മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് പ്രേക്ഷകര്‍ സംശയമേതുമില്ലാതെ പറയുന്ന പേരാണ് ഉര്‍വശിയുടേയത്. 1979ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഉര്‍വശി തന്റെ പതിമൂന്നാം വയസില്‍ തന്നെ നായിക നടിയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. പിന്നീട് സഹനടിയായും ഹാസ്യതാരമായും ഒട്ടനവധി റോളുകളിലാണ് ഉര്‍വശി തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. 2024ല്‍ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ഉര്‍വശി സ്വന്തമാക്കിയിരുന്നു.
ഉര്‍വിശിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പുതുമുഖ സംവിധായകനായ സനല്‍ സഫര്‍ സംവിധാനം ചെയ്യുന്ന ആശ. ജോജു ജോര്‍ജ്, രമേശ് ഗിരിജ, സഫര്‍ സനല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഉര്‍വശി, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 11ന് തിയേറ്ററുകളിലെത്തും.
ഉര്‍വശി. Photo: X.com
ചിത്രവുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മലയാള സിനിമയുടെ പഴയ കാല അവസ്ഥയെ കുറിച്ചും മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് എങ്ങനെയാണ് സിനിമാ മേഖലയില്‍ മാറ്റം കൊണ്ടുവന്നത് എന്നതിനെ കുറിച്ചും ഉര്‍വശി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘മമ്മൂട്ടി മോഹന്‍ലാല്‍ കാലത്തിന് മുമ്പ് എന്റെ കുട്ടിക്കാലത്തെല്ലാം വന്ന ചിത്രങ്ങള്‍ വലിയ ‘എ’ ഇട്ട ചിത്രങ്ങളായിരുന്നു. ഇവിടെ നല്ല രീതിയില്‍ എടുക്കുന്ന ഐ.വി ശശിയുടെയും ഭരതന്റെയും അടക്കം ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ എത്തുമ്പോഴേക്കും മറ്റ് കുറച്ച് സീനുകള്‍ കൂടി ഷൂട്ട് ചെയ്ത് ചേര്‍ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. മലയാള സിനിമ എന്ന് മറ്റുള്ളവരുടെ മുന്നില്‍ പറയുമ്പോള്‍ തന്നെ കോമഡിയായിരുന്നു.
Photo: Pinterest
വിവേകെല്ലാം ഇത്തരത്തില്‍ മലയാള സിനിമയെ ബന്ധപ്പെടുത്തി കോമഡി പറയാറുണ്ട്. അവരെ കാണാന്‍ മലയാള സിനിമ കാണുന്ന പോലെയുണ്ട് എന്നെല്ലാമുള്ള ദ്വയാര്‍ത്ഥ തമാശകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും വന്നതിന് ശേഷമാണ്, പ്രത്യേകിച്ച് മമ്മൂക്കയുടെ ചിത്രങ്ങളിലൂടെയാണ് ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വന്നത്,’ ഉര്‍വശി പറഞ്ഞു.
Content Highlight: Urvashi talks about the change Mammootty and Mohanlal brought to Malayalam Cinema