| Tuesday, 26th August 2025, 12:54 pm

അവന് മീശ വരാൻ പിന്നെയും കൊല്ലങ്ങളെടുത്തു, അപ്പോഴേക്കും ഞാനെന്റെ അച്ഛൻ്റെ പ്രായമുള്ള ആളുകളുടെ നായികയായി: ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ അനുഗ്രഹീതയായ അഭിനേത്രിയാണ് ഉർവ്വശി. തെന്നിന്ത്യയിൽ തന്നെ ഉർവ്വശിക്ക് പകരക്കാരുണ്ടാകില്ല എന്ന് വേണം പറയാൻ. ആറ് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇവർ നേടിയിട്ടുണ്ട്. 1984ൽ മമ്മൂട്ടി നായകനായി അഭിനയിച്ച എതിർപ്പുകൾ ആണ് ഉർവശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവശി. 1983ൽ മുന്താണൈ മുടിച്ച് എന്ന തമിഴ് സിനിമയിലൂടെയാണ് അവർ അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്.

മുന്താണൈ മുടിച്ച് എന്ന തന്റെ ആദ്യ ചിത്രത്തിന്റെ ഓർമകൾ പങ്കുവെക്കുകയാണ് ഉർവശി. ആ സിനിമയുടെ ലൊക്കേഷനിൽ ഫ്രോക്കിട്ടുകൊണ്ടാണ് താൻ പോയതെന്ന് ഉർവശി പറയുന്നു. ഒട്ടും പക്വത ഇല്ലായിരുന്നുവെന്നും ഷൂട്ടിങ് കഴിഞ്ഞ് വന്നാൽ വെള്ള പെറ്റിക്കോട്ട് ഇട്ടാണ് ഹോട്ടലിലൊക്കെ ഓടിക്കളിക്കുന്നതെന്നും ഉർവശി പറഞ്ഞു.

‘അന്നൊന്നും ഒരുപാട് ഡ്രസ്സുകളില്ലല്ലോ. മുന്താണി മുടിച്ച് കഴിഞ്ഞ് ഞാൻ സ്റ്റാറായിട്ട് കാറിലൊക്കെ പോയത് ഓർമയുണ്ട്. അന്ന് നിർമാതാവ് എനിക്കയച്ചത് ഒരു പ്ലിമത്ത് കാറാണ്. നീണ്ട ഒരു വണ്ടി. അതിനകത്ത് ഞാനും പരിവാരങ്ങളും കയറിപ്പോവുമ്പോൾ റോഡരികിലൂടെ എന്റെ അനിയൻ മൂക്കിളയൊലിപ്പിച്ചുകൊണ്ട് ടയറും ഉരുട്ടിക്കളിച്ച് പോവുന്നത് കാണാം.

ഇത് യാരമ്മാ എന്ന് കൂടെയുള്ളവർ ചോദിക്കും. എൻ തമ്പി എന്ന് പറഞ്ഞാൽ, നിങ്ങൾക്ക് തമ്മിൽ എത്ര പ്രായവ്യത്യാസമുണ്ട് എന്നതാവും അടുത്ത ചോദ്യം. എന്നെക്കാൾ ഒന്നരവയസിന് ഇളയതാണവൻ. അവനന്ന് വള്ളിനിക്കറും ഇട്ടോണ്ട് പോവുമ്പോൾ ഞാൻ ഹാഫ്‌ സാരിയൊക്കെയിട്ട വലിയ പെണ്ണാണ്. അവന് മീശ വരാൻ പിന്നെയും മൂന്നാല് കൊല്ലമെടുത്തു. അപ്പോഴേക്കും ഞാനെന്റെ അച്ഛൻ്റെ പ്രായമുള്ള ആളുകളുടെ നായികയായിക്കഴിഞ്ഞിരുന്നു,’ ഉർവശി പറയുന്നു.

Content Highlight: Urvashi Talks About Her First Film Munthanai Mudichu

We use cookies to give you the best possible experience. Learn more