| Saturday, 5th September 2026, 3:32 pm

ശ്രീനിയേട്ടനും എനിക്കും സത്യേട്ടനുമൊക്കെ പരിചയമുള്ള ഒരാളിൽ നിന്നാണ് കാഞ്ചന എന്ന കഥാപാത്രമുണ്ടായത്: ഉർവശി

നന്ദന. ടി

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കുടുംബചിത്രങ്ങളിലൊന്നായിരുന്നു 1990-ൽ സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തലയണമന്ത്രം. നടി ഉർവശിക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത, അവരുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിലെ കാഞ്ചന. ഇന്നും സോഷ്യൽ മീഡിയയിലടക്കം ആ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി.

തലയണമന്ത്രം എന്ന സിനിമയിൽ താൻ അവതരിപ്പിച്ച കാഞ്ചന എന്ന കഥാപാത്രം, സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായിരുന്ന ശ്രീനിവാസനും സംവിധായകൻ സത്യൻ അന്തിക്കാടിനും തനിക്കുമെല്ലാം പരിചയമുള്ള ഒരു സ്ത്രീയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തുറന്നു പറയുകയാണ് ഉർവശി.

ഉർവശി. Photo. Screen grab/ Youtube

‘ഒരു സിനിമയുടെ തിരക്കഥ എഴുതാൻ ശ്രീനിയേട്ടൻ ഇരിക്കുമ്പോൾ എനിക്ക് എപ്പോഴും തോന്നാറുണ്ട്, ശ്രീനിയേട്ടൻ അതിലൂടെ എന്തായിരിക്കും കൊണ്ടുവരാൻ ശ്രമിക്കുന്നത് എന്ന്. കാരണം പുള്ളി എഴുതിയ സിനിമകളിലെ പല സ്ത്രീകഥാപാത്രങ്ങളും കണ്ടു പരിചയിച്ചവരിൽ നിന്ന് എഴുതിയവയാണ്.

തലയണമന്ത്രത്തിലെ കാഞ്ചനയും ഞങ്ങൾക്കെല്ലാം പരിചയമുള്ള ഒരു കഥാപാത്രമാണ്. പിന്നെ എന്റെ ബന്ധുവായിട്ടുള്ള ഒരു സ്ത്രീയെ റോൾ മോഡലാക്കി എടുത്തിട്ടുമുണ്ടായിരുന്നു. പുറമെ ചിരിച്ചുകൊണ്ട് പറയേണ്ട കാര്യങ്ങൾ പറയുന്ന ചിലരുണ്ട്. പിന്നെ ശ്രീനിയേട്ടനും എനിക്കും സത്യേട്ടനുമൊക്കെ പരിചയമുള്ള ഒരാളാണ് കാഞ്ചന,’ ഉർവശി പറഞ്ഞു.

തലയണമന്ത്രത്തിലെ കാഞ്ചനയെ ആദ്യം ഒരു നെഗറ്റീവ് കഥാപാത്രമായി കണ്ടാണ് ചിത്രത്തിലെ ആദ്യ ഷോട്ട് ചെയ്തതെന്നും, എന്നാൽ സത്യൻ അന്തിക്കാട് അത്തരം ഒരു കഥാപാത്രമല്ലെന്ന് പറഞ്ഞ് തിരുത്തുകയായിരുന്നെന്നും ഉർവശി ഓർത്തെടുത്തു.

‘തലയണമന്ത്ര’ത്തിലെ കാഞ്ചനയെ ചെയ്യാൻ ക്യാമറയ്ക്ക് മുന്നിൽ വന്നു നിന്നതിനു ശേഷമാണ് ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞുതന്നത്. സിനിമയുടെ ആദ്യ ഷോർട്ടൊക്കെ അതൊരു കുശുമ്പി കഥാപത്രമാണലോ എന്ന് വിചാരിച്ചുകൊണ്ട് ഭയങ്കര സീരിയസ് ആയിട്ടായിരുന്നു ഞാൻ ചെയ്തത്. അപ്പോൾ തന്നെ സത്യേട്ടൻ എന്നോട് പറഞ്ഞു, ഉർവശി സാധാരണ രീതിയിൽ അഭിനയിച്ചാൽ മതി, ബാക്കി ഡയലോഗുകളിലൂടെ മനസിലായിക്കോളും എന്താണ് ഈ ക്യാരക്ടർ .

തലയണമന്ത്രം. Photo. Old Movie Channel

അതൊരു വിദ്യാഭ്യാസക്കുറവുള്ള പച്ചയായ സ്ത്രീയാണ്, അതുകൊണ്ട് ഉർവശി ഇതിനെ ഒരു നെഗറ്റീവ് റോൾ ആയി കാണേണ്ട എന്ന്. ശരിക്കും ആ സിനിമയിൽ ഭർത്താവ് സുകുമാരനും കുറ്റക്കാരനാണ്. കാരണം ഭാര്യ പറയുന്നത് എല്ലാം പ്രമോട്ട് ചെയ്തിട്ട്, അവസാനം കുറ്റം മൊത്തം ഭാര്യക്ക് മാത്രമാവുകയാണ്,’ ഉർവശി പറഞ്ഞു.

Content Highlight: Urvashi talks about her character Kanjana from Thalayana Manthram Movie

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more