രണ്ട് തവണ ദേശീയ അവാർഡും ആറ് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയ മലയാളത്തിലെ ഏറ്റവും മികച്ച അഭിനയത്രിയാണ് നടി ഉർവശി. 1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിൽ തന്റെ എട്ടാം വയസ്സിൽ ആദ്യമായി അഭിനയിച്ചു കൊണ്ടാണ് നടി സിനിമയിലേക്കെത്തുന്നത്.
ഇപ്പോഴിതാ വീണ്ടും തന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെ ആശ എന്ന മൂവിയിലൂടെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് താരം. സൂപ്പർ സ്റ്റാർ എന്ന പദവി തനിക്ക് താല്പര്യമില്ലെന്നും നടിയായി അറിയപ്പെടാനാണ് ആഗ്രഹം എന്നും തുറന്ന് പറയുകയാണ് ഇപ്പോൾ. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ഉർവശി. Photo. Screen grab/ Youtube
സൂപ്പർ സ്റ്റാർ എന്ന വിശേഷണവും അതിനൊപ്പമുള്ള ഭാരവും തനിക്ക് ആവശ്യമില്ലെന്നും ഒരു സാധാരണക്കാരിയായി തന്നെ കാണുന്നതാണ് ഇഷ്ടമെന്നും ഉർവശി പറഞ്ഞു.
‘ആ ഒരു ഭാരം തലയിൽ വെക്കാനും കുഴിയിൽ ചാടാനും എനിക്ക് വയ്യ. പിന്നെ അത് നിലനിർത്താൻ നമ്മൾ പാടുപെടേണ്ടി വരും. ഞാൻ ഒരു സാധാരണക്കാരിയായിട്ട് എന്നെ അങ്ങനെ കണ്ടാൽ മതി. എനിക്ക് പങ്കെടുക്കാനാണ് ഇഷ്ടം, നേതൃത്വത്തോട് താത്പര്യമില്ല’, ഉർവശി പറഞ്ഞു.
നേതൃത്വത്തിൽ താത്പര്യമുണ്ടായിരുന്നെങ്കിൽ താൻ ഇതിനോടകം സിനിമ സംവിധാനം ചെയ്തേനെയെന്നും ഉർവശി പറഞ്ഞു. എന്നാൽ സംവിധാനത്തിലേക്ക് വരണമെന്ന ആഗ്രഹം തനിക്കില്ലെന്നും താരം വ്യക്തമാക്കി.
അഭിനേതാവിന് ലഭിക്കുന്ന ബഹുമാനം ഒരിക്കലും ഒരു ‘സ്റ്റാറിന്’ ലഭിക്കില്ലെന്നും ഉർവശി പറഞ്ഞു. ‘സ്റ്റാർ’ എന്ന വിശേഷണത്തെ രാത്രിയുമായി താരതമ്യം ചെയ്തായിരുന്നു താരത്തിന്റെ വാക്കുകൾ.
‘ആക്ടറിന് ലഭിക്കുന്ന റെസ്‌പെക്ട് ഒരിക്കലും സ്റ്റാറിന് കിട്ടാറില്ല. സ്റ്റാർ എന്ന് പറയുന്നത് രാത്രി മാത്രം വരുന്നതല്ലേ, അപ്പോൾ പകലിൽ എന്ത് ചെയ്യും. സ്റ്റാർ പകൽ ഉദിച്ചു നിന്നാലും നമ്മൾ ആരും കാണുന്നില്ലല്ലോ’, ഉർവശി പറഞ്ഞു.
ഉർവശി. Photo. Screen grab/ Youtube
പുതുമുഖ സംവിധായകനായ സനൽ സഫർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആശ. ജോജു ജോർജ്, രമേശ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഉർവശി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തും.
Content Highlight: Urvashi opens up about her disinterest in stardom and star status