| Wednesday, 13th August 2025, 9:24 pm

സ്ത്രീ ശരീരം എക്‌സ്‌പോസ് ചെയ്ത് കാണിച്ചാല്‍ മാത്രമേ സിനിമ ഓടുള്ളൂ എന്ന് വിശ്വാസം മാറ്റിയത് കമല്‍ ഹാസന്‍: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടിലധികമായി സിനിമാലോകത്തെ നിറസാന്നിധ്യമാണ് ഉര്‍വശി. ഇന്ത്യയിലെ മുന്‍നിര ഭാഷകളിലെല്ലാം ഇക്കാലയളവില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചു. ബാലതാരമായി സിനിമയിലേക്കെത്തിയ താരം പിന്നീട് നായികാവേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും പ്രേക്ഷകരെ ഞെട്ടിച്ചു. ഒട്ടനവധി പുരസ്‌കാരങ്ങള്‍ ഉര്‍വശിയെ തേടിയെത്തുകയും ചെയ്തു.

സിനിമാലോകത്ത് ഒരുപാട് കാലം പിടിച്ചുനില്‍ക്കാന്‍ ഒരു നടിക്ക് എക്‌സ്‌പോസിങ് സീനുകള്‍ ചെയ്യേണ്ടത് അത്യാവശ്യമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഉര്‍വശി. 16- 17 വയസില്‍ സിനിമാലോകത്തേക്കെത്തുന്ന ഒരു നടിക്ക് അവളുടെ ജീവിതത്തിന്റെ ഏറ്റവും നല്ല പ്രായത്തില്‍ മികച്ച വേഷങ്ങള്‍ ലഭിക്കുക എന്നത് പ്രയാസമുള്ള കാര്യമാണെന്ന് ഉര്‍വശി പറഞ്ഞു.

‘അഭിനയത്തിന് പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്ത് മാത്രം ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. നായികയാണെങ്കില്‍ എക്‌സ്‌പോസ് ചെയ്ത് അഭിനയിക്കണമെന്നുള്ളത് സിനിമ എന്ന ബിസിനസിന്റെ മാത്രം ആവശ്യമാണ്. അത് കാണാനും രസിക്കാനും ആളുകള്‍ കൂടുമെന്നുള്ളത് സിനിമയെ ബിസിനസ്സായി മാത്രം കാണുന്ന ചിലരുടെ ചിന്തയാണ്.

അത് എന്ത് തരം ചിന്തയാണെന്ന് ഞാന്‍ ചോദിക്കാറുണ്ട്. മുട്ടിന് മുകളില്‍ വരെ അല്പവസ്ത്രം മാത്രം ധരിച്ചുകൊണ്ട് ഒരു നായിക ഡാന്‍സ് ചെയ്യുന്നു. നായകനും കൂടെ ഡാന്‍സ് ചെയ്യുന്നു. ചുറ്റും വേറെ ഡാന്‍സര്‍മാരും ഡാന്‍സ് കളിക്കുന്നു. എന്ത് കോണ്‍സെപ്റ്റാണ് ഇത്. എവിടെയെങ്കിലും ഇങ്ങനെ നടക്കാറുണ്ടോ. ഇതെല്ലാം സിനിമയെ ബിസിനസ്സായി കാണുന്നവരുടെ ചിന്തയാണ്.

അതിനിടയില്‍ സ്ത്രീ ശരീരം എക്‌സ്‌പോസ് ചെയ്ത് കാണിക്കാതെ അവരെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാമെന്ന് കാണിച്ച നിര്‍മാതാവാണ് കമല്‍ ഹാസന്‍. അദ്ദേഹം കാണിച്ച ധൈര്യമാണ് മകളീര്‍ മട്ടും എന്ന സിനിമ. അന്നത്തെ വലിയ ഹിറ്റായി ആ സിനിമ മാറി. അതുപോലെ ഒരുപാട് തെറ്റായ ധാരണകള്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയിലുണ്ട്,’ ഉര്‍വശി പറയുന്നു.

തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികള്‍ മാത്രമാണ് ഇത്തരത്തില്‍ ഗ്ലാമറസ് വേഷങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതെന്നും അതെല്ലാം കൊമേഴ്‌സ്യല്‍ ഇന്‍ഡസ്ട്രികളാണെന്നും താരം പറഞ്ഞു. മലയാളം, ബംഗാളി സിനിമകളില്‍ സ്ഥിതി വ്യത്യാസമാണെന്നും കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും മാത്രമാണ് അവിടെ പ്രധാന്യമുള്ളതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

Content Highlight: Urvashi about glamorous scenes in Tamil Cinema

We use cookies to give you the best possible experience. Learn more