| Wednesday, 3rd September 2025, 7:21 am

വിദ്യാഭ്യാസമുണ്ടെന്ന് കാണിക്കാനാണെന്ന് പറഞ്ഞ് അന്ന് നടിമാരെ പലരും കളിയാക്കി: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിമാരില്‍ ഒരാളാണ് ഉര്‍വശി. സിനിമാപ്രേമികള്‍ക്ക് നിരവധി മികച്ച വേഷങ്ങള്‍ നല്‍കിയിട്ടുള്ള നടി കൂടിയാണ് അവര്‍. തനിക്ക് പണ്ട് ആരാധകര്‍ കത്ത് എഴുതിയതിനെ കുറിച്ചും തന്റെ പുസ്തക വായനയെ കുറിച്ചും പറയുകയാണ് ഉര്‍വശി.

‘പണ്ടൊക്കെ ഇഷ്ടംപോലെ കത്ത് കിട്ടിയിട്ടുണ്ട്. അന്ന് ഫാന്‍സ് മൊത്തം എഴുതുകയല്ലേ. എന്റെയൊക്കെ കാലത്ത് ഇംഗ്ലീഷില്‍ K എന്ന് ഇട്ടിട്ട് ബാക്കി ‘ട്ടോ’ എന്ന് എഴുതുമായിരുന്നു. ഉര്‍വശി ചേച്ചിയെ അല്ലാതെ വേറെ ആരെയും ഞങ്ങള്‍ ആരാധിക്കില്ല Kട്ടോ എന്നൊക്കെ,’ ഉര്‍വശി പറയുന്നു.

അത് വായിക്കാന്‍ നല്ല രസമായിരുന്നുവെന്നും പക്ഷേ ഇപ്പോള്‍ ആരും എഴുതുന്നില്ലെന്നും നടി പറഞ്ഞു. എങ്ങും ഫോണായില്ലേയെന്ന് ചോദിക്കുന്ന ഉര്‍വശി തനിക്കതിനോട് വലിയ ദേഷ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണോ സോഷ്യല്‍ മീഡിയയിലൊന്നും സജീവമല്ലാത്തതെന്ന ചോദ്യത്തിന് അതിനെക്കുറിച്ച് തനിക്ക് വലിയ വിവരമില്ലെന്നാണ് മറുപടി.

‘ചേട്ടനും മോളും മോനും സോഷ്യല്‍ മീഡിയയില്‍ പലതും കാണിച്ചുതരും. പക്ഷേ ആ സമയം കൊണ്ട് ഞാന്‍ നല്ലൊരു പുസ്തകം വായിക്കാനാണ് ഇഷ്ടപ്പെടുന്നത്. ആരും ശല്യം ചെയ്യാതെ ചുറ്റിലും കുറച്ച് പുസ്തകങ്ങളുമായി ഇരുന്നാല്‍ എനിക്ക് സമാധാനമാണ്. സന്തോഷവുമാണ്. എന്റെ യാത്രകള്‍ ആനന്ദകരമാക്കുന്നത് കൈയിലെ പുസ്തകങ്ങളാണ്.

പണ്ട് ഷൂട്ടിങ്ങിനിടയില്‍ എങ്ങനെയായിരുന്നുവെന്ന് ചോദിച്ചാല്‍, എനിക്ക് മുന്നേയുള്ള നടിമാരെക്കുറിച്ച് പലരും കളിയാക്കുമായിരുന്നു. വിദ്യാഭ്യാസമുണ്ടെന്ന് കാണിക്കാന്‍ വേണ്ടി പുസ്തകം തലതിരിച്ചു വെച്ച് വായിക്കുമെന്ന്. അങ്ങനെയൊരു കാലമായിരുന്നു. അതുകൊണ്ട് ആദ്യമൊക്കെ എനിക്ക് ചമ്മലായിരുന്നു,’ ഉര്‍വശി പറയുന്നു.

തനിക്കെന്നും എഴുത്തുകാരോടായിരുന്നു ആരാധനയെന്നും അല്ലാതെ ഒരു സിനിമാനടനെയോ നടിയെയോ കാണണമെന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും ഉര്‍വശി പറഞ്ഞു. കുഞ്ഞുണ്ണി മാഷിന്റെ വരികളൊക്കെ താന്‍ പണ്ട് ഡയറിയില്‍ എഴുതിവെയ്ക്കുമായിരുന്നുവെന്നും അദ്ദേഹത്തെ കാണണമെന്ന് മോഹിച്ച് താന്‍ കുറേ നടന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. പക്ഷേ വിഴുപ്പലക്കിക്കഴിഞ്ഞ് പിന്നെ എവിടെയാ നേരമെന്ന് പറഞ്ഞത് പോലെയായിരുന്നു തന്റെ ജീവിതമെന്നും ഉര്‍വശി പറയുന്നു.

Content Highlight: Urvashi talks about fan’s letters and her book reading habit

We use cookies to give you the best possible experience. Learn more