| Thursday, 2nd October 2025, 11:52 am

അമ്മ കഥാപാത്രം ചെയ്യാന്‍ പറ്റുന്നതുകൊണ്ടത് എന്നിലേക്കെത്തി; ഞാന്‍ അത് നിരസിക്കേണ്ടതില്ല: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ നടിയാണ് ഉര്‍വശി. മലയാളം, തമിഴ് തെലുങ്ക് ഭാഷകളിലായി എഴുന്നൂറോളം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.  ഉള്ളൊഴുക്കിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നടി ഏറ്റുവാങ്ങിയിരുന്നു. അമ്മ വേഷങ്ങളിലൂടെ തിളങ്ങിയ നടി കൂടിയാണ് ഉര്‍വശി.

മമ്മി ആന്‍ഡ് മീ എന്ന ചിത്രത്തില്‍ പ്രായം ചെന്ന ഒരു പെണ്‍കുട്ടിയുടെ അമ്മ കഥാപാത്രമായി നടിമാരെ സമീപിച്ചെങ്കിലും ആരും അത് ചെയ്യാന്‍ തയ്യാറായില്ലെന്നും ഉര്‍വശിയാണ് അത് ചെയ്തതെന്നും സംവിധായകന്‍ ജീത്തു ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ ഉര്‍വശി.

‘പതിമൂന്നാമത്തെ വയസില്‍ ആണല്ലോ ഞാന്‍ വിവാഹം കഴിഞ്ഞ ഭാഗ്യരാജ് എന്ന നടന്റെ കൂടെ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുന്നത്. അതെനിക്ക് പറ്റുമെങ്കില്‍ ഇതും പറ്റുമല്ലോ. അമ്മ കഥാപാത്രം എനിക്ക് ചെയ്യാന്‍ പറ്റും എന്നുള്ളതുകൊണ്ടല്ലേ അത് എന്നെത്തേടിയെത്തിയത്. ഇനി ഞാന്‍ എന്തുകൊണ്ട് അത് നിരസിക്കണം.

പിന്നെ പ്രായത്തിനേക്കാള്‍ വലിയ കഥാപാത്രങ്ങളാണ് തുടരെ കിട്ടുന്നതെങ്കില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അച്ചുവിന്റെ അമ്മയ്ക്ക് ശേഷം എനിക്ക് സമാനരീതിയിലുള്ള കഥാപാത്രങ്ങള്‍ ഒരുപാട് തേടിയെത്തിയിരുന്നു. അതില്‍ നിന്ന് ഞാന്‍ പതുക്കെ ബ്രേക്ക് എടുത്തപ്പോഴാണ് മറ്റുകഥാപാത്രങ്ങള്‍ കൂടി ചെയ്യാനായത്,’ ഉര്‍വശി പറയുന്നു.

പഴയ സിനിമകള്‍ നിലവാരം മെച്ചപ്പെടുത്തി തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യുന്നതിനെ കുറിച്ചും ഉര്‍വശി സംസാരിച്ചു. മുന്നേ റിലീസായ സിനിമകള്‍ക്ക് വര്‍ഷങ്ങള്‍ക്കുശേഷവും സ്വീകാര്യത കിട്ടുന്നത് നല്ലതാണെന്ന് നടി പറയുന്നു. പക്ഷേ അതിനുവേണ്ടി ഒരുപാട് പൈസ ചെലവഴിക്കണമോയെന്ന് നിര്‍മാതാക്കള്‍ ആലോചിക്കേണ്ടതാണെന്നും റി റിലീസ് ചെയ്ത എല്ലാ സിനിമകളും സെലിബ്രേറ്റ് ചെയ്യപ്പെടുന്നില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

Content highlight: Urvashi talks about playing  mother roles in  movies

We use cookies to give you the best possible experience. Learn more