ന്യൂദൽഹി: സ്വാതന്ത്ര്യ ദിന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ദേശീയ പതാകയെ സൂചിപ്പിക്കുന്ന മൂന്ന് നിറങ്ങളും തന്റെ വസ്ത്രധാരണത്തിൽ തെറ്റായ രീതിയിൽ ഉപയോഗിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ്. മോദി തന്റെ വസ്ത്രത്തിന്റെ പോക്കറ്റിൽ ദേശീയ പതാകയിലെ മൂന്ന് നിറങ്ങളിലുള്ള പോക്കറ്റ് സ്ക്വയറുകളുണ്ടായിരുന്നു. ഈ പോക്കറ്റ് സ്ക്വയറുകൾ ധരിച്ച രീതിയിലാണ് വിമർശനം ഉയർന്നിരിക്കുന്നത്.
കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ എക്സ് ഹാൻഡിലിൽ പങ്കുവച്ച ഒരു കുറിപ്പിലാണ് മോദിക്കെതിരെ വിമർശനം ഉന്നയിച്ചിട്ടുള്ളത്. അയർലന്റിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിലാണോ മോദി പങ്കെടുത്തെന്ന് ആ പോസ്റ്റിൽ ചോദിക്കുന്നു. ഉറുദു ഭാഷയിലുള്ള ത്രിവർണങ്ങളാണോ മോദി ധരിച്ചതെന്ന് ചോദിച്ചതെന്നും കോൺഗ്രസ് എക്സ് പോസ്റ്റിൽ ചോദിച്ചു.
‘സാഹിബ് ഉറുദുവിൽ ത്രിവർണ്ണ പതാക ധരിച്ചപോലെയുണ്ട്. അല്ലെങ്കിൽ ചിലപ്പോൾ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് പകരം അയർലണ്ടിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണോ?,’ എക്സ് പോസ്റ്റിൽ പറയുന്നു.
മുകളിൽ കുങ്കുമ നിറം, നടുവിൽ വെള്ള നിറം, താഴെ പച്ച നിറം എന്നിങ്ങനെയാണ് ത്രിവർണ പതാകയിലെ നിറങ്ങളുടെ ക്രമം. എന്നാൽ മോദിയുടെ പോക്കറ്റിൽ ഇത് നേരെ തിരിച്ചാണ്.ആദ്യം പച്ച, നടുവിൽ വെള്ള, അവസാനം കുങ്കുമം എന്ന ക്രമത്തിൽ. ഇത് ചൂണ്ടിക്കാട്ടിയാണ് ഉറുദുവിലുള്ള പതാക എന്ന വിമർശനം ഉയരുന്നത്.
ഭൂരിപക്ഷം ഇന്ത്യൻ ഭാഷകളും ഇടത്ത് നിന്ന് വലത്തോട്ട് എഴുതുന്ന തരം ലിപികളാണ് ഉപയോഗിക്കുന്നത്. എന്നാൽ വലത്ത് നിന്ന് ഇടത്തോട്ട് എഴുതുന്ന ലിപി ഉപയോഗിക്കുന്ന ഇന്ത്യൻ ഭാഷയാണ് ഉറുദു. ഇതുമായി താരതമ്യം ചെയ്താണ് മോദി തന്റെ പോക്കറ്റിൽ ത്രിവർണ പതാകയിലെ നിറങ്ങൾ നേരെ തിരിച്ചിട്ടതിനെക്കുറിച്ച് ഉറുദു ത്രിവർണം എന്ന വിമർശനം ഉയരുന്നത്.
ഇടത്ത് നിന്ന് വലത്തോട്ട് പച്ചയും വെള്ളയും കുങ്കുമവും നിറങ്ങളുള്ള പതാകയാണ് അയർലാൻഡിന്. മോദിയുടെ പോക്കറ്റ് സ്ക്വയറുകളിലും ഈ ക്രമത്തിലാണ് ഈ നിറങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് അയർലാൻഡിന്റെ സ്വാതന്ത്ര്യദിനമാണെന്നാണോ മോദി കരുതുന്നതെന്ന വിമർശനം.
പവൻ ഖേരയുടെ എക്സ് പോസ്റ്റിന് പുറമെ സോഷ്യൽ മീഡിയയിൽ പല യൂസർമാരും മോദിക്കെതിരെ ഈ വിഷയത്തിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
X Post Criticizing Modi
X Post Criticizing Modi
ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്ത്യയുടെ ദേശീയ പതാകയുടെ ക്രമത്തിന് പകരം അയർലൻഡിന്റെ പതാകയുടെ ക്രമത്തിലുള്ള മോദിയുടെ വസ്ത്രധാരണം നിരാശപ്പെടുത്തുന്നതാണെന്ന് ഒരു എക്സ് യൂസർ പറഞ്ഞു. മോദിയുടെ നടപടി ത്രിവർണ പതാകയെ അപമാനിക്കലാണെന്ന തരത്തിലുള്ള വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
അതേസമയം, ബി.ജെ.പിയുടെ വ്യാജ ദേശീയതയുടെ യഥാർത്ഥ ചിത്രമാണ് മോദിയുടെ നടപടി വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് ബിഹാർ സംസ്ഥാന കമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ത്രിവർണ്ണ പതാകയുടെ നിറങ്ങളുടെ ശരിയായ ക്രമം അവർക്കുതന്നെ അറിയില്ലെന്നും എന്നിട്ടും അവർ ദേശീയതയുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതെന്നും പോസ്റ്റിൽ പറയുന്നു.
‘വ്യാജ ദേശീയതയുടെ യഥാർത്ഥ ചിത്രം!
ത്രിവർണ്ണ പതാകയുടെ നിറങ്ങളുടെ ശരിയായ ക്രമം അവർക്കുതന്നെ അറിയില്ല, അവർ ദേശീയതയുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു,’ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Content Highlight: ‘Urdu Tiranga, Ireland Independence Day’: Congress takes swipe at PM Modi over tricolour pocket squares