തിയേറ്ററുകളിൽ ഈയടുത്ത് റീ-റിലീസ് ചെയ്ത മലയാള സിനിമകൾക്ക് കിട്ടിയ വ്യത്യസ്ത പ്രേക്ഷക സ്വീകാര്യതയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ് ഷേണായീസ് തിയേറ്റർ ഉടമ സുരേഷ് ഷേണായ്.
അടുത്തകാലത്തായി തിയേറ്ററുകളിൽ റീ-റിലീസ് ചെയ്ത ചിത്രങ്ങളിൽ തങ്ങൾക്ക് ആഘോഷമാക്കാൻ സാധിക്കുന്ന സിനിമകൾക്കാണ് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിച്ചതെന്ന് പറയുകയാണ് സുരേഷ് ഷേണായ്.
പുതിയ തലമുറയിൽപ്പെട്ട പ്രേക്ഷകർ അടക്കം അത്തരത്തിലുള്ള സിനിമകൾ ബിഗ് സ്‌ക്രീനിൽ കണ്ടുപരിചയം ഇല്ലാത്തതുകൊണ്ടാണ് സെലിബ്രേഷൻ മൂഡിലുള്ള സിനിമകൾക്ക് റീ-റിലീസ് വേളയിൽ വലിയ സ്വീകാര്യത ലഭിക്കുന്നതെന്നും സുരേഷ് ഷേണായ് വ്യക്തമാക്കി. ഷോ സ്‌കേപ്പ് ജേർണൽ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഷേണായ്. pHOTO. Screen grab/ Youtube
‘ഈ അടുത്തകാലത്തായി മലയാളത്തിൽ റീ-റിലീസ് ചെയ്ത ചില സിനിമകൾക്ക് മാത്രമേ അതിന്റെ മുടക്കുമുതൽ തിരിച്ചു കിട്ടിയിട്ടുള്ളൂ. അതെല്ലാം തന്നെ ഒരു സെലിബ്രേഷൻ മൂഡിലുള്ള സിനിമകളുമാണ്, മോഹൻലാലിന്റെ സ്ഫടികം, മണിച്ചിത്രത്താഴ്, രാവണപ്രഭു , ചോട്ടാ മുംബൈ എന്നിവയൊക്കെ അതിന് ഉദാഹരണമാണ്.
ഇത്തരം സിനിമകൾ റീ-റിലീസ് ചെയ്തപ്പോഴും വലിയ സ്വീകാര്യത നേടാൻ കാരണം, ഇപ്പോഴത്തെ ജനറേഷൻ അങ്ങനത്തെ സിനിമകളൊന്നും സ്ക്രീനിൽ കണ്ടിട്ടില്ല എന്നതുകൊണ്ടാണ്. അതിനാൽ അവർക്ക് തീയേറ്ററിൽ ആഘോഷിക്കാവുന്ന മൂഡിലുള്ള ഒരു സിനിമ കാണാനാണ് താത്പര്യം. ഇനി ഭാവിയിലും അങ്ങനത്തെ മൂഡിലുള്ള പടങ്ങൾ റീ-റിലീസ് ചെയ്തിട്ടേ കാര്യമുള്ളൂ എന്ന് എനിക്ക് തോന്നുന്നു,’ അദ്ദേഹം പറഞ്ഞു.
കിരീടം പോലെയുള്ള ക്ലാസിക് സിനിമകൾ റീ റിലീസ് ചെയ്തപ്പോൾ പ്രതീക്ഷിച്ച കളക്ഷൻ കിട്ടാതിരുന്നത് പ്രേക്ഷകർക്ക് തിയേറ്ററുകളിൽ ആഘോഷമാക്കാനുള്ള സാധ്യതകൾ ആ സിനിമകളിൽ കുറവായതുകൊണ്ടാണെന്നും ഷേണായ് പറയുന്നു.
സിനിമകൾ റീ-റിലീസിന് ഒരുങ്ങുമ്പോൾ മാസ് ഘടകങ്ങൾ ഉള്ള സിനിമകൾ തെരഞ്ഞെടുക്കുന്നത് നിർമ്മാതാക്കൾക്ക് പ്രതീക്ഷിച്ച മുടക്കുമുതൽ ലഭിക്കാൻ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഈ അടുത്ത് വീണ്ടും തിയേറ്ററിലെത്തിയ കിരീടം, അത് വൺ ഓഫ് ദി ബെസ്റ്റ് ക്ലാസിക് സിനിമകളിൽ ഒന്നായിരുന്നിട്ടും അതിന് പ്രതീക്ഷിച്ച കളക്ഷൻ കിട്ടിയിട്ടില്ല. അങ്ങനെ റീ റിലീസ് ചെയ്ത വേറെയും കുറെ നല്ല ക്ലാസിക് സിനിമകൾക്ക് വളരെ മോശം കളക്ഷൻ ആയിരുന്നു. അതുകൊണ്ട് സിനിമകൾ റീ റിലീസിന് ഒരുക്കുമ്പോൾ തികച്ചും സെലക്ടീവ് ആയിരിക്കണം. അതിൽ മാസ് എലമെന്റ് ഉണ്ടെങ്കിൽ മാത്രമേ തിയേറ്ററുകളിൽ അത് വീണ്ടും എത്തിച്ചിട്ട് കാര്യമുള്ളൂ,’ സുരേഷ് ഷേണായ് പറഞ്ഞു.
ചോട്ടാ മുംബൈ. കിരീടം. സ്പടികം. Photo. AI Shaab Cinema. Instagram