| Monday, 13th May 2019, 10:27 pm

'ദൈവമേ നന്ദി, എന്റെ റോമിയോയുടെ ചെവികളില്‍ റഡാര്‍ സിഗ്നലുകള്‍ നന്നായി ലഭിക്കും'; മോദിയെ ട്രോളി ഊര്‍മിള മതോണ്ഡ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രധാനമന്ത്രിയുടെ റഡാര്‍ പരാമര്‍ശത്തെ ട്രോളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ ഊര്‍മിള മതോണ്ഡ്കര്‍. തന്റെ വളര്‍ത്തുനായയോടൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ഊര്‍മിളയുടെ പരിഹാസം.

‘ദൈവമേ നന്ദി. തെളിഞ്ഞ ആകാശമാണ്. മേഘങ്ങളില്ല. എന്റെ റോമിയോയുടെ ചെവികളില്‍ റഡാര്‍ സിഗ്നലുകള്‍ നന്നായി ലഭിക്കും’- എന്നായിരുന്നു ട്വീറ്റ്. മോദിയുടെ പേര് പറയാതെയായിരുന്നു ട്വീറ്റ്.

ബാലാക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചിരിയുണര്‍ത്തുന്നത്. കാലാവസ്ഥ മോശമായിരുന്നതിനാല്‍ വ്യോമാക്രമണം മറ്റൊരു ദിവസത്തേക്കു മാറ്റിവെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ആലോചിച്ചെന്നും എന്നാല്‍ മേഘങ്ങള്‍ നിറഞ്ഞ കാലാവസ്ഥയാണു നല്ലതെന്നും അതു വിമാനങ്ങളെ ശത്രുക്കളുടെ റഡാറില്‍ നിന്നു മറയ്ക്കാന്‍ സഹായിക്കുമെന്നും താനാണു നിര്‍ദേശിച്ചതെന്നും മോദി നടത്തിയ പരാമര്‍ശമായിരുന്നു ഇതിനു കാരണം.

ഇതാദ്യമായല്ല മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഊര്‍മിള മോദിക്കെതിരേ രംഗത്തെത്തുന്നത്. മോദി ഒരു ബയോപിക് അര്‍ഹിക്കുന്നില്ലെന്ന് കഴിഞ്ഞമാസം അവര്‍ പറഞ്ഞിരുന്നു. ‘മോദിയുടെ ബയോപിക് ഒരു തമാശയില്‍ക്കുറഞ്ഞ് മറ്റൊന്നുമല്ല. 56 ഇഞ്ച് നെഞ്ചുള്ള അദ്ദേഹത്തിന് ഇതുവരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നശിപ്പിക്കപ്പെട്ട രാജ്യത്തിന്റെ ജനാധിപത്യത്തിനും ദാരിദ്ര്യത്തിനും വൈവിധ്യത്തിനും എതിരേയുള്ള ഒരു തമാശയാണത്.’- ഊര്‍മിള പറഞ്ഞു.

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ് മോദിയായി അഭിനയിക്കുന്ന സിനിമ ചൂണ്ടിക്കാട്ടിയായിരുന്നു ഊര്‍മിളയുടെ പരാമര്‍ശം.

ഈവര്‍ഷം മാര്‍ച്ചിലാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേരുന്നത്. ബി.ജെ.പിയുടെ സിറ്റിങ് എം.പി ഗോപാല്‍ ഷെട്ടിയാണ് ഊര്‍മിളയുടെ എതിര്‍സ്ഥാനാര്‍ഥി.

Latest Stories

We use cookies to give you the best possible experience. Learn more