| Friday, 10th October 2025, 5:24 pm

മമ്മൂക്ക ഏറ്റവും സ്റ്റൈല്‍ ആയി എത്തിയ സിനിമ; സ്ത്രീകള്‍ക്ക് പ്രാധാന്യമില്ലാത്ത സിബി ചേട്ടന്റെ ഒരു സിനിമയായിരുന്നു അത്: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

40 വര്‍ഷത്തിലധികമായി ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഉര്‍വശി. അന്യഭാഷകളിലും ശ്രദ്ധേയയായ ഉര്‍വശി മലയാളത്തില്‍ നിന്ന് ആറ് സംസ്ഥാന അവാര്‍ഡുകളും ദേശീയതലത്തില്‍ രണ്ട് അവാര്‍ഡുകളും തന്റെ പേരിലാക്കിയിട്ടുണ്ട്.

ഇപ്പോള്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഓഗസ്റ്റ് ഒന്ന് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു നടി. ഓഗസ്റ്റ് ഒന്ന് മമ്മൂട്ടി ഏറ്റവും സ്റ്റൈലായിട്ട് വന്ന സിനിമയാണെന്ന് ഉര്‍വശി പറയുന്നു. ഞാന്‍ ആദ്യമായി അഭിനയിച്ച സിബി മലയില്‍ ചിത്രം അതാണെന്നും ഉര്‍വശി പറഞ്ഞു.

‘എനിക്ക് വളരെ ഇഷ്ടമാണ് ആ സിനിമയില്‍ മമ്മൂക്കയുടെ അപ്പിയറന്‍സ്. രണ്ട് സുഹൃത്തുക്കളുടെ സിനിമയാണത്. അതില്‍ രണ്ട് സ്ത്രീ കഥാപാത്രങ്ങളെ ഉള്ളു, ഞാനും കല്‍പ്പന ചേച്ചിയും. ഇന്നസെന്റിന്റെ ജോഡിയായി കല്‍പനയും സുകുമാരന്റ പെയറായിട്ട് ഞാനും.

ഈ രണ്ട് കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമില്ല. സിബി ചേട്ടന്റെ സിനിമയില്‍ സ്ത്രീകള്‍ക്ക് ഒട്ടും പ്രധാന്യമില്ലാത്ത ഒരു സിനിമയാണ് ഓഗസ്റ്റ് ഒന്ന്. അതിന്റ കഥയങ്ങനെയാണ്. പ്രായത്തിന് മൂത്ത ഒരാളുടെ ജോഡി, അതും കോമഡി റോളായതുകൊണ്ട് കല്‍പ്പനക്ക് ആ കഥാപാത്രം ചെയ്യാന്‍ താത്പര്യമില്ലായിരുന്നു,’ ഉര്‍വശി പറയുന്നു.

എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1988 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഓഗസ്റ്റ് ഒന്ന്. ചിത്രത്തില്‍ മമ്മൂട്ടി, സുകുമാരന്‍, ക്യാപ്റ്റന്‍ രാജു എന്നിവര്‍ അഭിനയിച്ചിരുന്നു. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണിയണ് ഈ ചിത്രം നിര്‍മ്മിച്ച് വിതരണം ചെയ്തത്.

Content highlight: Urvashi is talking about the film August One, directed by Sibi Malayil

We use cookies to give you the best possible experience. Learn more