മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് പ്രേക്ഷകര്‍ സംശയമേതുമില്ലാതെ പറയുന്ന പേരാണ് ഉര്‍വശിയുടേയത്. 1979ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഉര്‍വശി തന്റെ പതിമൂന്നാം വയസില്‍ തന്നെ നായിക നടിയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. പിന്നീട് സഹനടിയായും ഹാസ്യതാരമായും ഒട്ടനവധി റോളുകളിലാണ് ഉര്‍വശി തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. 2024ല്‍ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ഉര്‍വശി സ്വന്തമാക്കിയിരുന്നു.
അച്ചുവിന്റെ അമ്മ. Photo: IMDB
ഉര്‍വശിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ അച്ചുവിന്റെ അമ്മ. ഉര്‍വശിയും മീരാ ജാസ്മിനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ഇന്നും പല സിനിമാ പ്രേക്ഷകരുടെയും ഫേവറിറ്റ് ചിത്രങ്ങളിലൊന്നാണ്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘അച്ചുവിന്റെ അമ്മയിലേത് ഞാന്‍ വിളിച്ച് വരുത്തി പിന്നെ ഇറക്കിവിടാന്‍ പാടുപെട്ട ഒരു റോളാണ്. കാരണം ഒരു അമ്മയായതിന് ശേഷം ആദ്യമായി ഞാന്‍ ചെയ്ത സിനിമയാണത്. മലയാളത്തില്‍ ആകുമ്പോള്‍ എന്റെ ആത്മാവിന്റെ ഭാഷയും കൂടെ ആണല്ലോ. ഇതിനെ മാറ്റി നിര്‍ത്താന്‍ എനിക്ക് ഒരുപാട് സമയമെടുക്കേണ്ടി വന്നു. ആ കഥാപാത്രത്തില്‍ എന്റെ എലമെന്റ് ഒരുപാട് ഉണ്ട്. സത്യേട്ടന്‍ കൃത്രിമമായി എന്നോട് ഒന്നും ചെയ്യാന്‍ പറയാറില്ല. അതിലെ ക്ലൈമാക്‌സ് ഒഴിച്ചാല്‍ ബാക്കിയെല്ലാം ഞാന്‍ തന്നെയാണ്.
അച്ചുവിന്റെ അമ്മ. Photo: Justdial
അതുപോലെ തന്നെയാണ് ഉള്ളൊഴുക്കിലെ ലീലാമ്മയും. ആ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യങ്ങളെല്ലാം എന്തെങ്കിലും ബഡായി പറഞ്ഞ് ഞാന്‍ മാറ്റുകയാണ് അന്ന് ചെയ്തത്. കാരണം ഞാന്‍ വല്ലാതെ ഇമോഷണലാകുമായിരുന്നു. ആ കഥാപാത്രത്തില്‍ എന്റെ അമ്മയും അപ്പച്ചിയും കുഞ്ഞമ്മയും എല്ലാമുണ്ട്. ആ തലമുറയിലെ ഒരുപാട് പേരുടെ ദുഖം എനിക്ക് നേരിട്ടറിയാം. വല്ലാതെ മാനസിക പ്രശ്‌നത്തിലാക്കിയ കഥാപാത്രമായിരുന്നു ഉള്ളൊഴുക്കിലേത്,’ ഉര്‍വശി പറഞ്ഞു.
Content Highlight: Urvashi talks about her character in Achuvinte Amma and Ullozukku movies