സിനിമാമേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമീപകാലത്ത് ഒരുപാട് നടക്കുന്നുണ്ട്. പല താരങ്ങളും ഇതില്‍ ഉള്‍പ്പെട്ടത് ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്.
ലഹരി ഉപയോഗിച്ചു, അപമര്യാദയായി പെരുമാറി എന്നതടക്കമുള്ള ആരോപണങ്ങള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വന്നിരുന്നു. പിന്നീട് അതിന് ക്ഷമ പറഞ്ഞതും നാം എല്ലാവരും കണ്ടതാണ്. ഇപ്പോള്‍ സിനിമാസെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി.
‘ഇതെല്ലാം ഞാനും പറഞ്ഞു കേള്‍ക്കുന്നുണ്ട്. എല്ലായിടത്തും ലഹരി ഉപയോഗമുണ്ട്. എന്നാല്‍ സിനിമാമേഖലാ എല്ലാ ആളുകളും ഒരുപോലെ ശ്രദ്ധിക്കുന്ന മേഖലയായത് കൊണ്ടാണ് അവിടെ നടക്കുന്ന എല്ലാ സംഭവങ്ങളും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പക്ഷേ എന്തുകൊണ്ടോ എന്റെ സീനിയോറിറ്റി കൊണ്ട് ആണോ എന്നറിയില്ല, ഞാന്‍ വരുമ്പോള്‍ സെറ്റില്‍ ഭയങ്കര അച്ചടക്കവും ആളുകളെല്ലാം ബഹുമാനത്തോടെ പെരുമാറുകയും ചെയ്യുന്നതാണ് കണ്ടിട്ടുള്ളത്,’ ഉര്‍വശി പറയുന്നു.
ലഹരി ചര്‍ച്ചകളില്‍ ഇപ്പോള്‍ പേര് വന്നിട്ടുള്ള പലരും തന്നോട് നല്ല രീതിയില്‍ മാത്രമേ പെരുമാറിയിട്ടുള്ളൂവെന്നും എന്തെങ്കിലും തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുള്ളവരോട് താന്‍ കുടുംബത്തിലെ ഒരാളോട് എന്ന പോലെ ശാസിച്ചിട്ടുണ്ടെന്നും ഉര്‍വശി വ്യക്തമാക്കി.
മലയാള സിനിമയിലെ അനുഗ്രഹീതയായ അഭിനേത്രിയാണ് ഉര്‍വ്വശി. തെന്നിന്ത്യയില്‍ തന്നെ ഉര്‍വശിക്ക് പകരക്കാരുണ്ടാകില്ല എന്ന് വേണം പറയാന്‍. ആറ് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇവര്‍ നേടിയിട്ടുണ്ട്.
1983ല്‍ മുന്താണൈ മുടിച്ച് എന്ന തമിഴ് സിനിമയിലൂടെയാണ് അവര്‍ അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്.
1984ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച എതിര്‍പ്പുകള്‍ ആണ് ഉര്‍വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985-1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉര്‍വശി.
Content Highlight: Urvashi talking about drugs in Film Field