ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് ഉര്‍വശി. നാലര പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഉര്‍വശി ബാലതാരമായാണ് കരിയറാരംഭിച്ചത്. ചെയ്ത കഥാപാത്രങ്ങള്‍ ഓരോന്നും പ്രേക്ഷകരുടെ ഫേവറെറ്റാണ്. സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളൊന്നുമില്ലാത്ത ഉര്‍വശി ഇപ്പോഴും ഓരോ സിനിമയിലും ഞെട്ടിക്കുകയാണ്.
ഏറ്റവും പുതിയ ചിത്രമായ ആശയിലും ഗംഭീര പ്രകടനമാണ് ഉര്‍വശിയുടേത്. താരത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് യോദ്ധയിലെ ദമയന്തി. മോഹന്‍ലാലിനെ നായകനാക്കി സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വളരെ ചെറിയ വേഷമായിരുന്നു ഉര്‍വശിയുടേത്. ചെറിയ റോളില്‍ വലിയ ഇംപാക്ടാണ് ഉര്‍വശി നടത്തിയത്.
ചിത്രത്തിലെ കഥാപാത്രം ഇത്ര വലിയ ചര്‍ച്ചയാകുമെന്ന് താന്‍ കരുതിയില്ലെന്ന് പറയുകയാണ് ഉര്‍വശി. അന്ന് പല മാധ്യമങ്ങളും ദമയന്തിക്ക് വലിയ പ്രാധാന്യം നല്‍കിയില്ലായിരുന്നെന്നും ഇപ്പോഴത്തെ തലമുറയാണ് ആ കഥാപാത്രത്തെ കൂടുതല്‍ ചര്‍ച്ചയാക്കുന്നതെന്ന് ഉര്‍വശി പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
‘അന്നത്തെ മീഡിയാസൊക്കെ പറഞ്ഞത് ‘സൂപ്പര്‍സ്റ്റാറായി നില്‍ക്കുന്ന ഉര്‍വശി ആ സിനിമയുടെ ടീമിനോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് രണ്ട് സീനുകള്‍ മാത്രമുള്ള റോള്‍ ചെയ്തത്’ എന്നായിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ പോലും ദമയന്തിക്ക് വലിയ പ്രാധാന്യം കൊടുത്തിട്ടില്ലായിരുന്നു. ഇപ്പോള്‍ നിങ്ങളുടെ തലമുറയാണ് ആ കഥാപാത്രത്തെ കൂടുതല്‍ ചര്‍ച്ചയാക്കുന്നത്.
നായകനും അയാളെ തോല്പിക്കാന്‍ നടക്കുന്ന കഥാപാത്രവുമാണ് ആ പടത്തിന്റെ തുടക്കത്തില്‍. അതില്‍ ഒന്നുരണ്ടിടത്ത് വന്നുപോകുന്നയാളായി ഞാന്‍ വരുമ്പോള്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. സിനിമയുടെ ഒരു ഘട്ടത്തില്‍ രണ്ട് കഥാപാത്രങ്ങളും നേപ്പാളിലേക്ക് പോയപ്പോള്‍ എന്റെ ക്യാരക്ടറിന്റെ റോള്‍ കഴിഞ്ഞു. അവിടെ വേറൊരു മുറപ്പെണ്ണുണ്ടല്ലോ,’ ഉര്‍വശി പറയുന്നു.
ചിത്രത്തില്‍ തന്റെ റോളിന് പ്രാധാന്യമുണ്ടെന്ന് ഈയിടെയാണ് തിരിച്ചറിഞ്ഞതെന്നും താരം പറഞ്ഞു. ലാല്‍ സലാമിലെ അന്നമ്മ എന്ന കഥാപാത്രം ചെയ്യുമ്പോഴും അതിന്റെ ഡെപ്ത് തനിക്ക് അത്ര അറിയില്ലായിരുന്നെന്നും ഉര്‍വശി പറയുന്നു.
Content Highlight: Urvashi saying her character in Yodha movie was not discussed during release time