| Tuesday, 12th August 2025, 5:13 pm

ഗ്ലാമര്‍ ഡ്രസ് ധരിക്കാന്‍ താത്പര്യമില്ലാത്ത നിങ്ങള്‍ക്ക് മലയാളസിനിമയാണ് ചേരുന്നതെന്ന് എന്നോട് ആ നടന്‍ പറഞ്ഞു: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. പത്താം വയസ്സില്‍ സിനിമാലോകത്തേക്കെത്തിയ താരം 13ാം വയസിലാണ് നായികയായി അരങ്ങേറിയത്. 47 വര്‍ഷത്തെ സിനിമാജീവിതത്തില്‍ നിരവധി കഥാപാത്രങ്ങളെ പകര്‍ന്നാടാന്‍ ഉര്‍വശിക്ക് സാധിച്ചു. ആറ് ഭാഷകളില്‍ സാന്നിധ്യമറിയിച്ച താരത്തെത്തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിരുന്നു. ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡിലും ഉര്‍വശി തിളങ്ങി.

ഉര്‍വശിയുടെ കരിയറില്‍ ഏറ്റവുമധികം സ്വാധീനമുണ്ടാക്കിയ വ്യക്തികളില്‍ ഒരാളാണ് കമല്‍ ഹാസന്‍. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചത് കമല്‍ ഹാസനാണെന്ന് ഉര്‍വശി അടുത്തിടെ പറഞ്ഞിരുന്നു. കമല്‍ ഹാസനെക്കുറിച്ച് സംസാരിക്കുകയാണ് താരം ഇപ്പോള്‍.

‘തമിഴില്‍ ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്ത് നിന്ന സമയത്ത് എന്നോട് മലയാളത്തില്‍ സിനിമ ചെയ്യാന്‍ പറഞ്ഞത് കമല്‍ ഹാസനായിരുന്നു. പിന്നീട് മലയാളത്തിലെത്തിയപ്പോള്‍ ഞാന്‍ ആഗ്രഹിച്ച തരത്തിലുള്ള സിനിമകള്‍ കിട്ടി. പിന്നീട് തമിഴ് പ്രേക്ഷകര്‍ ഇപ്പോള്‍ കാണുന്ന ഉര്‍വശിയെ അംഗീകരിച്ചതിന് കാരണം മലയാളസിനിമയാണ്.

തമിഴിനെക്കാള്‍ എനിക്ക് ചേരുന്നത് മലയാളമാണെന്ന് ആദ്യം എന്നോട് പറഞ്ഞത് കമല്‍ ഹാസനാണ്. ‘നിങ്ങള്‍ക്ക് തമിഴിനെക്കാള്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നത് മലയാളത്തിലായിരിക്കും. തമിഴിലാണെങ്കില്‍ നിങ്ങള്‍ക്ക് ഗ്ലാമര്‍ ഡ്രസ് ധരിക്കാന്‍ സമ്മതമല്ല, ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ സമ്മതമല്ല എന്നൊക്കെയാണല്ലോ. മലയാളത്തില്‍ അതൊന്നും ഉണ്ടാകില്ല’ എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്. അത് കേട്ടാണ് ഞാന്‍ മലയാളത്തിലേക്ക് വന്നത്,’ ഉര്‍വശി പറയുന്നു.

ഒപ്പം അഭിനയിക്കുമ്പോള്‍ ഒട്ടും പ്രെഡിക്ട് ചെയ്യാനാകാത്ത പല പെര്‍ഫോമന്‍സും കമല്‍ ഹാസനില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. മൈക്കല്‍ മദന കാമരാജ് എന്ന ചിത്രത്തിലെ ഗാനരംഗത്തിനിടയില്‍ കമല്‍ ഹാസന്‍ തന്റെ കാലില്‍ വീണെന്നും അത് സീനിലില്ലായിരുന്നെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. പെട്ടെന്നുള്ള ആ കാര്യം ഉള്‍ക്കൊള്ളാനാകാതെ താന്‍ പിന്നോട്ട് ചാടിയെന്നും സിനിമയില്‍ അത് ഉപയോഗിച്ചെന്നും താരം പറഞ്ഞു.

കോമഡി രംഗങ്ങളില്‍ കമല്‍ ഹാസനെ വെല്ലാന്‍ മറ്റൊരു മുന്‍നിര നടനെ താന്‍ കണ്ടിട്ടില്ലെന്നും ഉര്‍വശി പറയുന്നു. വെറുതേ നടന്നുപോകുന്ന സീനില്‍പ്പോലും വ്യത്യസ്തത കൊണ്ടുവരാന്‍ കമല്‍ ഹാസന്‍ ശ്രദ്ധിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് സിനിമക്ക് വേണ്ടി മാത്രം ജീവിതം മാറ്റിവെച്ച ചുരുക്കം ചില ആളുകളിലൊരാളണ് കമല്‍ ഹാസനെന്നും ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi  about the advise she got from Kamal Haasan

We use cookies to give you the best possible experience. Learn more