| Tuesday, 14th July 2026, 12:30 pm

മമ്മൂക്ക ശരിക്കും അടിക്കുമെന്ന് പേടിച്ച് ഞാൻ അഭിനയിക്കില്ലെന്ന് പറഞ്ഞു: ഉർവശി

നന്ദന. ടി

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലായി തനതായ ഹാസ്യശൈലിയിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടിയാണ് ഉർവശി. വൈവിധ്യം കൊണ്ട് സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരം ഇപ്പോഴിതാ, തന്റെ കരിയറിന്റെ തുടക്കകാലത്ത് കരിമ്പിൻപൂവിന്നക്കരെ  എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ രസകരമായ ഓർമകൾ പങ്കുവെക്കുകയാണ് നടി. ജിഞ്ചർ മീഡിയ കട്ട്സ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം

ഉർവശി.photo.Mathrubhumi English

കരിമ്പിൻപൂവിന്നക്കരെ എന്ന സിനിമയിൽ, പ്രായപൂർത്തിയാകാത്ത ചെറിയൊരു പെൺകുട്ടിയായ ഞാൻ ഒരു മുതിർന്ന ആളുമായി പ്രണയത്തിലാവുകയും തുടർന്ന് ഗർഭിണിയായെന്ന് തെറ്റിദ്ധരിച്ച് മമ്മൂക്ക എന്നെ ഒരുപാട് അടിക്കുന്ന ഒരു സീൻ ഉണ്ട്. ഈ സിനിമയ്ക്ക് മുമ്പ് ഞാൻ തമിഴിലാണ് അധികവും അഭിനയിച്ചിട്ടുള്ളത്. തമിഴിൽ പണ്ടൊന്നും ഈ അഡ്ജസ്റ്റ്മെന്റ് അടിയില്ല. അടിക്കുക എന്ന് പറഞ്ഞാൽ ശരിക്കും അടിക്കണം. ഫൈറ്റ് അല്ലാത്ത സാധാരണ അടിയുടെ കാര്യമാണ് ഞാൻ പറയുന്നത്.

ഉദാഹരണത്തിന് തമിഴിലെ വലിയ നടിയായ മനോരമയുടെ കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഞാൻ അവരുടെ മരുമകളായിരുന്നു. അപ്പോൾ അവർ അടിക്കുന്ന സീൻ വരികയാണെങ്കിൽ നമ്മളോട് ആദ്യമേ വന്ന് സോറി പറയും. എന്നിട്ട് പറയും, എനിക്ക് അങ്ങനെയല്ലാതെ അടിക്കാൻ അറിയില്ല കേട്ടോ, ഞാൻ ശരിക്കും അടിക്കും. സംവിധായകരാണെങ്കിലും പറയും, കുഴപ്പമില്ല അടിച്ചോളൂ എന്ന്. അപ്പോൾ അടിക്കും എന്ന് പറഞ്ഞാൽ ഞാൻ വിചാരിച്ചത് തമാശയ്ക്ക് പറയുകയായിരിക്കും എന്നാണ്. പക്ഷേ, അടി കിട്ടിക്കഴിയുമ്പോഴാണ് നമ്മൾ ശരിക്കുള്ള കാര്യം അറിയുക.

അന്ന് മലയാളത്തിൽ മമ്മൂക്കയുടെ കൂടെയുള്ള എന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയാണ് കരിമ്പിൻപൂവിന്നക്കരെ. കൂടാതെ എനിക്ക് കഷ്ടിച്ച് പതിനഞ്ചു വയസ്സേ ഉള്ളൂ. അപ്പോൾ സംവിധായകൻ സീൻ പറയുമ്പോൾ മമ്മൂക്ക എന്നെ അടിക്കുന്നതാണ് രംഗം. ഇവിടെ നിന്ന് എടുത്ത് അങ്ങോട്ട് എറിയും, അവിടുന്ന് എടുത്ത് ഇങ്ങോട്ട് എറിയും എന്നൊക്കെ കേട്ടപ്പോൾ തന്നെ ഞാൻ പേടിച്ചു. ആയോ എനിക്ക് ഈ സിനിമ വേണ്ട, എനിക്ക് എന്റെ വീട്ടിൽ പോണം, എന്തിനാണ് ഞാൻ ഇവിടെ വന്ന് തല്ലുകൊള്ളുന്നത് എന്നൊക്കെ പറഞ്ഞ് ഞാൻ ബഹളം കൂട്ടി.

ഐ.വി. ശശിയേട്ടൻ ആയിരുന്നു ആ സിനിമയുടെ സംവിധായകൻ. ഞാൻ അദ്ദേഹത്തോട് നേരിട്ട് പറഞ്ഞു, എനിക്ക് തല്ല് കിട്ടിയാൽ ഞാൻ അതേപോലെ എന്റെ കയ്യിൽ കിട്ടുന്നത് വെച്ച് തിരിച്ച് എറിയും എന്ന്. ഞാൻ ഇങ്ങനെ ദേഷ്യപ്പെട്ടിരിക്കുമ്പോൾ ശശിയേട്ടനാണ് എന്നെ സമാധാനിപ്പിച്ചത്. കുട്ടി പേടിക്കേണ്ട, അങ്ങനെ അടിക്കുകയൊന്നുമില്ല. തമിഴ് സിനിമ പോലെ ഒന്നുമല്ല മലയാള സിനിമ എന്ന് അദ്ദേഹം പറഞ്ഞു.

പക്ഷേ, പിന്നീട് ആ സീൻ കണ്ടാൽ നമുക്കറിയാം, മമ്മൂക്ക എന്റെ ദേഹത്ത് ഒന്ന് മുറുക്കിപ്പിടിക്കുക പോലും ചെയ്യുന്നില്ല. ഒന്ന് വീശിയടിച്ചാൽ എങ്കിലുമേ അത് നാച്ചുറൽ ആക്കാൻ പറ്റു. മമ്മൂക്ക അത് വളരെ മനോഹരമായി ചെയ്തു. അത്രയും എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഒരു നടൻ ആയതുകൊണ്ടാണ് അദ്ദേഹത്തിന് അത് അനായാസം ചെയ്യാൻ കഴിഞ്ഞത്,’ ഉർവശി പറഞ്ഞു.

കരിമ്പിൻപൂവിന്നക്കരെ .photo.Facebook/wikipedia

Content Highlight: Urvashi shares her memory of almost quitting a movie out of fear that Mammootty would hit her in a scene.

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more