| Wednesday, 20th May 2026, 12:35 pm

'ഇന്ദ്രൻസ് എന്ന നടൻ ഈ കാലഘട്ടത്തിൽ ഇല്ലായിരുന്നെങ്കിൽ തിരിച്ചറിയപ്പെടാതെ പോയേനെ':ഉർവശി

കെ.എസ് ഷാബിന

മലയാള സിനിമ കുടുംബ പ്രേക്ഷകരുടെ ഇഷ്ടജോഡികളായ ജയറാമും ഉർവശിയും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. തമിഴിൽ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘പരിമളം ആൻഡ് കോ’ എന്ന ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് കോമ്പോയുടെ തിരിച്ചുവരവ്. ഒരു കോമഡി ക്രൈം ത്രില്ലർ ഴോണറിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ തമാശ നിറഞ്ഞ ടൈറ്റിൽ ടീസർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ‘ഗലാട്ട പ്ലസ്’ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഉർവശി പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിന്റെ അഭിനയ പ്രതിഭയെയും അദ്ദേഹത്തിന്റെ മാറ്റത്തെ കുറിച്ചും താരം സംസാരിക്കുന്നു.

ഇന്ദ്രൻസ്,ഉർവശി.Photo:OTT Play

ഒരുപാട് അഭിനേതാക്കളുടെ പ്രതിച്ഛായ തന്നെ മാറ്റിയെഴുതിയ കാലഘട്ടമാണിതെന്നും, ഇന്ദ്രൻസ് എന്ന നടൻ ഈ കാലഘട്ടത്തിൽ ഇല്ലായിരുന്നെങ്കിൽ, ഇത്രയും ഗൗരവമുള്ള കഥാപാത്രങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ സാധിക്കുമെന്ന് ആരും തിരിച്ചറിയാതെ പോയേനെ എന്നും ഉർവശി പറയുന്നു.

പഴയകാല സംവിധായകർ ഇന്ദ്രൻസിനെ ഒരേ രീതിയിലുള്ള തമാശ വേഷങ്ങൾക്കോ മണ്ടൻ കഥാപാത്രങ്ങൾക്കോ വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും, ജയറാമിന്റെ കൂടെപ്പോലും അത്തരം വേഷങ്ങളിലാണ് അദ്ദേഹം കൂടുതൽ പ്രത്യക്ഷപ്പെട്ടിരുന്നതെന്നും ഉർവശി ഓർത്തെടുത്തു. എന്നാൽ ഇന്നത്തെ തലമുറയിലെ സംവിധായകർ ആ പഴയ വാർപ്പ് മാതൃകകളെല്ലാം പൊളിച്ചെഴുതി പുതിയ ആശയങ്ങളും വ്യത്യസ്തമായ കഥാപാത്രങ്ങളും അഭിനേതാക്കൾക്ക് നൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മാറുന്ന സിനിമയും മാറുന്ന കഥാപാത്രങ്ങളും അഭിനേതാക്കൾക്ക് നൽകുന്ന പുതിയ തലങ്ങളെ കുറിച്ചാണ് ഉർവശി കൃത്യമായി പറഞ്ഞു വെക്കുന്നത്. പഴയകാല പ്രകടനങ്ങളെ ബഹുമാനിച്ചുകൊണ്ട് തന്നെ, പുതുതലമുറ സിനിമകളുടെ മാറ്റങ്ങളെയും ഇന്ദ്രൻസിനെപ്പോലെയുള്ള പ്രതിഭകളുടെ യഥാർത്ഥ മൂല്യത്തെയും താരം അടയാളപ്പെടുത്തുന്നു.

പരിമളം ആൻഡ് കോ.Photo:JustWatch

2018 ൽ ‘ആളൊരുക്കം’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകൻ വി.സി അഭിലാഷ് എന്ന ഇന്ദ്രൻസിലെ മറ്റൊരു നടനെ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. അന്നുവരെ മലയാളികൾ കണ്ടുശീലിച്ച കോമഡി വേഷങ്ങളിൽ നിന്ന് മാറി, ശക്തവും വൈകാരികവുമായ പ്രകടനത്തിലൂടെ ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ മികവ് നാം കണ്ടു. ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു.

6 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും 3 തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും സ്വന്തമാക്കിയ നടിയാണ് ഉർവശി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി എഴുന്നൂറോളം ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇന്ദ്രൻസിനെ കുറിച്ചുള്ള ഉർവശിയുടെ ഈ വാക്കുകൾ മലയാള സിനിമയിൽ ഇന്ദ്രൻസ് എന്ന നടന്റെ സ്ഥാനം വ്യക്തമാക്കുന്നതാണ്. ‘പരിമളം ആൻഡ് കോ’ എന്ന ചിത്രത്തിലൂടെ ജയറാം-ഉർവശി കൂട്ടുകെട്ട് ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികൾ.

Content Highlight: Urvashi talks about  talent of the Actor Indrans

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more