ഇന്ത്യന്‍ സിനിമയിലെ മികച്ച ആര്‍ട്ടിസ്റ്റുകളിലൊരാളെന്ന് സംശയമില്ലാതെ വിശേഷിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് ആറ് ഭാഷകളിലായി 700ലധികം സിനിമകളില്‍ അഭിനയിച്ച ഉര്‍വശി സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളോ പകര്‍ന്നാടാത്ത വേഷങ്ങളോ ബാക്കിയില്ലെന്ന് പറയാനാകും.
കോമഡിയായാലും ഇമോഷണല്‍ റോളായാലും തന്മയത്വത്തോടെ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഉര്‍വശിക്ക് വെല്ലുവിളിയുയര്‍ത്താന്‍ മറ്റാരുമില്ല. ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും സഹനടിക്കുള്ള ദേശീയ അവാര്‍ഡും ഉര്‍വശി സ്വന്തമാക്കിയിരുന്നു. നാലര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരം.
ഉര്‍വശി Photo: Screen grab/ Sudhir Srinivasan
കരിയറിന്റെ തുടക്കത്തില്‍ ചെയ്ത ചില സീനുകളിലും പറഞ്ഞ ഡയലോഗുകളിലും പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് ഉര്‍വശി. ഒരുപാട് സിനിമകളില്‍ മറ്റ് ആര്‍ട്ടിസ്റ്റുകള ബോഡിഷെയ്മിങ് ചെയ്തുകൊണ്ട് പെര്‍ഫോം ചെയ്യേണ്ടി വന്നിട്ടുണ്ടായിരുന്നെന്ന് ഉര്‍വശി പറഞ്ഞു. അതെല്ലാം തെറ്റാണെന്ന് പിന്നീട് മനസിലായെന്നും അത്തരം രംഗങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘ഒരു സിനിമയില്‍ ഒപ്പമുള്ള ആര്‍ട്ടിസ്റ്റിനെ ബോഡിഷെയ്മിങ് ചെയ്തത് പിന്നീട് കുറ്റബോധമുണ്ടാക്കിയിട്ടുണ്ട്. കുമരി മുത്തു എന്ന നടന്റെ കൂടെ ഒരു സിനിമ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന് കണ്ണിന് ചെറിയൊരു പ്രശ്‌നമുണ്ട്. ആ സീനില്‍ സംവിധായകന്‍ എന്നോട് അദ്ദേഹത്തിന്റെ കണ്ണിനെ കളിയാക്കിക്കൊണ്ട് പെര്‍ഫോം ചെയ്യാമോ എന്ന് ചോദിച്ചു. ഞാന്‍ അതുപോലെ ചെയ്തു.
കുമരി മുത്തു Photo: Prime Video
പിന്നീട് അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയായിരുന്നു എന്നറിഞ്ഞത്. ചെറുപ്പത്തില്‍ പൊലീസാകാന്‍ ആഗ്രഹിച്ചയാളായിരുന്നു അദ്ദേഹം. എല്ലാ ടെസ്റ്റും പാസായെങ്കിലും കണ്ണിന്റെ കുഴപ്പം കാരണം ജോലി കിട്ടിയില്ല. റെയില്‍വേ ഗാര്‍ഡാകാനും പിന്നീട് ശ്രമിച്ചെങ്കിലും ഇതേ പ്രശ്‌നം കാരണം ആ ജോലിയും കിട്ടിയില്ലെന്ന് പറഞ്ഞു. ഇത് കേട്ടതും ഞാന്‍ വല്ലാതായി. അവിടെ നിന്ന് മാറി കുറച്ചുനേരം കരഞ്ഞു.
ഒരാളുടെ കുറവിനെ നമ്മള്‍ കളിയാക്കുമ്പോള്‍ അത് അയാള്‍ക്ക് എത്രമാത്രം വേദന നല്‍കുമെന്ന് ആലോചിച്ചു. ആ സീന്‍ ചെയ്തതില്‍ ഇന്നും കുറ്റബോധമുണ്ട്. തമാശക്ക് വേറെ എന്തെല്ലാം വഴികളുണ്ട്. മറ്റൊരാളുടെ കുറവിനെ കളിയാക്കി തമാശയുണ്ടാക്കുന്നത് ശരിയല്ല. അത്തരം സീനുകള്‍ ചെയ്യാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്,’ ഉര്‍വശി പറയുന്നു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പരിമള ആന്‍ഡ് കോ റിലീസിന് തയാറെടുക്കുകയാണ്. ഏറെക്കാലത്തിന് ശേഷം ജയറാം- ഉര്‍വശി കോമ്പോ ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച വരവേല്പാണ് ലഭിച്ചത്. ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Urvashi saying she regretted after Body shamed a co artist
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ