| Thursday, 29th January 2015, 9:37 am

ഷാര്‍ലി ഹെബ്ദോയുടെ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ച ഉര്‍ദു പത്രത്തിന്റെ എഡിറ്റര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഷാര്‍ലി ഹെബ്ദോയില്‍ പ്രസിദ്ധീകരിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ച ഉര്‍ദു ദിനപത്രത്തിന്റെ എഡിറ്റര്‍ അറസ്റ്റില്‍. ബുധനാഴ്ചയാണ് ഉര്‍ദു പത്രത്തിന്റെ എഡിറ്ററായ ശിരീന്‍ ദാല്‍വിയെ മുംബ്ര പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് താനെ കോടതിയില്‍ ഹാജരാക്കി.

നുസറത്ത് അലിയെന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. 15 ദിവസം മുമ്പ് ഇയാള്‍ ശിരീന്‍ ദാല്‍വിയ്‌ക്കെതിരെ മുംബ്ര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

നാലുദിവസം മുമ്പ് പരാതിക്കാരനൊപ്പം രാഷ്ട്രീയ ഉലമ കൗണ്‍സില്‍ നേതാവുമെത്തി മുംബ്ര പോലീസ് സ്‌റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനു പരാതി നല്‍കിയിരുന്നു.

എഡിറ്ററെ അറസ്റ്റു ചെയ്തില്ലെങ്കില്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധം നടത്തുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായി പോലീസ് പറയുന്നു. അറസ്റ്റിലായ എഡിറ്ററെ പിന്നീടു ജാമ്യത്തില്‍ വിട്ടു.

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 295 A പ്രകാരം മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിനാണു ദാല്‍വിയ്‌ക്കെതിരെ കേസെടുത്തത്. ജനുവരി 17 പുറത്തിറങ്ങിയ ഉര്‍ദു പത്രം അവധനാമയുടെ കവര്‍ പേജിലാണു ചാര്‍ലി ഹെബ്ദോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുള്ളത്.

കാര്‍ട്ടൂണ്‍ വന്നതിനു പിന്നാലെ മുംബൈ, താനെ പരിസരങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ജനുവരി 17ന്റെ ലക്കം പുറത്തുവന്നതിനു തൊട്ടുപിന്നാലെ പ്രസ്തുത പത്രത്തിന്റെ എഡിറ്ററെയും പബ്ലിഷറെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഉര്‍ദു പത്രകര്‍ സംഘ് രംഗത്തെത്തിയിരുന്നു.

തനിക്ക് തെറ്റുപറ്റിയതാണെന്നും മതവികാരം വ്രണപ്പെടുത്തുകയെന്ന ലക്ഷ്യം തനിക്കുണ്ടായിരുന്നില്ലെന്നും അന്ന് ദാല്‍വി വിശദീകരണം നല്‍കിയിരുന്നു.

“ഞങ്ങളുടെ വാര്‍ത്ത ഇതായിരുന്നു, എല്ലാവര്‍ഷവും ഷാര്‍ലി ഹെബ്ദോയുടെ സര്‍ക്കുലേഷന്‍ 60,000 ആയിരുന്നു. പാരീസ് ആക്രമണത്തിനുശേഷം പുറത്തിറങ്ങിയ കോപ്പിയുടെ സര്‍ക്കുലേഷന്‍ 30 ലക്ഷമായി ഉയര്‍ന്നു. ആരോ ഈ വീക്ക്‌ലിക്ക് 10 ലക്ഷം നല്‍കിയെന്നു വാര്‍ത്ത പ്രചരിച്ചിരുന്നു. ആ ന്യൂസിനൊപ്പം ഞങ്ങളൊരു ഗ്രാഫിക് ഉപയോഗിച്ചു. അതിനുവേണ്ടി ആ കാര്‍ട്ടൂണ്‍ ഉപയോഗിച്ചു. ഒരുപക്ഷേ അത് എന്റെ ഭാഗത്തുനിന്നു വന്ന തെറ്റായിരിക്കാം.” ഇതായിരുന്നു ദാല്‍വിയുടെ പ്രതികരണം.

We use cookies to give you the best possible experience. Learn more