നാല് പതിറ്റാണ്ടിലധികമായി സിനിമാലോകത്തിന്റെ ഭാഗമായി നില്‍ക്കുന്ന താരമാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തില്‍ ഏറ്റവുമധികം സ്റ്റേറ്റ് അവാര്‍ഡ് നേടിയ താരമെന്ന നേട്ടം സ്വന്തമാക്കി തിളങ്ങുകയാണ്. അടുത്തിടെ പ്രഖ്യാപിച്ച ദേശീയ അവാര്‍ഡിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചു.
സിനിമയിലെത്തിയ സമയത്ത് താന്‍ നേരിട്ട മോശം അവസ്ഥകളെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. ഒമ്പതാം ക്ലാസിലെ പരീക്ഷയുടെ സമയത്താണ് ആദ്യ നായികാവേഷം ചെയ്തതെന്ന് ഉര്‍വശി പറഞ്ഞു. പിന്നീട് സ്‌കൂളിലെത്തിയ ശേഷം റീ ടെസ്റ്റ് എഴുതിയാണ് പത്താം ക്ലാസിലേക്ക് ജയിച്ചതെന്നും ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ആദ്യമായി നായികാവേഷം ചെയ്ത ചിത്രം റിലീസായെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഒമ്പതാം ക്ലാസ് പരീക്ഷ തുടങ്ങിയത് മാര്‍ച്ച് 15നായിരുന്നു. എന്നാല്‍ മുന്താണി മുടിച്ച് സിനിമയുടെ ഷൂട്ട് തുടങ്ങിയത് മാര്‍ച്ച് 10നും. എനിക്ക് അതുകൊണ്ട് പരീക്ഷയെഴുതാന്‍ സാധിച്ചില്ല. അടുത്ത ആനുവല്‍ ഇയര്‍ തുടങ്ങുന്നതിന് മുമ്പ് പടം റിലീസായി. അതിലെ ‘കണ്ണ് തുറക്കണം സാമി’ എന്ന പാട്ട് എല്ലാവരും കണ്ടുകഴിഞ്ഞു. ഇന്നത്തെപ്പോലെ സിനിമയില്‍ അഭിനയിച്ചവര്‍ക്ക് സപ്പോര്‍ട്ട് കിട്ടുന്ന കാലമല്ലായിരുന്നു അത്.
മിക്ക പിള്ളേരും എന്റെ പുറകെ ആ പാട്ടും പാടി വരുമായിരുന്നു. ഒരു സ്റ്റേജ് കഴിഞ്ഞപ്പോള്‍ എനിക്ക് അത് ഇറിറ്റേറ്റഡായി. അധ്യാപകര്‍ക്കും അതൊരു പ്രശ്‌നമായി മാറി. ‘നന്നായി പഠിക്കുന്ന കുട്ടിയുടെ ഭാവി സിനിമയില്‍ കൊണ്ടുപോയി നശിപ്പിച്ചല്ലോ’ എന്നായിരുന്നു ടീച്ചേഴ്‌സ് പറഞ്ഞത്. അതേ സ്‌കൂളില്‍ പിന്നീട് എനിക്ക് പഠിക്കാന്‍ സാധിച്ചില്ല. വേറെ സ്‌കൂളിലേക്ക് മാറി,’ ഉര്‍വശി പറയുന്നു.
പത്താം ക്ലാസ് പൂര്‍ത്തിയാക്കാന്‍ ആ വര്‍ഷം സാധിച്ചില്ലെന്നും സ്‌കൂളില്‍ തന്റെ പിന്നാലെ എല്ലാവരും നടന്ന് വലിയൊരു പ്രശ്‌നമായെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. പത്താം ക്ലാസിന് ശേഷം പിന്നീടുള്ള പഠനം ഡിസ്റ്റന്‍സായിട്ടാണെന്നും കോളേജിലൊന്നും പോയി പഠിക്കാനുള്ള അവസരം ലഭിച്ചില്ലെന്നും താരം പറഞ്ഞു.
ഡിഗ്രിയുടെ എന്‍ട്രന്‍സ് പരീക്ഷയുടെ തലേദിവസം വരെ താന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നെന്നും ഉര്‍വശി പറയുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ ബാക്കിയുണ്ടായിരുന്നെന്നും പരീക്ഷ കഴിഞ്ഞ് നേരെ സെറ്റിലേക്ക് പോയെന്നും താരം പറഞ്ഞു. ഗോബിനാഥിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
Content Highlight: Urvashi shares the experience after acted in Mundhani Mudich movie