മലയാളികളുടെ പ്രിയ താരവും മലയാള സിനിമയിലെ അനുഗ്രഹീതയായ അഭിനേത്രിയുമായ ഉർവശിക്ക് തെന്നിന്ത്യയിൽ തന്നെ പകരക്കാരില്ലെന്നു പറയാം.
ആറ് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള താരം 1984ൽ മമ്മൂട്ടി നായകനായ ‘എതിർപ്പുകൾ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചത്.
1985 മുതൽ 1995 വരെ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു ഉർവശി. അതിനു മുമ്പ് 1983ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മുന്താണൈ മുടിച്ച്’ വഴിയാണ് അഭിനയ രംഗത്തേക്ക് കടന്നത്.
ഇപ്പോളിതാ ഒറിജിനൽസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ജീവിതത്തിലെ വലിയ ആഗ്രഹത്തെക്കുറിച്ച് താരം തുറന്ന് പറഞ്ഞത്.
ഉർവശി, Photo: IMDb
‘ആരാവണം എന്ന് ചോദിച്ചാൽ ഒരുപാട് കുഞ്ഞുങ്ങളുടെ അമ്മയാകണം എന്ന് മാത്രമേ മറുപടി ഉണ്ടായിരുന്നുള്ളൂ. അത് പറയാൻ എനിക്ക് ചമ്മലായിരുന്നു.
ഇപ്പോഴാണ് ആ ചമ്മൽ മാറിയത്. അന്നത്തെ കാലത്ത് അമ്മയാകണം എന്നതാണ് എന്റെ ആഗ്രഹമെന്ന് പറയുന്നത് കുറച്ചൊക്കെ കൊറച്ചിലായി തോന്നിയിരുന്നു,’ എന്ന് പറയുകയാണ് ഉർവശി.
ടീച്ചർ എന്ന തൊഴിലാണ് ഏറ്റവും ഉന്നതമെന്ന് വിശ്വസിച്ചിരുന്ന കാലവും താരം ഓർക്കുന്നു. ഒരു ദിവസം ടീച്ചർ ബോർഡിൽ ‘I would like to become a…’ എന്ന് എഴുതി ബാക്കിയുള്ളത് വിദ്യാർത്ഥികളോട് പൂർത്തിയാക്കാൻ പറഞ്ഞപ്പോൾ തനിക്ക് എന്ത് എഴുതണമെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നുവെന്ന് താരം പറയുന്നു.
എൽ ജഗദമ്മ ഏഴാം ക്ലാസ് ബി, Photo: YouTube/ Screengrab
‘ടീച്ചറാകണമെന്ന് എഴുതണമോ, അതോ ഒരുപാട് കുഞ്ഞുങ്ങളുടെ അമ്മയാകണമെന്ന് എഴുതണമോ എന്ന് ചിന്തിച്ചെങ്കിലും അതിന്റെ ഇംഗ്ലീഷ് അറിയാത്തതും അത് ഒരു ജോലി ആണോ എന്ന് ചോദിച്ചാൽ എന്ത് ചെയ്യും എന്ന ഭയവും തടസമായി.
അവസാനം ടീച്ചർ തന്നെയാണ് ബോർഡിൽ ‘ആൻ ആക്ടര്സ്’ എന്ന് എഴുതിയത്.
എനിക്ക് അന്ന് ‘ആക്ടർ’ മാത്രമേ അറിയൂ. അതിന്റെ ഒപ്പോസിറ്റ് ‘ആക്ട്രസ്’ ആണെന്ന് പോലും അറിയില്ലായിരുന്നു. വീട്ടിൽ എല്ലാവരും അഭിനേതാക്കളല്ലേ, കുട്ടിയും വലിയ നടിയാകും എന്ന് ടീച്ചർ അനുഗ്രഹിച്ചു. എനിക്ക് അതൊന്നും ഇഷ്ടമായില്ല. ടീച്ചറുടെ കഴുത്തിന് പിടിച്ച് ഞെക്കിയാലോ എന്ന് വരെ ആലോചിച്ചു,’ ചിരിച്ചുകൊണ്ട് ഉർവശി പങ്കുവെച്ചു.
ഇപ്പോഴിതാ എവർസ്റ്റാർ ഇന്ത്യൻസിൻ്റെ ബാനറിൽ ഉർവശിയും ഫോസിൽ ഹോൾഡിംഗ്‌സും ചേർന്ന് നിർമിച്ച ‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി’ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കുറച്ച് നാളുകൾക്കുശേഷം ഉർവശി തമാശപറയുന്ന ഒരു സിനിമയായിട്ടാണ് ചിത്രം ശ്രദ്ധ നേടുന്നത്.
ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി’ എന്ന ചിത്രത്തിന്റെ പേരിലെ കൗതുകവും ഉർവശിയുടെ കേന്ദ്ര കഥാപാത്രവും പ്രേക്ഷകരെ ആകർഷിച്ചിരിക്കുകയാണ്.
Content Highlight: Urvashi talk about her dreams