| Tuesday, 11th August 2026, 12:46 pm

കല്യാണം കഴിക്കാൻ കാരണം അമ്മ സങ്കൽപ്പത്തോടുള്ള ആർത്തിയാണ്: ഉർവശി

നന്ദന. ടി

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലായി തനതായ ഹാസ്യശൈലിയിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടിയാണ് ഉർവശി. കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരം, മുമ്പ് സെയ്ന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നത്.

ഉർവശി. Photo. Screen grab/ Youtube

താനുമായി താരതമ്യം ചെയ്യുമ്പോൾ മകൾ ജീവിതത്തിൽ വളരെ ബോൾഡായിട്ടുള്ള ഒരു വ്യക്തിയാണെന്ന് പറയുകയാണ് ഉർവശി.

‘എന്റെ മകൾ വളരെയധികം ബോൾഡായിട്ടുള്ള ഒരു വ്യക്തിയാണ്. അതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. എന്റെ ഈ പ്രായത്തിലും ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ്. കാരണം, ഞാൻ വളർന്നുവന്ന ഒരു സാഹചര്യം അങ്ങനെയായിരുന്നു. എങ്കിലും ചിലപ്പോഴൊക്കെ എന്റെ മകളുടെ ഉള്ളിൽ ഞാനും എന്റെ അമ്മയുമൊക്കെ ഉണ്ടോ എന്നൊരു തോന്നൽ എനിക്ക് വരാറുണ്ട്,’ നടി പറഞ്ഞു.

വിലാസമുള്ള ഒരു കുട്ടി വേണമെങ്കിൽ പിതാവ് ആവശ്യമാണെന്നാണ് നമ്മുടെ സമൂഹം പഠിപ്പിച്ചതെന്നും, ഒരു കുഞ്ഞിനെ വേണമെന്ന സ്വാർത്ഥത കൊണ്ടാണ് താൻ വിവാഹം കഴിച്ചതെന്നും മനസുതുറക്കുകയാണ് നടി.

‘ഞങ്ങൾ ഒന്നിച്ചാണ് മകളെ വളർത്തിയത്. എന്റെ അമ്മ എനിക്കും അവൾക്കും കോമൺ അമ്മയാണ്. എന്റെ മകളും മോനുമൊക്കെ എന്നെ അമ്മ എന്ന് വിളിക്കുന്നത് പോലെ കുടുംബത്തിലെ മറ്റ് പിള്ളേരും എന്നെ പൊടിയമ്മേ എന്നാണ് വിളിക്കുക. സത്യം പറഞ്ഞാൽ, അമ്മ സങ്കൽപ്പത്തോടുള്ള എന്റെ ഒരുതരം ആർത്തി തന്നെയാണ് ഞാൻ കല്യാണം കഴിക്കാനുള്ള പ്രധാന കാരണം. എനിക്ക് അതുമാത്രമേ മനസിൽ ഉണ്ടായിരുന്നുള്ളൂ.

കാരണം, വിലാസമോ ഐഡന്റിറ്റിയോ ഉള്ള ഒരു കുട്ടിയെ വേണമെങ്കിൽ അവർക്കൊരു അച്ഛൻ വേണം, നമ്മുടെ സമൂഹം അങ്ങനെയാണ് പറഞ്ഞുവെച്ചിരിക്കുന്നത്. അതുകൊണ്ട് എനിക്ക് എന്റെ കുഞ്ഞിനെ വേണം എന്ന ഒരു സ്വാർത്ഥതയ്ക്കാണ് ഞാൻ കല്യാണം കഴിച്ചത്. ഒരുപാട് കുഞ്ഞുങ്ങൾ വേണമെന്നായിരുന്നു,’ ഉർവശി പറഞ്ഞു.

ചില സാഹചര്യങ്ങളിൽ തന്റെ ഭയം നിറഞ്ഞ സ്വഭാവം മകളിലും പ്രകടമാവുമോ എന്ന ആശങ്കയും ഉർവശി പങ്കുവെക്കുന്നു.

‘എന്റെ മകളോട് ഞാൻ എപ്പോഴും പറയും, നീ ബോൾഡാണെന്ന് പറയുമ്പോഴും എനിക്ക് ഭയമാണ് എന്ന്. കാരണം പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും ഒരു ആപത്ത് വരുമ്പോൾ അവളുടെ ഉള്ളിൽ കിടക്കുന്ന ഞാൻ പുറത്തുവന്നാൽ അവൾ അവിടെത്തന്നെ നിന്നുപോകുമോ എന്ന്. ഞാൻ പുറത്ത് ഭയങ്കര ബോൾഡായിട്ടൊക്കെ അഭിനയിക്കുമെങ്കിലും ഉള്ളിൽ ശരിക്കും പറഞ്ഞാൽ അങ്ങനെയല്ല,’ ഉർവശി പറഞ്ഞു.

ഉർവശി. Photo. Kerala Kaumudi

Content Highlight: Urvashi shares that compared to her, her daughter is a very bold and confident individual

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more