| Tuesday, 3rd March 2026, 3:30 pm

വാ കൊണ്ടൊക്കെ വണ്ടി ഓടിക്കും; തലയണമന്ത്രത്തില്‍ ശ്രീനിവാസനൊപ്പം അഭിനയിച്ച അനുഭവം ഓര്‍ത്തെടുത്ത് ഉര്‍വശി

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സൂപ്പര്‍സ്റ്റാറുകള്‍ എന്ന് വിളിക്കുന്നത് പോലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് സംശയമേതുമില്ലാതെ വിളിക്കാന്‍ സാധിക്കുന്ന അഭിനേത്രിയാണ് ഉര്‍വശി. തന്റെ എട്ടാം വയസ്സില്‍ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച താരം 1984 ല്‍ മമ്മൂട്ടി നായകനായ എതിര്‍പ്പുകളിലൂടെ നായികയായും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തി.

ഉര്‍വശി. Photo: Dool News

മലയാളത്തിലെ മുന്‍നിര നടന്മാര്‍ക്കൊപ്പമെല്ലാം തന്നെ വേഷമിട്ട താരം, അതുല്ല്യ കലാകാരന്‍ ശ്രീനിവാസനൊപ്പം നായികയായെത്തിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഒരഭിമുഖത്തിനിടയില്‍ മോഹന്‍ലാലാണോ മമ്മൂട്ടിയാണോ ഏറ്റവും ഇഷ്ടപ്പെട്ട സഹതാരം എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ ശ്രീനിവാസന്‍ എന്ന് ഉര്‍വശി മറുപടി പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തലയണമന്ത്രം എന്ന ചിത്രത്തില്‍ ശ്രീനിവാസനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1990 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തലയണ മന്ത്രം. ശ്രീനിവാസനും ഉര്‍വശിക്കും പുറമെ ജയറാം, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ തലയണ മന്ത്രം പ്രേക്ഷകരെ ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ്. ശ്രീനിവാസനൊപ്പം അഭിനയിക്കുമ്പോള്‍ ചിരി കാരണം ഒരുപാട് റീടേക്ക് പോയിട്ടുണ്ടെന്ന് ഉര്‍വ്വശി ഓര്‍ത്തെടുക്കുന്നു.

‘ശ്രീനിയേട്ടന്‍ മുഖത്തോട്ട് സൂക്ഷിച്ച് നോക്കുമ്പോള്‍ എനിക്ക് ചിരി വരും. എന്നിട്ട് നമ്മളോട് പറയും വെറുതെ ആവശ്യമില്ലാതെ ചിരിച്ചിട്ട് എന്നെ കുറ്റം പറയരുതെന്ന്. നമ്മളൊക്കെ ആത്മാര്‍ത്ഥതയോടെ അടിവയറ്റില്‍ നിന്നും ഡയലോഗ് പറയുമ്പോള്‍ ശ്രീനിയേട്ടന്‍ താടിയുടെ ഭാഗത്ത് നിന്നുമാണ് സംസാരിക്കുക. ചായ വേണോ ചേട്ടാ, വേണ്ടി വന്നേക്കും എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ചിരി വരും. അത് പോലെ ഒന്നാണ് വാ കൊണ്ട് വണ്ടി ഓടിക്കുന്നത്. വണ്ടി വളക്കുന്നതിന് അനുസരിച്ച് വായും മുഖവുമെല്ലാം തിരിക്കും, ‘ ഉര്‍വശി പറയുന്നു.

പൊന്മുട്ടയിടുന്ന താറാവ്. Photo: Kairali TV

പൊന്മുട്ടയിടുന്ന താറാവ്, തലയണ മന്ത്രം, മൈ ഡിയര്‍ മുത്തച്ഛന്‍, മിഥുനം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. എം. മോഹനന്‍ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ പ്രധാനവേഷത്തിലെത്തിയ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസനും ഉര്‍വശിയും അഭിനയിച്ചിരുന്നു.

Content Highlight: Urvashi talks about her experience of acting with sreenivasan

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more