| Friday, 3rd April 2026, 11:43 am

ഒരു 'തുടരും' അല്ല എന്റെയും ലാലേട്ടന്റെയും അടുത്ത് നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്: ഉർവശി

നന്ദന എം.സി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ് മോഹൻലാൽ–ഉർവശി കൂട്ടുകെട്ട്. 80കളുടെ അവസാനത്തിലും 90കളിലും ഇവർ ഒരുമിച്ചെത്തിയ സിനിമകൾ നിരന്തരം ഹിറ്റുകളായി മാറിയിരുന്നു.

സ്പടികം, കളിപ്പാട്ടം, മിഥുനം, സൂര്യഗായത്രി, ഭരതം, ലാൽ സലാം, യുവജനോത്സവം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഇരുവരുടെയും പ്രകടനം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

സ്പടികം,. Photo: YouTube/ Screengrab

ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നതിനായി ഇന്നും കാത്തിരിക്കുന്നവരാണ് മലയാളികൾ. ഇതേകുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താനും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രത്യേക പ്രതീക്ഷയുണ്ടാകുമെന്ന് ഉർവശി പറയുന്നു.

അതേസമയം, തങ്ങളുടെ അടുത്ത് നിന്ന് പ്രേക്ഷകർ ഒരു സീരിയസ് കഥയല്ല, മറിച്ച് ഹ്യൂമർ നിറഞ്ഞ സിനിമകളാണ് പ്രതീക്ഷിക്കുന്നതെന്നും താരം വ്യക്തമാക്കുന്നു. മൂവി വേൾഡ് മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഈ കാര്യങ്ങൾ പങ്കുവച്ചത്.

‘ആരെങ്കിലും ഒരു നല്ല സ്ക്രിപ്റ്റ് കൊണ്ടുവരണം. അപ്പോഴാണ് എനിക്കും മോഹൻലാലിനും ഒരുമിച്ച് അഭിനയിക്കാൻ കഴിയുക. കാരണം, ഇപ്പോൾ മറ്റൊരു ഹീറോയിനൊപ്പം അഭിനയിക്കുന്നതുപോലെ അല്ല, ഞാനും ലാലേട്ടനും ഒരുമിക്കുമ്പോൾ പ്രേക്ഷകർക്ക് ഒരു പ്രത്യേക പ്രതീക്ഷ ഉണ്ടാകും.

അതിൽ ഹ്യൂമറിന്റെ വലിയൊരു ഘടകം ഉണ്ടാകുമെന്ന് അവർ കരുതും. ഒരു പൂർണ സീരിയസ് സിനിമയല്ല, മറിച്ച് തമാശയുള്ള കഥയായിരിക്കും അവർ പ്രതീക്ഷിക്കുന്നത് അതാണ് ആ വ്യത്യാസം.

തുടരും, Photo: IMDb

എല്ലാ സംവിധായകരുടെയും മനസിൽ ഇത്തരം ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹമുണ്ട്. പല പുതിയ ഡയറക്ടർമാരും എന്റെയടുത്ത് വന്ന് ‘ചേച്ചിയെയും ലാലേട്ടനെയും വെച്ച് ഒരു സിനിമ ചെയ്യണം’ എന്ന് പറയാറുണ്ട്. പക്ഷേ അവർക്കൊരു ടെൻഷൻ ഉണ്ടാകും.

ഞങ്ങൾ രണ്ടുപേരും മുമ്പ് ചെയ്ത സിനിമകളേക്കാൾ മെച്ചപ്പെട്ടതായിരിക്കണം എന്ന ടെൻഷൻ ആണത്. അതാണ് പ്രധാന പ്രശ്നം. അല്ലാതെ ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവും ഇല്ല,’ ഉർവശി പറഞ്ഞു.

ഭദ്രൻ സംവിധാനം ചെയ്ത ഇരുവരുടെയും സ്ഫടികം എന്ന ചിത്രം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. മോഹൻലാലും ഉർവശിയും ഒരുമിച്ചെത്തി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഈ ചിത്രം മോളിവുഡിലെ ഏറ്റവും കൂടുതൽ ആരാധകർ പിന്തുടരുന്ന മാസ് എന്റർടെയ്‌നറുകളിൽ ഒന്നായി തുടരുന്നു.

മോഹൻലാൽ അവതരിപ്പിച്ച ആടുതോമ എന്ന കഥാപാത്രവും, ഉർവശിയുടെ തുളസി എന്ന കഥാപാത്രവും ഇന്നും മലയാളികളുടെ ഹൃദയങ്ങളിൽ മായാതെ നിലകൊള്ളുന്ന ഒന്നാണ്.

Content Highlight: Urvashi reveals the reason behind not acting with Mohanlal

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more