| Wednesday, 27th August 2025, 10:05 am

ഞാൻ മനസിലുറപ്പിച്ചു, എനിക്ക് കുശുമ്പുണ്ട്, പാർവതിയോടും ജയറാമിനോടും എല്ലാവരോടും കുശുമ്പുണ്ട്: ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തലയണമന്ത്രം എന്ന സിനിമയിൽ അഭിനയിച്ചതിന്റെ കുറിച്ച് സംസാരിക്കുകയാണ് ഉർവശി. താൻ അവതരിപ്പിച്ച കഥാപാത്രം അക്ഷരാർത്ഥത്തിൽ തന്റെ അമ്മായി ആണെന്ന് ഉർവശി പറയുന്നു.

‘തലയണമന്ത്രം എന്ന സിനിമയിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രം അക്ഷരാർഥത്തിൽ എന്റെയൊരു അമ്മായിയാണ്. അവരിപ്പോഴും ജീവിച്ചിരിപ്പുണ്ട്. ആ സിനിമയുടെ കഥ കേട്ടത് എന്റെ അങ്കിളായിരുന്നു. ആ സമയത്ത് സിനിമയുടെ കഥകളൊന്നും കേൾക്കുന്നത് ഞാനല്ല. എനിക്ക് അതിനുള്ള പ്രായമായിട്ടില്ല. ഞാൻ പല പല ലൊക്കേഷനുകളിലായിരിക്കും. അങ്ങനെ സത്യേട്ടൻ്റെ അടുത്ത് ചെന്ന് കഥകേട്ട് അങ്കിളെന്നെ വിളിച്ചു, ‘മോളേ നല്ല റോളാണ് കേട്ടോ, നീ അഭിനയിക്കണം’ എന്ന് പറഞ്ഞു,’ ഉർവശി പറയുന്നു.

താൻ മദ്രാസിൽ നിന്ന് തിരുവനന്തപുരത്ത് വന്നിറങ്ങിയപ്പോൾ തന്നെ സംവിധായകൻ സത്യൻ അന്തിക്കാട് തന്റെ അടുത്ത് കഥ പറഞ്ഞുതന്നു. അത് കേട്ടപ്പോൾ തനിക്ക് പഴയ സിനിമകളിലെ ഗോഷ്ടികൾ കാണിച്ച് പോകുന്ന വില്ലത്തികളെ പോലെ ചെയ്‌താൽ മതിയാകുമെന്നാണ് തോന്നിയതെന്നും അവർ കൂട്ടിച്ചേർത്തു.

‘സത്യേട്ടൻ പറഞ്ഞു, ‘അതൊന്നും വേണ്ട. നാച്വറലായി ചെയ്താൽ മതി കുശുമ്പും കുന്നായ്മയും നിനക്കുണ്ട് എന്ന് ഉള്ളിൽ ചിന്തിച്ചോളൂ’ എന്ന്. അങ്ങനെ ഞാൻ എനിക്ക് കുശുമ്പുണ്ട്, പാർവതിയോടും ജയറാമിനോടും എല്ലാവരോടും കുശുമ്പുണ്ട് എന്ന് മനസിലുറപ്പിച്ചു. ഓർക്കണം, അന്ന് ഞാനും ജയറാമും വിജയിച്ച താരജോഡിയായിട്ട് നിൽക്കുന്ന സമയമാണ്. ഇതിലാണെങ്കിൽ ജയറാമിന്റെ ചേട്ടത്തിയമ്മ ആയിട്ടാണ് അഭിനയിക്കേണ്ടത്. പക്ഷേ, അന്നൊന്നും അഭിനേതാക്കൾക്കിടയിൽ ഈഗോയില്ല,’ ഉർവശി പറഞ്ഞു.

ആ സിനിമയിൽ അഭിനയിക്കുമ്പോൾ താനും പാർവതിയും സംവിധായകൻ പറഞ്ഞ കഥാപാത്രങ്ങൾ ചെയ്തുവെന്ന് മാത്രമേ ഉള്ളുവെന്നും തങ്ങൾക്ക് രണ്ടുപേർക്കും സിനിമയെ കുറിച്ച് കൂടുതൽ അറിയില്ലെന്നും നടി പറയുന്നു. ഷൂട്ടിങ് ഇടവേളകളിൽ വർത്തമാനം പറയാനും സന്തോഷത്തോടെ ഇരിക്കാനുമാണ് എല്ലാവരും ശ്രദ്ധിക്കാറുള്ളതെന്നും ഉർവശി കൂട്ടിച്ചേർത്തു.

തലയണമന്ത്രം

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് തലയണമന്ത്രം. ഉർവശി, ശ്രീനിവാസൻ, ജയറാം, പാർവതി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 1990ലാണ് പ്രദർശനത്തിനെത്തിയത്. കാഞ്ചന എന്ന കഥാപാത്രമായാണ് ഉർവശി തലയണമന്ത്രത്തിൽ അഭിനയിച്ചത്.

Content Highlight: Urvashi Talks About Thalayana Manthram Movie

We use cookies to give you the best possible experience. Learn more