ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമാജീവിതം ആരംഭിച്ച ഉര്‍വശി പകര്‍ന്നാടാത്ത വേഷങ്ങളോ സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളോ ഇല്ല. ഒറ്റക്ക് ഒരു സിനിമ ഷോള്‍ഡര്‍ ചെയ്യുന്നതില്‍ ഉര്‍വശിക്ക് വെല്ലുവിളിയുയര്‍ത്തുന്ന നായികമാര്‍ കുറവാണ്. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ആശയിലും തന്റെ പെര്‍ഫോമന്‍സ് കൊണ്ട് താരം ഞെട്ടിക്കുന്നുണ്ട്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഉര്‍വശി നല്‍കിയ അഭിമുഖത്തിലെ ചെറിയൊരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. മോളിവുഡിലെ പലര്‍ക്കും തന്റെ കൂടെ അഭിനയിച്ചപ്പോഴായിരുന്നു റീ എന്‍ട്രി ലഭിച്ചതെന്ന അര്‍ത്ഥത്തിലായിരുന്നു താരം സംസാരിച്ചത്. ഇതാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനുണ്ടായ കാരണം.
‘സിനിമ വിട്ട് റിയല്‍ എസ്റ്റേറ്റിലേക്ക് കടന്ന കുഞ്ചാക്കോ ബോബന് ഒരു റീ എന്‍ട്രി കിട്ടിയത് സകുടുംബം ശ്യാമളയിലായിരുന്നു. പിന്നീട് മമ്മി ആന്‍ഡ് മിയും ഹിറ്റായി. അടുപ്പിച്ച് കുറെ ഫ്‌ളോപ്പുമായി നിന്ന മീര ജാസ്മിന് ഒരു വലിയ ഹിറ്റ് കിട്ടിയത് അച്ചുവിന്റെ അമ്മ ചെയ്തപ്പോഴായിരുന്നു. ഇപ്പോ ദേ ജോജുവിന്റെ പുതിയ സിനിമ കാണാന്‍ തീരുമാനിച്ചത് ഞാനും കൂടെ ഉള്ളതുകൊണ്ടാണെന്ന് ഒരു അമ്മയും മകളും പറയുന്നത് കേട്ടു,’ എന്നായിരുന്നു ഉര്‍വശിയുടെ വാക്കുകള്‍.
അച്ചുവിന്റെ അമ്മ എന്ന സിനിമക്ക് മുമ്പ് മീര ജാസ്മിന് ഒരുപാട് ഹിറ്റുകളുണ്ടായിരുന്നെന്നും ഉര്‍വശിയുടെ വാദം തെറ്റാണെന്നും ചിലര്‍ ആരോപിക്കുന്നു. മറ്റുള്ളവരുടെ വിജയത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള പ്ലാനാണോ ഇതെന്നും ചോദ്യങ്ങളുണ്ട്. ആശക്ക് മുമ്പ് ജോജു ചെയ്ത വരവിന് പോലും ആറ് കോടിക്കടുത്ത് കളക്ഷന്‍ ലഭിച്ചിരുന്നെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
‘മിതമായ നിരക്കില്‍ റീ എന്‍ട്രി കിട്ടാന്‍ ഉര്‍വശിയെ സമീപിക്കുക’, ‘ന്യൂഡെല്‍ഹി പണ്ട് റിലീസായത് ഭാഗ്യം, ഇപ്പോഴായിരുന്നെങ്കില്‍ മമ്മൂട്ടിക്ക് റീ എന്‍ട്രി കൊടുത്തത് ഞാനാണെന്ന് പറഞ്ഞേനെ’, ‘ഇതൊക്കെ കുറച്ച് ഓവറല്ലേ’, ‘റീ എന്‍ട്രി സ്റ്റാര്‍ ഉര്‍വശി’ എന്നിങ്ങനെയാണ് താരത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന കമന്റുകള്‍.
സമീപകാലത്ത് ഉര്‍വശിയെ മറ്റൊരു കാര്യത്തിലും സോഷ്യല്‍ മീഡിയ വിമര്‍ശിച്ചിരുന്നു. ആശയുടെ പ്രൊമോഷന്‍ ഇവന്റില്‍ ഇംഗ്ലീഷില്‍ സംസാരിച്ച ആങ്കറിനെ പബ്ലിക്കായി ഉര്‍വശി കളിയാക്കിയത് ഒരുപാട് വിമര്‍ശനത്തിന് വഴിവെച്ചു. ഇപ്പോഴിതാ റീ എന്‍ട്രിയുടെ പേരിലും താരത്തിന് ട്രോളുകള്‍ ലഭിക്കുകയാണ്.
Content Highlight: Urvashi’s comment about re entry getting trolls