| Friday, 27th February 2026, 3:23 pm

അന്ന് ബേബി ശ്യാമിലി മരിച്ചെന്ന് ഞാൻ കരുതി: മുകളിലേക്ക് വലിച്ചെടുത്തപ്പോൾ ജഡം വരുന്ന പോലെ: ഉർവശി

നന്ദന എം.സി

ഇന്നും മലയാളി സിനിമാപ്രേമികൾ അത്ഭുതത്തോടെ റിപ്പീറ്റ് അടിച്ച് കാണുന്ന ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മാളൂട്ടി. ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജയറാം, ഉർവശി, കെ.പി.എസി ലളിത, നെടുമുടി വേണു, ബേബി ശ്യാമിലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

വലിയ ടെക്നോളജികളൊന്നും ഇല്ലാതിരുന്ന കാലത്ത് കുഴൽക്കിണറിൽ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന കഥ അത്രയും ത്രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചതാണ് ചിത്രത്തെ ഇന്നും വേറിട്ടുനിർത്തുന്നത്.

ചിത്രത്തിന്റെ മേക്കിങിനിടെ നടന്ന അനുഭവങ്ങൾ ഇപ്പോൾ തുറന്നുപറയുകയാണ് ഉർവശി. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

മാളൂട്ടി, Photo: YouTube/ Screengrab

‘ഒരു കുട്ടിക്ക് മാത്രം വീഴാവുന്ന ഒരു കുഴിയാണ് എടുത്തിരിക്കുന്നത്. ഇതിലെങ്ങനെ ആ കുട്ടി വീഴും, ഇതെങ്ങനെ അഭിനയിക്കും എന്നായിരുന്നു എന്റെ വലിയ ടെൻഷൻ. ആ ഷോട്ട് കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ നെഞ്ചിടിക്കുകയായിരുന്നു. ഈ കുട്ടി എങ്ങനെ വീഴും, കുഴിക്കകത്ത് വീണാൽ കൊച്ചിനെ എങ്ങനെ എടുക്കും എന്നൊക്കെയായിരുന്നു എന്റെ ചിന്ത. ആ ടെൻഷൻ മുഴുവൻ അഭിനയിക്കുമ്പോഴും എന്റെ മുഖത്തുണ്ടായിരുന്നു.

ഞാൻ അറിയാതെ ബോധംകെടുന്ന ഒരു ഷോട്ട് ഉണ്ട്. അത് ഒട്ടും അഭിനയമല്ലായിരുന്നു. എനിക്ക് സത്യമായും വെപ്രാളമായിരുന്നു. ആദ്യം കുഴി എടുക്കുന്നത് കുട്ടി കണ്ടിരുന്നു. അതിനാൽ കുഴിയുടെ അടുത്തെത്തുമ്പോൾ സ്വാഭാവികമായി വഴിമാറിപ്പോകും. ഉച്ചവരെ ശ്രമിച്ചിട്ടും കുട്ടി വീഴുന്നില്ല.

ഉച്ചയ്ക്ക് ശേഷം പ്ലാൻ മാറ്റി. കുട്ടിയുടെ അച്ഛനെ കൂട്ടിക്കൊണ്ടുവന്ന് കുട്ടി അറിയാതെ ഒരു കുഴി എടുത്തു. കുട്ടി ഓടി വന്ന് ഒരു വീഴ്ച വീണു. പിന്നിൽ നിന്നിരുന്ന ഞാൻ ഒരൊറ്റ വിളി വിളിച്ചു. എനിക്ക് തലകറങ്ങുകയായിരുന്നു.

മാളൂട്ടി, Photo: YouTube/ Screengrab

ആ കുട്ടിയുടെ അച്ഛന് ഒരു സ്വർണകപ്പ് കൊടുക്കണം. ആ ഒരു പടം നന്നാകാൻ വേണ്ടി ആ മനുഷ്യൻ ചെയ്ത ത്യാഗം വലുതാണ്. കുട്ടി വീണിട്ട് അനക്കമില്ല. ഞാൻ നോക്കിനിൽക്കുകയാണ്. മുകളിലേക്ക് എടുത്തപ്പോൾ ജഡം വരുന്ന പോലെ ആയിരുന്നു. എല്ലാവരും പേടിച്ചു. അന്ന് ആ കുട്ടി മരിച്ചു എന്നാണ് ഞാൻ കരുതിയത്. കാൽ തടവുകയും കൈ തടവുകയും ചെയ്തു. ഒടുവിൽ പെട്ടന്ന് കുട്ടി ഞെട്ടി എഴുന്നേറ്റു,’ ഉർവശി പറഞ്ഞു.

കൂടാതെ പിന്നീട് പട്ടിയെ കുഴിയിലേക്ക് കുരയ്ക്കേണ്ട രംഗം കഠിനമായിരുന്നെനും താരം പറഞ്ഞു. എത്ര ശ്രമിച്ചിട്ടും ആ പട്ടി കുഴിയിൽ നോക്കി കുരയ്ക്കാത്തതിനെ തുടർന്ന് പട്ടിയുടെ ഓണറുടെ ശബ്‌ദം ടാപ്പ് റെക്കോർഡിൽ റെക്കോർഡ് ചെയ്ത് ആ കുഴിയിൽ വെക്കുകയും ശേഷം ആക്‌ഷൻ പറയുമ്പോൾ ടാപ്പ് ഓൺ ചെയ്യുകയായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

ഇത്രയും അപകടസാധ്യതയുള്ള രംഗങ്ങൾ ആ കാലത്ത് വലിയ സാങ്കേതിക സഹായങ്ങളില്ലാതെ ചിത്രീകരിച്ചതിന് പിന്നിലെ പരിശ്രമം എത്ര വലുതായിരുന്നു എന്ന് ഉർവശിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണെന്നും ആരാധകർ പങ്കുവെച്ചു. അതുകൊണ്ടുതന്നെ മാളൂട്ടി ഇന്നും പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനമുള്ള ഒരു സിനിമയായി നിലനിൽക്കുന്നു.

Content Highlight: Urvashi talk about the movie Malootty

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more