ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് ഉര്‍വശി. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഉര്‍വശി പകര്‍ന്നാടാത്ത വേഷങ്ങളും സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളും ബാക്കിയില്ല. ഓരോ സിനിമ കഴിയുന്തോറും പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കുന്ന ഉര്‍വശിയുടെ ഏറ്റവും പുതിയ ചിത്രമായ ആശ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്ത സിനിമയിൽ ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, വിജയരാഘവൻ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന് ഇതിനോടകം മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഉർവശി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഉർവശി. Photo. Screen Grab/ Youtube
പുതിയ തലമുറയിലെ സിനിമകളിൽ വ്യത്യസ്തമായ ചിന്താഗതികൾ കടന്നുവരുന്നതിന്റെ ഉദാഹരണങ്ങളാണ് ജഗതീഷും ഇന്ദ്രൻസുമെന്നാണ് നടി പറയുന്നത്. പഴയ ക്ലിഷേ കഥാപാത്രങ്ങളിൽ നിന്ന് മാറിനിൽക്കാൻ അവർക്ക് സാധിച്ചതിനെക്കുറിച്ചും താരം സംസാരിക്കുന്നു.
‘പുതിയ ആളുകൾക്ക് വളരെ വ്യത്യസ്തമായ ചിന്താഗതികൾ ഉണ്ടാകുന്നു എന്നതിന്റെ തെളിവാണ് ജഗതീഷേട്ടനും ഇന്ദ്രൻസ് ചേട്ടനും. അല്ലെങ്കിൽ അവരെ പണ്ട് മുതൽക്കേ സിനിമകളിൽ ചെയ്തിരുന്ന ക്ലിഷേ റോളുകളിൽ നിന്ന് ഇന്നും മാറിലായിരുന്നു. ആ കാലഘട്ടത്തിൽ അവർ ചെയ്തുകൊണ്ടിരുന്ന കഥാപാത്രങ്ങളുടെ ഒരു ഇമേജിനെ കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാൽ അതിൽ നിന്നുമൊരു മോചനം കിട്ടിയ ആളായിരുന്നു ഞാൻ,’ നടി പറഞ്ഞു.
തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ സാധിച്ചതുകൊണ്ട് പ്രത്യേകമായൊരു കഥാപാത്ര ഇമേജിൽ ഒതുങ്ങേണ്ടിവന്നിട്ടില്ലെന്നും താരം പറയുന്നു.
ഉർവശി. Photo. Screen Grab/ Youtube
‘നായികമാർ തുളസിക്കതിർ ചൂടിനിൽക്കുന്ന ഒരു സമയത്ത് വൃത്തിയായിട്ട് കുടുംബം കലക്കി കൊടുത്ത ആളായിരുന്നു ഞാൻ. ജയറാമിന്റെ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന അതേ സമയത്ത്, ജയറാമിന്റെ ചേട്ടത്തിയായിട്ടും പാർവതിയുടെ നാത്തൂൻ ഒക്കെയായിട്ടും അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് പണ്ടുകാലങ്ങളിൽ എനിക്ക് അങ്ങനെ ഒരു പ്രത്യേക ക്യാരക്ടർ ഇമേജുകളിൽ ഒതുങ്ങിപ്പോകേണ്ടി വന്നിട്ടില്ല,’ ഉർവശി പറഞ്ഞു.