകൂട്ടി തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ജയറാമേട്ടൻ പറഞ്ഞിട്ടാണ് പാർവതി അഭിനയം നിർത്തിയത് എന്ന് പറയുന്നത് തെറ്റാണ്. ചിലപ്പോൾ ആവശ്യമായി വന്നാൽ ജയറാമേട്ടനോട് അഭിനയം നിർത്താൻ പാർവതി ആവശ്യപ്പെട്ടേക്കാം, അത്രയ്ക്ക് താല്പര്യക്കുറവായിരുന്നു അവർക്ക് സിനിമയോട്.’ഉർവശി പറയുന്നു.
പാർവതി ജയറാം.Photo:Mathrubhumi
എന്നാൽ സിനിമയിലേക്ക് വരാൻ ഒരുപാട് കഷ്ടപ്പെടുകയും ആഗ്രഹിച്ച് ഈ നിലയിൽ എത്തുകയും ചെയ്ത ജയറാം സിനിമ അത്ര പെട്ടെന്ന് ഉപേക്ഷിക്കില്ലെന്നും ഉർവശി തമാശയോടെ കൂട്ടിച്ചേർത്തു. പഴയകാലത്തെ പ്രണയത്തെക്കുറിച്ചും പാർവതിയുടെ തീരുമാനങ്ങളെക്കുറിച്ചുമുള്ള താരങ്ങളുടെ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
6 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും 3 തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും സ്വന്തമാക്കിയ നടിയാണ് ഉർവശി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി എഴുന്നൂറോളം ചിത്രങ്ങളിൽ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു. ‘പരിമളം ആൻഡ് കോ’ എന്ന ചിത്രത്തിലൂടെ ജയറാം,ഉർവശി കൂട്ടുകെട്ട് ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികൾ.
Content Highlight: Urvashi talks about why actress Parvathy stopped acting