| Thursday, 9th October 2025, 7:22 am

അഭിനയം എനിക്ക് വീണുകിട്ടിയ ലോട്ടറി; അവര്‍ ചെയ്തത് പോലുള്ള റോളുകള്‍ ഒരു ഹീറോയിന്‍ ആയതുകൊണ്ട് നഷ്ടപ്പെട്ടു: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയെ കുറിച്ചും തനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങളെ കുറിച്ചും സംസാരിക്കുകയാണ് നടി ഉര്‍വശി. അഭിനയം തനിക്ക് വീണുകിട്ടിയ ഒരു ലോട്ടറിയാണെന്നും അത് നഷ്ടപ്പെടുത്താതെ നോക്കണമെന്നും ഉര്‍വശി പറയുന്നു. ഇത് തന്റെ ജീവിത മാര്‍ഗമാണെന്നും തന്റെ ജോലി താന്‍ എപ്പോഴും ആത്മാര്‍ത്ഥമായി ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വണ്‍ ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ഇനിയും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍ ഒരുപാട് ഉണ്ട്. പണ്ടത്തെ ആര്‍ട്ടിസ്റ്റുകള്‍ ചെയ്ത എത്രയെത്ര സിനിമകള്‍ ഉണ്ട്, ഈ തലമുറയില്‍ നിന്ന് നോക്കുമ്പോള്‍ എനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഞാന്‍ നിന്ന സമയത്തൊക്കെ മറ്റ് നടികള്‍ക്ക് കിട്ടാത്ത വ്യത്യസ്തത എനിക്ക് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.

പക്ഷേ ഒരുപാട് ക്ലാസിക് അഭിനേതാക്കള്‍ ഇവിടെ ഉണ്ടായിരുന്നു. ഉദാഹരണമായി ജയഭാതുരി, വളര നാച്ചുറലായിട്ടുള്ള ഒരു നടിയാണ്. സിനിമയില്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കേണ്ട സമയത്താണ് അവര്‍ വന്നത്. അതുപോലെ പണ്ടത്തെ നടി സാവിത്രി.

ശിവാജി ഗണേഷിന്റെ കൂടെ ഒമ്പത് റോള്‍ അഭിനയിക്കുന്ന സിനിമയില്‍ ആ ഒമ്പത് റോളിനൊപ്പവും വളരെ അനായാസമായി അഭിനയിച്ച നടിയാണ്. ഹ്യൂമറൊക്കെ വളരെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള സ്ത്രീയായിരുന്നു,’ഉര്‍വശി പറയുന്നു.

അങ്ങനെയുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നുവെന്നും മനോരമ, സുകുമാരി , കെ.പി.എ.സി ലളിതയൊക്കെ ഗംഭീര അഭിനേതാക്കളാണെന്നും നടി പറഞ്ഞു. തന്നെ സ്വാധീനിച്ച ഒരുപാട് നടിമാരുണ്ടെന്നും അവരൊക്കെ ചെയ്തതു പോലുള്ള വ്യത്യസ്തമായ റോളുകള്‍ ഒരു ഹീറോയിന്‍ ആയതുകൊണ്ട് തനിക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

Content highlight:  Urvashi talks about cinema and the roles she would like to play

We use cookies to give you the best possible experience. Learn more