| Wednesday, 4th March 2026, 9:37 pm

കോമഡി ചെയ്യാന്‍ കഴിവുള്ള കുട്ടിയാണ് മീനാക്ഷി; പ്രേമലുവിലെ പാട്ട് ഇപ്പോഴും ഓര്‍ക്കുന്നു: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

40 വര്‍ഷത്തിലധികമായി ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഉര്‍വശി. അന്യഭാഷകളിലും ശ്രദ്ധേയയായ ഉര്‍വശി കോമഡി ഉള്‍പ്പടയെുള്ള ഴോണറുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തില്‍ ഉര്‍വശി നടി മീനാക്ഷിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്.

കോമഡി ചെയ്യാന്‍ പറ്റുന്ന ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടെങ്കില്‍ അത്തരം കഥകള്‍ എഴുതാന്‍ പറ്റുമെന്നും മീനാക്ഷി സിനിമയില്‍ വളര്‍ന്ന് വരാന്‍ സാധ്യതയുള്ള നടിയാണെന്നും ഉര്‍വശി പറയുന്നു.

‘പ്രേമലുവില്‍ മീനാക്ഷി ‘പാല്‍ മണക്ക്ത്..പഴം മണക്ക്ത്’ എന്നൊരു പാട്ട് പാടുന്നുണ്ട്. അത് കേള്‍ക്കുമ്പോള്‍ നമുക്ക് ചിരിവരും. കോമഡി ചെയ്യാന്‍ അങ്ങനെയുള്ള ആര്‍ട്ടിസ്റ്റുകള്‍ വേണം. മീനാക്ഷിയൊക്കെ അത്തരത്തില്‍ വളര്‍ന്നുവരാന്‍ സാധ്യതയുള്ള ആര്‍ട്ടിസ്റ്റാണ്.

ഒരു പ്രോഗ്രാമില്‍ അതുപോലെ കൈ കൊട്ടികൊണ്ട് ഒരു മാപ്പിളപ്പാട്ട് എന്തോ പാടുന്നുണ്ട്. നിര്‍ത്താതെ കുറെ നേരം പാടുന്നുണ്ട്, അതൊക്കെ കേട്ടിരിക്കാന്‍ രസമാണ്. അത്തരത്തില്‍ കോമഡിയില്‍ തിളങ്ങാന്‍ സാധ്യതയുള്ള കുട്ടിയാണ് മീനാക്ഷി. അത്യാവശ്യം സീനുകളൊക്കെ കൊടുത്താല്‍ അവര്‍ക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റും,’ ഉര്‍വശി പറയുന്നു.

അത്തരം ആര്‍ട്ടിസ്റ്റുകളുണ്ടെങ്കില്‍ അങ്ങനെയുള്ള കഥയെഴുതാന്‍ ആളുകളുണ്ടാകുമെന്നും കോമഡി ചെയ്യാന്‍ കഴിവുള്ള ആര്‍ട്ടിസ്റ്റ് പ്രധാനമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത നായിക നായകന്‍ എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മീനാക്ഷി രവീന്ദ്രന്‍. അവതാരികയായും ടെലിവിഷന്‍ ഷോകളില്‍ തിളങ്ങിയ താരം ലാല്‍ ജോസ് സംവിധാനം ചെയ്ത തട്ടും പുറത്തെ അച്യുതന്‍ എന്ന സിനിമയിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് ഫഹദ് നായകനായ മാലിക് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

Content Highlight:  Urvashi  talks about Meenakshi Raveendran

We use cookies to give you the best possible experience. Learn more