| Sunday, 31st May 2026, 3:32 pm

'ഉള്ളൊഴുക്ക്' സിനിമ ഉപേക്ഷിക്കാൻ ഒരുപാട് നോക്കി, വലിയ തുക ചോദിച്ചിട്ടും അവർ എന്നെ വെറുതെ വിട്ടില്ല: ഉർവശി

കെ.എസ് ഷാബിന

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത് ഉർവശിയും പാർവതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 2024-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉള്ളൊഴുക്ക്’. ഒരു മധ്യവർഗ ക്രിസ്ത്യൻ കുടുംബത്തിലെ രണ്ട് സ്ത്രീകൾ നേരിടുന്ന തീവ്രമായ വൈകാരിക സംഘർഷങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഉർവശിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. കൂടാതെ, ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ഉർവശി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.

ഇപ്പോൾ ഉള്ളൊഴുക്ക് എന്ന ചിത്രം ആദ്യം വേണ്ടെന്നുവെച്ചതായിരുന്നു എന്നും ഇമോഷണൽ സിനിമ ചെയ്യാൻ ഇഷ്ടമല്ല എന്നും തുറന്നു പറയുകയാണ് നടി ഉർവശി. ജയറാമും ഉർവശിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘പരിമള ആൻഡ് കോ’ എന്ന ചിത്രത്തിന്റെ ഭാഗമായി സുധീർ ശ്രീനിവാസൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉർവശിയുടെ ഈ തുറന്നുപറച്ചിൽ.

ഉള്ളൊഴുക്ക്.Photo;Scroll.in

തുടർച്ചയായി ഡാർക്ക്-ഇമോഷണൽ സിനിമകൾ ചെയ്യുന്നത് തന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ടെന്നും, അത്തരം സിനിമകളോട് തനിക്ക് വലിയ താല്പര്യമില്ലെന്നും അഭിനയത്തിൽ ഗ്ലിസറിൻ അധികം ഉപയോഗിക്കാൻ താൻ ഇഷ്ടപ്പെടാറില്ലെന്നും ഉർവശി പറയുന്നു.

“ഒരുപാട് ഡാർക്ക് സിനിമകൾ എനിക്ക് ഇഷ്ടമല്ല. ‘ഉള്ളൊഴുക്ക്’ പോലെയുള്ള സിനിമകൾ അടുപ്പിച്ചു ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ഒരു പരിധി വരെ നാച്ചുറൽ ആയി അഭിനയിക്കണം എന്ന് കരുതുമ്പോൾ, ഇമോഷണൽ സിനിമകൾ തുടരെ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കും. ഞാൻ ഒരുപാട് ഗ്ലിസറിൻ ഉപയോഗിക്കാറില്ല; ചില സീനുകൾ മാത്രം ഇമോഷണൽ ആയി ചെയ്യുമ്പോൾ കുഴപ്പമില്ല, എന്നാൽ ആ സിനിമ മുഴുവൻ ഇമോഷണൽ ആവുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ടാണ്.

ആദ്യം ‘ഉള്ളൊഴുക്കി’ന്റെ കഥ കേട്ടപ്പോൾ ഞാൻ വേണ്ട എന്ന് തീരുമാനിച്ചിരുന്നു. കാരണം തുടർച്ചയായി 45 ദിവസം ഷൂട്ട് ഉള്ള സിനിമയിൽ മുഴുവൻ ഇമോഷണൽ ആയി അഭിനയിക്കാൻ എനിക്ക് കഴിയില്ല. അതിനാൽ ഞാൻ ‘നോ’ പറഞ്ഞു. എന്നാൽ 4 വർഷം കഴിഞ്ഞും വീണ്ടും വീണ്ടും ആവർത്തിച്ചു വിളിച്ചുകൊണ്ടേ ഇരുന്നപ്പോൾ ഒഴിവാക്കാൻ എന്തൊക്കെ പറയാമോ അതെല്ലാം പറഞ്ഞുനോക്കി.

ഉള്ളൊഴുക്ക്.Photo:Book my show

ആദ്യം ഡേറ്റ് ഇല്ല എന്ന് പറയും. അപ്പോൾ ‘എപ്പോഴാണ് ഡേറ്റ് ഉള്ളത് അപ്പോൾ മതി’ എന്ന് അവർ മറുപടി പറയുമ്പോൾ നമ്മൾ പെട്ടുപോകും. അപ്പോൾ ചില സീനുകൾ ഇഷ്ടമായില്ല എന്ന് പറയുമ്പോൾ ‘എവിടെയാണ് മാറ്റം വരുത്തേണ്ടത്’ എന്ന് ചോദിക്കും. അവസാനം വലിയൊരു തുക ചോദിക്കും; അങ്ങനെ ചെയ്യുമ്പോൾ ഏറെക്കുറെ എല്ലാ സംവിധായകരും ഓടിപ്പോകാറുള്ളതാണ്. എന്നാൽ ഇവർ അതും ഓക്കെ ആണെന്ന് പറഞ്ഞപ്പോൾ എന്ത് ചെയ്യും? അങ്ങനെയാണ് ഞാൻ ‘ഉള്ളൊഴുക്ക്’ ചെയ്തത്.’ ഉർവശി പറഞ്ഞു

സംവിധായകൻ പാണ്ഡിരാജ് ഒരുക്കുന്ന ‘പരിമള ആൻഡ് കോ’ എന്ന തമിഴ് സിനിമയാണ് ഉർവശിയുടെ ഏറ്റവും പുതിയ ചിത്രം. മലയാളത്തിന്റെ ജനപ്രിയ താരജോഡികളായ ജയറാമും ഉർവശിയും നീണ്ട 20 വർഷങ്ങൾക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ചിത്രം ജൂൺ 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Content Highlight: Urvashi says she  tried hard to reject the movie Ullozhukku

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more