| Saturday, 13th December 2025, 10:58 pm

മോഹന്‍ലാല്‍ ഓര്‍ മമ്മൂട്ടി? മോഹൂട്ടി; ഒരു തൂണ്‍ കൊണ്ട് മാത്രം ഒന്നും നില്‍ക്കില്ല: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം പ്രഖ്യാപിച്ച ദേശീയ പുരസ്‌കാരത്തില്‍ ഉള്ളൊഴുക്ക് എന്ന മലയാള ചിത്രത്തിലൂടെ രണ്ടാം തവണയും മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ താരമാണ് ഉര്‍വശി. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായി പ്രേക്ഷകര്‍ കണക്കാക്കുന്ന താരം മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെ ആണോ കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശിയുടെ പ്രതികരണം.

ഉര്‍വശി. Photo: screen grab/ ranjini haridas/ youtube.com

‘ആ ചോദ്യത്തിന് ഉത്തരം മോഹൂട്ടി എന്നാണ്. എന്താണെന്നറിയുമോ റെയില്‍പാളത്തിന്റെ രണ്ടു റെയിലുകളില്ലേ, അതു പോലെയാണ് അവര്‍ രണ്ടു പേരും. ഒരു തൂണ്‍ കൊണ്ട് മാത്രം ഒന്നും നില്‍ക്കില്ല. ഏറ്റവും കുറഞ്ഞത് രണ്ട് തൂണെങ്കിലും വേണം. രണ്ട് പേരും അവരുടെതായ രീതിയില്‍ വ്യത്യസ്തമാണ്. സിനിമയില്‍ ഭാഷ കൈകാര്യം ചെയ്യുന്നതിലും സ്ലാങുകള്‍ കൈകാര്യം ചെയ്യുന്നതിലും മമ്മൂക്കയാണ് ബെറ്റര്‍.

വേഷപ്പകര്‍ച്ചയും അദ്ദേഹത്തിന് നല്ല രീതിയില്‍ കെകാര്യം ചെയ്യാന്‍ കഴിയും. ഒരേ സമയം ഒരു ഭിക്ഷക്കാരനായിട്ടും മഹാനായ ഒരു രാജാവായിട്ടും വേഷമിടാന്‍ മമ്മൂക്കക്കും ജഗതി ശ്രീകുമാറിനും പറ്റും. പക്ഷേ മോഹന്‍ലാലിന് അത് സാധിക്കില്ല. കാരണം മോഹന്‍ലാല്‍ ഒരു വഴിയരികിലിരുന്ന് അമ്മേ വല്ലതും തായേ എന്ന് പറഞ്ഞാല്‍ നല്ല കൊഴുത്ത് തടിച്ച് ഇരിക്കുവല്ലേ, വല്ല പണിക്കും പോയി തിന്നെടാ എന്ന് പറയും.

മമ്മൂട്ടിയും മോഹന്‍ലാലും. Photo:

ആരും വിശ്വസിക്കില്ല, നല്ലോണം തിന്നിട്ട് വന്ന് ഇരിക്കുകയാണെന്നെ വിചാരിക്കുകയുള്ളൂ. സഹതാപം ഒന്നും ക്രിയേറ്റ് ചെയ്യാന്‍ പറ്റില്ല, ചബ്ബി ആയിട്ടുള്ള കോമഡി എല്ലാം ചെയ്യാന്‍ പറ്റും. പക്ഷേ ബ്രില്ല്യന്റ് ആക്ടറാണ് അദ്ദേഹം,’ ഉര്‍വശി പറയുന്നു.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സ്ലാങ് മനോഹരമായി മമ്മൂട്ടി കൈകാര്യം ചെയ്യുമെന്നും അതദ്ദേഹത്തിന്റെ പ്ലസ് ആണെന്നും അത് എല്ലാവര്‍ക്കും സാധിക്കില്ലെന്നും താരം പറഞ്ഞു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കില്‍ പാര്‍വ്വതി തിരുവോത്തും ഉര്‍വശിയും പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് 54ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഉര്‍വശി മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിരുന്നു.1977 ല്‍ പുറത്തിറങ്ങിയ വിടരുന്ന മൊട്ടുകളാണ് ഉര്‍വശിയുടെ ആദ്യ ചിത്രം.

Content Highlight: urvashi talks about mammootty and mohanlal

We use cookies to give you the best possible experience. Learn more