| Friday, 13th December 2024, 12:14 pm

രാജ്യസഭയില്‍ ബഹളം; പ്രതിപക്ഷം തനിക്കെതിരെ നടത്തുന്നത് ആസൂത്രിത നീക്കമെന്ന് ജഗ്ദീപ് ധന്‍കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭയില്‍ ബഹളം. രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് കടുത്ത വിമര്‍ശനവുമായി ബി.ജെ.പി. ധന്‍കറിനെ അപമാനിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും ബി.ജെ.പി ആരോപിച്ചു.

അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തിനെ ജഗ്ദീപ് ധന്‍കറും വിമര്‍ശിച്ചു. തനിക്കെതിരായ പ്രതിപക്ഷത്തിന്റെ വിമര്‍ശനം അതിരുകടന്നതായും ആസൂത്രിതമായ നീക്കം നടത്തുന്നതായും ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

രാജ്യസഭാ ചെയര്‍മാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധന്‍കര്‍ ഉപരിസഭയിലെ പ്രതിപക്ഷത്തോട് പക്ഷപാതിത്വപരമായി പെരുമാറുന്നുവെന്ന് കാണിച്ചാണ് ഇന്ത്യാ സഖ്യത്തിലെ എം.പിമാര്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം നടത്തിയത്.

ഉപരാഷ്ട്രപതിയെ പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളുള്‍പ്പെടുന്ന ഭരണഘടനയുടെ 67 (ബി) അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യ സഖ്യം ധന്‍കറിനെതിരേയുള്ള അവിശ്വാസ പ്രമേയം തയ്യാറാക്കിയിരുന്നത്.

ജഗ്ദീപ് ധന്‍കര്‍ ഇന്ത്യാ സഖ്യത്തിന്റെ പ്രസംഗങ്ങള്‍ക്കിടയില്‍ തടസം സൃഷ്ടിക്കുന്നുവെന്നും നിര്‍ണായക വിഷയങ്ങളില്‍ സംവാദം നടത്താന്‍ അനുവദിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

തര്‍ക്കങ്ങളിലും ചര്‍ച്ചകളിലും ഭരണകക്ഷിക്ക് അനുകൂലമായി പെരുമാറുന്നുവെന്നും ഇന്ത്യാ സഖ്യം പറയുകയുണ്ടായി.

പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനായി എഴുന്നേല്‍ക്കുമ്പോള്‍ പാര്‍ലമെന്ററി കണ്‍വെന്‍ഷന്‍ നിര്‍ബന്ധമാക്കിയെന്നും പ്രസംഗങ്ങള്‍ തടസപ്പെടുത്തുവെന്നും മൈക്ക് ഓഫാക്കി എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ ധന്‍കറിനെകതിരെ ഉയര്‍ത്തിയിരുന്നു.

Content Highlight: Uproar in the Rajya Sabha; Jagdeep Dhankar says that the opposition is making a planned move against him

We use cookies to give you the best possible experience. Learn more