| Wednesday, 1st July 2026, 11:01 pm

വില്ലത്തിയല്ല എന്ന് സത്യേട്ടന്‍ പറഞ്ഞതോടെ ഞാന്‍ ആ ഭാരം ഇറക്കിവെച്ചു; തലയണമന്ത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ഉര്‍വശി

അശ്വിന്‍ രാജേന്ദ്രന്‍

നാലരപതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ് ഉര്‍വശി. ബാലതാരമായി സിനിമാലോകത്തേക്കെത്തിയ ഉര്‍വശി 13ാം വയസിലാണ് നായികയായി അരങ്ങേറിയത്. തമിഴ് സിനിമയിലൂടെ നായികയായി തിളങ്ങിയ ഉര്‍വശി മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള പുരസ്‌കാരം ഏഴ് തവണ സ്വന്തമാക്കിയതുള്‍പ്പെടെ നിരവധി അവാര്‍ഡുകളും താരത്തെ തേടിയെത്തി.

കോമഡി റോളുകളും ഇമോഷണല്‍ റോളുകളും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച താരം ഒട്ടനവധി കഥാപാത്രങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഇതില്‍ എന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറങ്ങിയ തലയണമന്ത്രം. ചിത്രത്തില്‍ കാഞ്ചന എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയായിരുന്നു ഉര്‍വശി അവതരിപ്പിച്ചത്.

തലയണമന്ത്രം. Photo:X.com

നായികയായി തിളങ്ങി നില്‍ക്കുമ്പോഴും ചിത്രത്തിലെ കഥാപാത്രം ചെയ്തതിനെ കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഉര്‍വശി അഭിനയിച്ച ഒരു ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘തലയണമന്ത്രം കഥ കേട്ടത് എന്റെ അങ്കിളായിരുന്നു. എന്നിട്ട് അദ്ദേഹം വീട്ടില്‍ വന്നിട്ട് പറഞ്ഞു പൊടി മോളെ ഉഗ്രന്‍ ക്യാരക്ടറാണ്, നെഗറ്റീവ് ആണെന്ന് തോന്നുമെങ്കിലും ഒരു ആര്‍ട്ടിസ്റ്റ് ചെയ്യേണ്ട ക്യാരക്ടറാണെന്നാണ് പറഞ്ഞത്. പൊന്മുട്ടയിടുന്ന താറാവും അദ്ദേഹമാണ് കഥ കേട്ടത്. ചിത്രത്തിന്റെ ഷൂട്ടിനായി ഞാന്‍ എത്തിയപ്പോള്‍ ഒരു വില്ലത്തിയുടെ മുഖം പിടിച്ചിട്ടാണ് ഞാന്‍ എത്തിയത്.

തലയണമന്ത്രം. Photo:X.com

അത് കണ്ടിട്ട് സത്യേട്ടന്‍ എന്നോട് പറഞ്ഞത് ഉര്‍വശി വില്ലത്തി അല്ല, ഒരു പച്ചയായ നാട്ടിന്‍പുറത്തുള്ള സ്ത്രീയാണ്. ഉര്‍വശി സാധാരാണ കാണിക്കുന്ന മാനിറസം ചെയ്താല്‍ മതി കറക്ടാകുമെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ തന്നെ ഞാന്‍ ആ ഭാരം ഇറക്കിവെച്ചു. ആ സംവിധായകരെല്ലാം അധ്യാപകരെ പോലെയായിരുന്നു. എന്റെ കഴിവ് എന്നെക്കാള്‍ നന്നായി അറിയാവുന്നത് അവര്‍ക്കായിരുന്നു,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi talks about her character in Thalayanamathram Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more